ഫുട്ബോളിന്‍റെ അപ്രവചനീയതയിൽ ബെൽജിയം കറുത്ത കുതിരകളാകുന്നത് എങ്ങിനെയെന്നാൽ

എല്ലാ പൊസിഷനിലും ഒരു മാച്ച് വിന്നർ – റഷ്യ 2018 ലെ ബെൽജിയത്തെ നമ്മുക്ക് അങ്ങിനെ വിശേഷിപ്പിക്കാം. ഒരു ദശകമായി രാജ്യാന്തര ഫുട്ബോൾ മത്സരങ്ങൾ വീക്ഷിക്കുന്ന ഒരു ശരാശരി ഫുട്ബോൾ പ്രേമി ബെൽജിയത്തെ പറ്റിയുളള ഈ വിശേഷണത്തിന് എതിര് പറയാനിടയില്ല.

രണ്ട് ലോകകപ്പുകളിലായി ബെൽജിയത്തിന്‍റെ കൈയ്യെത്തും ദൂരത്തായിരുന്നു കിരീടം. ഫിഫാ റാങ്കിംഗ് പ്രകാരം ലോകത്തെ മൂന്നാമത്തെ മികച്ച ടീമാണ് ബെൽജിയം. ഈ ലോകകപ്പിലും ബെൽജിയം ടീം കസറും. പക്ഷെ ആ കസറൽ ബ്രസീൽ, സ്പെയിൻ, ജർമ്മനി എന്നീ ടീമുകളെ മറികടക്കുംവിധമാകുമോയെന്നാണ് കണ്ടറിയേണ്ടത്.

ഒരു ദശകമായി ബെൽജിയത്തിന്‍റെ സുവർണതാരകങ്ങൾ തങ്ങളുടെ ആയുധശേഖരം തുടച്ചുമിനുക്കുകയാണ്. ബ്രസീൽ ലോകകപ്പിൽ അവർക്ക് പൂർണതയുണ്ടായിരുന്നില്ല. ഖത്തറിൽ അവർ പ്രതാപത്തിന്‍റെ മൂർദ്ധന്യാവസ്ഥയിൽ ആയിരുന്നില്ല. എന്നാലിന്ന് റഷ്യയിൽ അവരെ പോലെ തികഞ്ഞ ടീം വിരളം.

കോച്ച് ഹാവി മാർട്ടിനേസിനെ വലയ്ക്കുന്ന പ്രശ്നം വലുതാണ്. നിരവധി പ്രതിഭാധനരിൽ നിന്ന് ആരെയൊക്കെ കളിപ്പിക്കണം എന്നത് വലിയൊരു പരീക്ഷണമാണ്. ആരാധകരുടെ ഭ്രാന്തായ റാഡ്ജ നൈൻഗോളാനെ വീട്ടിലിരുത്തിയാണ് ഹാവി മാർട്ടിനേസ് റഷ്യയിലേക്ക് തിരിച്ചത്. ക്രിസ്റ്റ്യൻ ബെന്‍റക്കിന്‍റേയും സ്ഥിതി വ്യത്യസ്തമല്ല. തൊർഗാൻ ഹസാർഡും ടീംതെരഞ്ഞെടുപ്പിൽ കയ്പ് നീര് കുടിച്ചു.

ആറടി ആറിഞ്ചുകാരൻ തൈബോസ് കോർട്ടോസാണ് ബെൽജിയത്തിന്‍റെ ഗോൾവല കാക്കുക. ചെൽസിയയുടെ സ്റ്റാർ ഗോൾകീപ്പറാണ് താരം. പകരക്കാരൻ സിമോൺ മഗ്നോലിയ ആകട്ടെ ലിവർപൂളിന്‍റെ ചങ്കൂം കരളും.

കോർട്ടോസിന്‍റെ സംരക്ഷകരായി ബാക്ക് വിംഗിൽ അണിനിരക്കുക പരിക്കില്ലെങ്കിൽ വിൻസെന്‍റ് കോമ്പനായാകും. ടോട്ടെൻഹാം ജോഡി ടോബി ആൾഡർവെയേർഡും ജാൻ വെർട്ടോംഗേനും വിൻസെന്‍റിന് കൂട്ട് നൽകും.

ഈ ലോകകപ്പിന്‍റെ തന്നെ അത്ഭുതമാകാൻ സാധ്യതയുളള തോമസ് മീനിയറിനൊപ്പം അത്ലറ്റിക്കോയുടെ യാനിക്ക് കരാസ്കോ വിംഗ് ഡിഫൻസിലുണ്ടാകും. കെവിൻ ഡെ ബ്രൂണേ, അക്സൽ വിറ്റ്സൽ എന്നിവർ മധ്യനിരയിൽ നിറഞ്ഞു കളിക്കും.

ഗോൾവല ചലിപ്പിച്ച് തുടങ്ങുന്നതാകട്ടെ ചെൽസിയ താരം ഈഡന്‍ ഹസാർഡും നപ്പോളിയുടെ ഡ്രിയസ് മെർട്ടിൻസും മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റൊമേലു ലുകാകവും.

യോഗ്യത മത്സരങ്ങളിൽ ബെൽജിയം അപരാജിതർ ആണ്, ഗ്രൂപ്പ് ചാമ്പ്യന്മാരും. ഇരുപത്തിയെട്ട് പോയിന്‍റാണ് 10 മത്സരങ്ങളിൽ നിന്ന് ബെൽജിയം വാരിക്കൂട്ടിയത്. 9 മത്സരങ്ങളിൽ വിജയിച്ചും ഒന്നിൽ സമനില പിടിച്ചുമാണ് ബെൽജിയം റഷ്യൻ ജൈത്രയാത്ര ആരംഭിച്ചിരിക്കുന്നത്. ബെൽജിയത്തിന്‍റെ പന്ത്രണ്ടാം ലോകകപ്പ് ടൂർണമെന്‍റാണിത്. 1986ലെ മെക്സിക്കൻ ലോകകപ്പിൽ അവസാന നാലില്‍ ബെൽജിയിൻ സ്ക്വാഡ് ഇടംപിടിച്ചിരുന്നു.

ഇംഗ്ലണ്ട്, പനാമ, ടുണീഷ്യ എന്നിവരാണ് ഗ്രൂപ്പ് ഘട്ടത്തിൽ ബെൽജിയത്തിന്‍റെ എതിരാളികൾ.ഇംഗ്ലണ്ട് മാത്രമാണ് ഈ ഘട്ടത്തിൽ ബെൽജിയത്തിന് വെല്ലുവിളിയായുളളത്. നോക്കൗട്ട് ഘട്ടമാവും ബെൽജിയത്തിന് വലിയ വെല്ലുവിളി ഉയർത്തുക.

മുന്നിൽ വരാൻ സാധ്യതയുളളവരാകട്ടെ ബ്രസീൽ, പോർച്ചുഗൽ അല്ലെങ്കിൽ ഫ്രാൻസ്. മൂന്നു ടീമും ലോകകപ്പ് നേടാൻ സാധ്യതയുളളവരെന്ന് പരിഗണിക്കപ്പെടുന്നവർ.

ലോകകപ്പ് കളിക്കാനുളള മികച്ച പ്രായമായി കണക്കാക്കുന്നത് 27.5 വയസാണ്. ബെൽജിയം ടീമിന്‍റെ ശരാശരിയാകട്ടെ 27.6ഉം. ബെൽജിയത്തിന്‍റേത് യുവനിര തന്നെ, എന്നാൽ ലോകകപ്പ് പോലുളള വലിയ ടൂർണമെന്‍റുകൾ കളിച്ച് പരിചയമുളള നിരവധി പേരും ബെൽജിയം ടീമിലുണ്ട്.

അനുഭവ സമ്പത്തും പുതുരക്തവും സമാസമം ചേർന്നൊരു ടീമാണ് ബെൽജിയമിന്ന്. ആ രാജ്യത്തിന്‍റെ കായിക ചരിത്രത്തിന്‍റെ സുവർണ താളുകളിൽ എ‍ഴുതിച്ചേർക്കേണ്ട അധ്യായമെ‍ഴുതാൻ യോഗ്യരായ ടീം. പിന്നെ ഫുട്ബോളാണ് കളി, ഒന്നും പ്രവചിക്കാനാവില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News