വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് സ്വകാര്യ സ്ഥാപനം ലക്ഷങ്ങള്‍ തട്ടിയെടുത്തു; സംഭവം പാലക്കാട്

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പാലക്കാട്ടെ സ്വകാര്യ സ്ഥാപനം ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥാപനത്തില്‍ റെയ്ഡ് നടത്തി സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്ഥാപനത്തിന്‍റെ നടത്തിപ്പുകാര്‍ ഒളിവിലാണ്.

പാലക്കാട് കല്‍മണ്ഡപത്ത് പ്രവര്‍ത്തിക്കുന്ന എന്‍സാറ്റ ഗ്ലോബല്‍ ടെക്നോളജീസാണ് നിരവധി പേരെ വഞ്ചിച്ചതായി കണ്ടെത്തിയിരിക്കുന്നത്. കേരളത്തില്‍ നിന്നും തമി‍ഴ്നാട്ടില്‍ നിന്നുമുള്ളവരാണ് തട്ടിപ്പിനിരയായത്. വിദേശത്ത് ഉയര്‍ന്ന ശന്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുകയായിരുന്നു.

25,000 രൂപ മുതല്‍ 3 ലക്ഷം രൂപ വരെ നല്‍കി മാസങ്ങളായിട്ടും വിസ ലഭിക്കാത്തതിനെ തുടര്‍ന്ന് തട്ടിപ്പിനിരയായവര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. മലന്പു‍ഴ സ്വദേശികളായ രാജേഷ്, സുരേഷ് എന്നീ സഹോദരങ്ങളാണ് സ്ഥാപനത്തിന്‍റെ നടത്തിപ്പുകാര്‍. ജോലി ആവശ്യപ്പെട്ട് പരസ്യം ചെയ്യുന്ന ആളുകളെ കണ്ടെത്തിയായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

സ്ഥാപനത്തില്‍ നടത്തിയ റെയ്ഡില്‍ നൂറുകണക്കിന് പാസ്പോര്‍ട്ടുകളും രേഖകളും കണ്ടെടുത്തു. സ്ഥാപനം ഇതുവരെ ആരെയും ജോലിക്കായി വിദേശത്തേക്കയച്ചിട്ടില്ലെന്നാണ് സ്ഥാപനത്തിലെ ജീവനക്കാര്‍ മൊ‍ഴി നല്‍കിയിരിക്കുന്നത്. തെളിവുകള്‍ ശേഖരിക്കുന്നതിനായി ഓഫീസിലെ കന്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കുകളും സിസിടിവി ദൃശ്യങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ഒളിവില്‍ പോയ രാജേഷിന്‍റെയും സുരേഷിന്‍റെയും മലന്പു‍ഴയിലെ വീട്ടിലും പോലീസ് റെയ്ഡ് നടത്തി. തുടരന്വേഷണത്തില്‍ മാത്രമേ എത്രപേര്‍ക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ട് എന്നുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News