അരവിന്ദ് കേജരിവാളിന്‍റെ സമരം അഞ്ചാം ദിവസത്തിലേക്ക്; ചര്‍ച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ആംആദ്മി

ദില്ലി ലഫ്റ്റനന്‍റ് ഗവര്‍ണറുടെ വസതിയില്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മറ്റ് മൂന്ന് മന്ത്രിമാരും നടത്തുന്ന ധര്‍ണ അഞ്ചാം ദിവസത്തിലേക്ക് കടന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ അപ്രഖ്യാപിത സമരത്തിലൂടെ ഉദ്യോഗസ്ഥര്‍ തടയുകയാണെന്ന് ആരോപിച്ചാണ് കേജരിവാളിന്റെ നേതൃത്വത്തില്‍ ധര്‍ണ നടത്തുന്നത്.

ഇന്നും ചര്‍ച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ നാളെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ആംആദ്മി പ്രവര്‍ത്തകര്‍ അറിയിച്ചു.

നാലുമാസമായി ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക, റേഷനടക്കമുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കലെത്തിച്ചു നല്‍കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കുക, എന്നീ ആവശ്യങ്ങളനുയച്ച് നടക്കുന്ന ധര്‍ണ അഞ്ചാം ദിവസത്തിലേക്ക് കടന്നു.

മന്ത്രി സത്യേന്ദ്ര ജയിനിനു പിന്നാലെ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ കൂടി കഴിഞ്ഞ ദിവസം മുതല്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങി. സത്യേന്ദ്ര ജയിന്റെ പ്രമേഹം അപകടനിലയിലാണെന്നും ഉടന്‍ ആശുപ്രതിയില്‍ പ്രവേശിപ്പിക്കണമെന്നും ഡോക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ദില്ലി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രം ഇടപെടുന്നതിനെതിരേയും മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന ധര്‍ണ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കാത്തതിനുമെതിരെ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി.

പക്ഷേ പ്രശ്‌നപരിഹാരത്തിന് ഇടപെടാതെ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജാലും കേന്ദ്രസര്‍ക്കാരും ഒഴിഞ്ഞുമാറുകയാണ്.എന്നാല്‍ സമരം വിജയം കാണുന്നത് വരെ ധര്‍ണയുമായി മുന്നോട്ട് പോവാനാണ് മന്ത്രിമാരുടെ തീരുമാനം.

ദില്ലിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കണമെന്ന ആവശ്യം കേജരിവാളിന്റെ സര്‍ക്കാര്‍ ശക്തമാക്കിയതോടെ ബിജെപിക്കാര്‍ മുഖ്യമന്ത്രി ഓഫീസിന് മുന്നില്‍ നടത്തുന്ന സമരം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വിജേന്ദര്‍ ഗുപ്ത, എംഎല്‍എ മജീന്ദര്‍ സിങ് സിര്‍സ എന്നിവരുടെ നേതൃത്വത്തിലാണ് കേജരിവാളിന്റെ ഓഫീസിന് പുറത്ത് ധര്‍ണ നടക്കുന്നത്.

കുടിവെള്ളക്ഷാമം പരിഹരിക്കുക, സര്‍ക്കാരിന്റെ സ്തംഭനാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യം ഉന്നയിച്ചാണ് അനിശ്ചിതകാല ധര്‍ണ. മുഖ്യമന്ത്രിയുടെ ധര്‍ണയ്‌ക്കെതിരെ കൊടുത്ത ഹര്‍ജി ദില്ലി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News