പൊതുവിദ്യാലയങ്ങളില്‍ രാജ്യാന്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം സര്‍ക്കാര്‍ ലക്ഷ്യം: വീണാ ജോര്‍ജ് എംഎല്‍എ

കേരളത്തിലെ പൊതുവിദ്യാഭ്യാസം രാജ്യാന്തര നിലവാരത്തിലേക്ക് എത്തിക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. കേരള സിലബസില്‍ കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ഇലവുംതിട്ട പ്രദേശത്തെ പത്താം ക്ലാസ്, പ്ലസ് ടു വിദ്യാര്‍ഥികളെ മൂലൂര്‍ സ്മാരക സമിതിയും മൂലൂര്‍ സ്മാരക കമ്മിറ്റിയും സംയുക്തമായി അനുമോദിക്കുന്ന പരിപാടി ഇലവംതിട്ട മൂലൂര്‍ സ്മാരക ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎല്‍എ.

രണ്ടു വര്‍ഷം കൊണ്ട് സംസ്ഥാനത്തെ ഭൂരിഭാഗം പൊതു വിദ്യാലങ്ങളിലെയും ക്ലാസ്മുറികള്‍ ഹൈടെക് ആക്കി മികവിന്റെ കേന്ദ്രങ്ങളാക്കി. ക്ലാസ് മുറികളില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങളും സര്‍ക്കാര്‍ ഉറപ്പാക്കി. ജില്ലയില്‍ തന്നെ പുതിയ അധ്യയന വര്‍ഷത്തില്‍ നിരവധി ഹൈടെക് ക്ലാസ്മുറികള്‍ ഉദ്ഘാടനം ചെയ്തു.

എട്ടു മുതല്‍ 10 വരെയുള്ള ക്ളാസ് മുറികള്‍ മുഴുവന്‍ സര്‍ക്കാര്‍ ഡിജിറ്റലൈസേഷന്‍ ചെയ്തു കൊണ്ടിരിക്കുകയാണ്. എല്‍പി, യു പി. സ്‌കൂളുകളുടെ ഡിജിറ്റലൈസേഷന് എംഎല്‍എ ആസ്തി വികസന ഫണ്ടും പ്രയോജനപ്പെടുത്തുന്നുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തില്‍ ഈ വര്‍ഷം വന്‍ വര്‍ധനവാണ് ഉണ്ടായത്. ഇത് സര്‍ക്കാരിന്റെ വലിയ നേട്ടം തന്നെയാണെന്നും എംഎല്‍എ പറഞ്ഞു.

നൂറു ശതമാനം വിജയം നേടിയ എസ് എന്‍ ഡി പി എച്ച് എസ് എസ് മുട്ടത്തുകോണം, സി എം എസ് എച്ച് എസ് എസ് കുഴിക്കാല എന്നീ വിദ്യാലയങ്ങളെയും ചടങ്ങില്‍ അനുമോദിച്ചു.
വിശ്വഗുരു എന്ന ചിത്രത്തില്‍ കുമാരനാശാനായി വേഷമിട്ട് ഗിന്നസ് ബുക്കില്‍ ഇടം നേടിയ കലാനിലയം രാമചന്ദ്രന്‍ ആശാനെ എം ജി സോമന്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.

സമ്മേളനത്തില്‍ മൂലൂര്‍ സ്മാരകം പ്രസിഡന്റ് കെ സി രാജഗോപാലന്‍ അധ്യക്ഷത വഹിച്ചു. മെഴുവേലി ഗ്രാമപഞ്ചായത് പ്രസിഡന്റ് എന്‍ ഗോപാലകൃഷ്ണ കുറുപ്പ്, വൈസ് പ്രസിഡന്റ് എന്‍ സുലോചന, പന്തളം ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് പി കെ തങ്കമ്മ, ജില്ലാ പഞ്ചായത്ത് അംഗം വിനീത അനില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പിങ്കി ശ്രീധര്‍, മൂലൂര്‍ സ്മാരക സെക്രട്ടറി പ്രൊഫ ഡി പ്രസാദ്, ബുക്ക് മാര്‍ക്ക് സെക്രട്ടറി എ ഗോകുലേന്ദ്രന്‍, സലിം കാമ്പിശേരി , മൂലൂര്‍ സ്മാരക സമിതി സെക്രട്ടറി വി വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News