‘കാലവര്‍ഷക്കെടുതിയില്‍പ്പെട്ടവര്‍ക്കുള്ള ധനസഹായം അടിയന്തരമായി വിതരണം ചെയ്യും; ധനസഹായം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം മന്ത്രിസഭായോഗത്തിന് ശേഷം’: പിണറായി

കാലവര്‍ഷക്കെടുതിയില്‍പ്പെട്ടവര്‍ക്കുള്ള ധനസഹായം അടിയന്തരമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിൽ നൽകുന്ന ധനസഹായം പര്യാപ്തമല്ലെന്നും തുക വര്‍ദ്ധിപ്പിച്ചു നല്‍കുന്നതിനെക്കുറിച്ച് മന്ത്രിസഭായോഗം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവിധ ജില്ലകളിലെ നാശനഷ്ടങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി വിലയിരുത്തി. സംസ്ഥാനത്ത് കാലവര്‍ഷക്കെടുതികളില്‍പ്പെട്ടവര്‍ക്കുള്ള ധനസഹായം അടിയന്തരമായി വിതരണം ചെയ്യാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാരോട് നിര്‍ദേശിച്ചത്.

മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് നല്കിവരുന്ന ധനസഹായത്തിന് പുറമേ വീടുകള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടവര്‍ക്കും കൃഷിനാശം സംഭവിച്ചവര്‍ക്കും ഇപ്പോള്‍ നല്‍കുന്നതിനേക്കാള്‍ ഭേദപ്പെട്ട നഷ്ടപരിഹാരം നല്‍കും.

ധനസഹായം എത്രത്തോളം വര്‍ദ്ധിപ്പിച്ചു നല്‍കാമെന്നതിനെക്കുറിച്ച് മന്ത്രിസഭായോഗം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ ജില്ലകളിലെ നാശനഷ്ടങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും വീഡിയോ കോണ്‍ഫറന്‍സിലൂടെ വിലയിരുത്തി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നിലവിൽ ക്യാമ്പുകളില്‍ താമസിക്കുന്നവർക്ക് നല്ല ഭക്ഷണം ലഭ്യമാക്കണമെന്നും അവരുടെ ആരോഗ്യസ്ഥിതി പരിശോധിച്ച് ആവശ്യമെങ്കിൽ ചികിത്സ ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി കളക്ടര്‍മാരോട് നിര്‍ദ്ദേശിച്ചു. ക്യാമ്പുകളിൽ രോഗബാധ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ആദിവാസികള്‍ക്ക് നല്‍കി വരുന്ന സൗജന്യ റേഷന്‍ വീടുകളിലെത്തിക്കാന്‍ നടപടി ഉണ്ടാകണം.

വൈദ്യുതി ലഭ്യതയുടെ കാര്യത്തിലും ജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുത്. വെള്ളപ്പൊക്കം മൂലം കിണര്‍ മലിനമായ സ്ഥലങ്ങളില്‍ ശുദ്ധജലം വിതരണം ചെയ്യാന്‍ അടിയന്തര നടപടി സ്വീകരിക്കണം.

റോഡുകളുടെ തകര്‍ച്ച പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം. വയനാട് താമരശ്ശേരി ചുരം റോഡ് ഗതാഗതയോഗ്യമാക്കാന്‍ പ്രത്യേക ശ്രദ്ധ വേണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചീഫ് സെക്രട്ടറിയെയും യോഗത്തിൽ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.

മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍ കാസര്‍ഗോഡ് നിന്നും ടി.പി. രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ കോഴിക്കോട് നിന്നും റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ കോട്ടയത്തു നിന്നും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News