ദളിതർക്കു നീതി കിട്ടാനുള്ള പോരാട്ടം തുടരുകതന്നെ വേണം; ഇതിന് ശക്തിപകരാൻ എല്ലാ ജനാധിപത്യവിഭാഗങ്ങളും സംഘടനകളും മുന്നോട്ടുവരണം: പ്രകാശ് കാരാട്ട്

പട്ടികവിഭാഗങ്ങൾക്കുനേരെയുള്ള അതിക്രമങ്ങൾ തടയുന്ന നിയമം (പിഒഎ) ദുർബലമാക്കുന്ന സുപ്രീംകോടതി വിധിക്കെതിരെ ഏപ്രിൽ രണ്ടിനാണ‌് ഭാരത് ബന്ദ് നടന്നത‌്. ബിജെപി ഭരണം നടത്തുന്ന ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ദളിതർക്കെതിരെ ക്രൂരമായ ആക്രമണങ്ങൾ ഇപ്പോഴും നടക്കുകയാണ്.

ബിജെപി നേതൃത്വത്തിലുള്ള സർക്കാരുകളുടെ ദളിത് വിരുദ്ധതയുടെ ആഴം എത്രയുണ്ടെന്ന് ബോധ്യപ്പെടുത്തുന്നതും ഹിന്ദുത്വശക്തികളുടെ സവർണവർഗാഭിമാനം പ്രദർശിപ്പിക്കുന്നതുമാണ് ഈ നടപടി.

ബന്ദ് ദിനത്തിൽ എട്ടു ദളിതരാണ് കൊല്ലപ്പെട്ടത്. ഇതിൽ ചിലരെ വധിച്ചത് ആർഎസ്എസ് ഗുണ്ടകളാണ്. കൊലപാതകത്തിന് ഉത്തരവാദികളായ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പിഒഎ അനുസരിച്ച് ചില കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭിച്ചെങ്കിലും സംസ്ഥാന സർക്കാരുകൾ നഷ്ടപരിഹാരമൊന്നും പ്രഖ്യാപിച്ചില്ല.

മധ്യപ്രദേശിൽ ഏപ്രിൽ രണ്ടിന് ദളിതർക്കുനേരെ വെടിവയ‌്ക്കുകയും അവരെ ലാത്തി ഉപയോഗിച്ച് മർദിക്കുകയും ചെയ്തവരെ ഇതുവരെയും അറസ്‌റ്റ‌് ചെയ്തിട്ടില്ല. ഏപ്രിൽ മൂന്നിന് ദളിതരെ കസ്റ്റഡിയിലെടുത്ത് ഗ്വാളിയോർ കോടതിയിൽ ഹാജരാക്കവെ അഭിഭാഷകരും അവരെ ക്രൂരമായി മർദിച്ചു.

അവർക്കെതിരെയും നടപടിയുണ്ടായില്ല. ഏപ്രിൽ മൂന്നിനുതന്നെ രാജസ്ഥാനിൽ ഒരു ബിജെപി ദളിത് എംഎൽഎയുടെയും ദളിതനായ ഒരു മുൻ കോൺഗ്രസ് എംഎൽഎയുടെയും വീട‌് ഒരു സംഘം ആളുകൾ തകർത്തു.

ആർക്കെതിരെയും ഒരു നടപടിയും കൈക്കൊണ്ടില്ല. ഒരാൾപോലും അറസ്റ്റ് ചെയ്യപ്പെട്ടില്ല. ഉത്തർപ്രദേശിലും ബന്ദിനുശേഷം ദളിതർ ആക്രമിക്കപ്പെടുകയും അവരുടെ വീടുകൾ തകർക്കപ്പെടുകയും ചെയ‌്തു. ഒരു ദളിത് പ്രവർത്തകൻ കൊല്ലപ്പെട്ടു. ഇയാൾക്ക് ‘മരണശിക്ഷ വിധിക്കുകയായിരുന്നുവെന്ന്’ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകപോലുമുണ്ടായി. ആരും അറസ്റ്റ് ചെയ്യപ്പെട്ടില്ല.

ഏപ്രിൽ രണ്ടിനുതന്നെ മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ ദളിതർക്കുനേരെ ആക്രമണമുണ്ടായി. ജനുവരി ഒന്നിന് ഭീമ കൊറേഗാവ് സംഭവവുമായി ബന്ധപ്പെട്ട് ചിലരെ അറസ്റ്റ് ചെയ‌്തത് സർക്കാരിന്റെ ജാതിചിന്തയും ദളിത‌്‌വിരുദ്ധ നിലപാടും പുറത്തുകാട്ടുകയായിരുന്നു. ആക്രമണത്തിനും കൊള്ളിവയ‌്പിനും കാരണക്കാരനായ സംബാജി ഭീഡേയെ ഇനിയും അറസ‌്റ്റ് ചെയ്തിട്ടില്ല.

പ്രധാനമന്ത്രിയുടെ ‘ഗുരു’വെന്ന‌് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തികൂടിയാണിയാൾ. വിദ്വേഷത്തിന്റെ വിഷം വമിപ്പിച്ച മിലിന്ദ് എക്‌ബോതെ എന്ന പ്രധാന പ്രതി മറ്റുള്ളവരൊപ്പം ജാമ്യത്തിലിറങ്ങി. രാജ്യത്ത് ഏറ്റവും കൂടുതൽ പീഡനത്തിന് വിധേയരാകുന്ന ദളിതർ സങ്കൽപ്പിക്കാൻപോലും കഴിയാത്ത അന്യായത്തിന് വിധേയരാവുകയാണിപ്പോൾ.

ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ അധികാരത്തിൽ വന്നപ്പോൾത്തന്നെ അതിന്റെ ദളിത്‌വിരുദ്ധ മുഖം പ്രകടമായിരുന്നു. ദളിതർക്കെതിരെ ആക്രമണം നടത്തുന്നതിന് സവർണജാതിക്കാരെ പ്രേരിപ്പിക്കുകയും അവർ ശിക്ഷിക്കപ്പെടില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.

ദേശീയസുരക്ഷാ നിയമം ചുമത്തി ഭീം ആർമി നേതാവ് ചന്ദ്രശേഖറിനെയും മറ്റു രണ്ടുപേരെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചിട്ട് ഒരുവർഷത്തിലേറെയായി. ഏപ്രിൽ രണ്ടിനുശേഷം പശ്ചിമ യുപിയിലെമ്പാടും ദളിതർ ആക്രമിക്കപ്പെടുകയാണ്. അവർ വീടും കുടിയും ഉപേക്ഷിക്കാൻ നിർബന്ധിക്കപ്പെട്ടു. കുറ്റകൃത്യങ്ങൾ നടത്തിയെന്ന് ആരോപിച്ച് നിരവധി ദളിത് യുവാക്കളെ ജയിലിലടച്ചു. പ്രായപൂർത്തിയാകാത്തവർപോലും ഇതിൽപ്പെടും.

ആധാർ കാർഡിലെ വയസ്സ് തെളിവായി സ്വീകരിക്കാൻപോലും വിസമ്മതിച്ചാണ‌് ഇവരെ പ്രായപൂർത്തിയായവർക്കൊപ്പം ജയിലിൽ അടച്ചത‌്. ജാമ്യ അപേക്ഷകൾ യഥാസമയം പരിശോധിക്കാൻ തയ്യാറാകുന്നില്ല. കോടതികളാകട്ടെ ഇവ സ്വീകരിക്കുന്നുമില്ല.

രാജസ്ഥാനിൽ ഏപ്രിൽ രണ്ടിനുശേഷം മാത്രം 33 ജില്ലകളിലായി 436 ദളിതരെയും ആദിവാസികളെയും അറസ്‌റ്റ‌് ചെയ്തു. ദളിത് ശോഷൻ മുക്തി മഞ്ച് ഉൾപ്പെടെ നിരവധി ദളിത് ആദിവാസി സംഘടനകൾ ഉൾക്കൊള്ളുന്ന ദളിത്, ആദിവാസി, ന്യൂനപക്ഷ അടിച്ചമർത്തലിനെതിരെയുള്ള പ്രസ്ഥാനം ഏപ്രിൽ രണ്ടിന്റെ ബന്ദിനുശേഷം ദളിതർക്കെതിരെ അന്യായമായി കേസുകൾ കൈകാര്യം ചെയ്യാൻ തീരുമാനിച്ചു.

ജയിലിൽ കിടക്കുന്നവർക്കുപുറമെ നിരവധി പട്ടികജാതി‐വർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥരും ഭീഷണി നേരിടുകയാണ്. ഇവരുടെ സംഘടിത ശ്രമത്തിന്റെ ഭാഗമായി ജയിലിലടയ‌്ക്കപ്പെട്ടവർ ജാമ്യത്തിൽ ഇറങ്ങിക്കൊണ്ടിരിക്കുകയാണിപ്പോൾ. ഈ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ, നീതിക്കുവേണ്ടിയുമുള്ള പോരാട്ടം തുടരുകയാണ്.

മധ്യപ്രദേശിൽ മൂന്നു ജില്ലകളിലായി നാനൂറിലധികം ദളിതർ ജയിലിലാണ്. പൊലീസ് എഫ്‌ഐആറിൽ ‘അറിയപ്പെടാത്തവർ’ എന്ന‌് രേഖപ്പെടുത്തിയതിന്റെ മറവിൽ ആയിരക്കണക്കിന് ദളിതർ നിത്യേനയെന്നോണം പീഡനത്തിന് വിധേയരാവുകയാണ്.

സിപിഐ എമ്മും ഡിഎസ്എംഎമ്മും തുടർച്ചയായി ഇടപെട്ടതിന്റെ ഫലമായി രണ്ടോ മൂന്നോ അറസ്റ്റ് രേഖപ്പെടുത്തുകയുണ്ടായെങ്കിലും പൊലീസിന്റെ പീഡനം തുടരുകയാണ്. കീഴ്‌ക്കോടതികളിൽ നൽകിയ എല്ലാ ജാമ്യാപേക്ഷകളും തള്ളി.

പൊലീസ് ആവശ്യമായ രേഖകൾ സമർപ്പിക്കാത്തതിനെതുടർന്നാണിത്. ദൗർഭാഗ്യമെന്ന് പറയട്ടെ ഹൈക്കോടതിയും ജാമ്യാപേക്ഷകൾ സ്വീകരിക്കാൻ വിസമ്മതിക്കുകയാണ്.

മഹാരാഷ്ട്രയിലെ ബിജെപി സർക്കാരാകട്ടെ ഭീമ കൊറേഗാവ് ആഘോഷവേളയിൽ ആക്രമിക്കപ്പെടുകയും വധിക്കപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവർക്ക‌് നീതി ആവശ്യപ്പെട്ട് പ്രവർത്തിക്കുന്ന അഞ്ചുപേരെ അറസ‌്റ്റ് ചെയ്യുകയുണ്ടായി.

ഇവർ ‘നഗരമാവോയിസ്റ്റു’കളാണെന്നും രാജ്യദ്രോഹപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരാണെന്നുമാണ് ആദ്യം പറഞ്ഞത്. എന്നാലിപ്പോൾ പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. ഇതിന്റെ ഫലമായി ഡ്രാക്കോണിയൻ യുഎപിഎ നിയമം ഇവർക്കെതിരെ ചുമത്തി.

ദളിതരുടെ ക്ഷേമത്തെക്കുറിച്ച് വാചാലമാകുന്ന ബിജെപിയുടെ കാപട്യം തുറന്നുകാണിക്കുകതന്നെ വേണം. ബിജെപി സംസ്ഥാന സർക്കാരുകളുടെ പ്രതികാരത്തോടെയുള്ള, നീതിക്ക് നിരക്കാത്ത നടപടികളെയും ശക്തമായ ഭാഷയിൽ അപലപിക്കണം. നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുകതന്നെ വേണം.

ഇതിന് ശക്തിപകരാൻ എല്ലാ ജനാധിപത്യവിഭാഗങ്ങളും സംഘടനകളും മുന്നോട്ടുവരണം. ദളിതരുടെ പോരാട്ടത്തെ അടിച്ചൊതുക്കാനാകില്ല. കാരണം ദളിതരിൽ പ്രത്യേകിച്ചും യുവാക്കളിൽ പുതിയ ദിശാബാധം കൈവന്നിരിക്കുകയാണിപ്പോൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News