കരിപ്പൂര്‍ വിമാനത്താവളം; കാറ്റഗറിയില്‍ മാറ്റം വരുത്തിയ നടപടി പ്രതിഷേധാത്മകം: സിപിഐഎം

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ കാറ്റഗറിയില്‍ മാറ്റം വരുത്തിയ നടപടിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ സ്ഥാനം നേരത്തെയുണ്ടായിരുന്ന കാറ്റഗറി 9 ല്‍ നിന്ന്‌ 7 ആയി കുറച്ചിരിക്കുകയാണ്‌. ഇതുമൂലം ഇനിമുതല്‍ 180 പേര്‍ക്ക്‌ യാത്രചെയ്യാവുന്ന എയര്‍ ക്രാഫ്‌റ്റുകള്‍ക്ക്‌ മാത്രമേ ഇനി കരിപ്പൂരില്‍ സര്‍വ്വീസ്‌ നടത്താന്‍ അനുമതി ലഭിയ്‌ക്കുകയുള്ളു.

ബോയിംഗ്‌ 747 ഇനത്തില്‍പ്പെട്ട വിമാനങ്ങള്‍ക്ക്‌ ഈ വിമാനത്താവളത്തില്‍ ഇനിയിറങ്ങാന്‍ സാധിക്കുകയില്ല. ഇത്‌ ഗള്‍ഫ്‌ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും, അവരുടെ കുടുംബാംഗങ്ങള്‍ക്കും വലിയ ബുദ്ധിമുട്ടാണ്‌ സൃഷ്‌ടിക്കാന്‍ പോകുന്നത്‌. മലബാര്‍ മേഖലയുടെ വികസനത്തിന്‌ ആക്കം കൂട്ടിയിരുന്ന വിമാനത്താവളത്തെ ഇല്ലാതാക്കാനുള്ള നടപടിയാണ്‌ കേന്ദ്ര – ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്‌.

ഇതിനെതിരെ ശക്തമായ ബഹുജന പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരണമെന്നും, വിമാനത്താവളത്തിന്റെ കാറ്റഗറി 9 ആയി നിലനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here