ബോക്സോഫീസ് റെക്കോർഡുകൾ തകർക്കാൻ അബ്രഹാമിന്‍റെ സന്തതികൾ; മലയാളത്തിന്‍റെ മഹാനടനിൽ നിന്ന് മറ്റൊരു സൂപ്പർഹിറ്റ് കൂടി

“താങ്കൾക്കെങ്ങിനെയറിയാം ഇനിയൊരു കൊലപാതകം കൂടി ഉണ്ടാവില്ല എന്ന് ?”പൊലീസ് ഓഫീസർ ഡെറിക് അബ്രഹാമിനോട് മാധ്യമ ചോദ്യം. “എനിക്കുറപ്പുണ്ട്,എന്‍റെ അച്ഛന്‍റെ പേര് അബ്രഹാം എന്നാണെന്ന്.”- ഡെറിക്കിന്‍റെ മറുപടി. ഒരേ രക്തവും ഒരേ സ്വഭാവവുമുളള രണ്ട് സഹോദരങ്ങളുടെ കഥ പറയുകയാണ് ഷാജി പാടൂർ സംവിധാനം ചെയ്ത അബ്രഹാമിന്‍റെ സന്തതികൾ.

ഡെറിക്ക് അബ്രഹാം ഒരു മികച്ച പൊലീസ് ഓഫീസർ ആണ്. കുറ്റാന്വേഷണത്തിന്‍റെ അവസാന വാക്ക്. ക്രിമിനലുകളുടെ പേടിസ്വപ്നമാണ് ഡെറിക്ക്. എന്നാൽ ഒരു കേസിന്‍റെ അന്വേഷണം നീളുന്നത് സ്വന്തം സഹോദരനായ ഫിലിപ്പിലേക്കാണെങ്കിലോ? സ്വന്തം പ്രൊഫഷനെ നെഞ്ചോട് ചേർക്കുന്ന ഡെറിക്കിനെ സഹോദരസ്നേഹം വലയ്ക്കുമോ? ഈ ചോദ്യങ്ങളുടെ ഉത്തരമാണ് അബ്രഹാമിന്‍റെ സന്തതികൾ.

ഡെറിക്കായി മമ്മൂട്ടിയും ഫിലിപ്പായി ആൻസൺ പോളും കഥാപാത്രങ്ങളാവുന്നു. പൊലീസുദ്യോഗസ്ഥനായി മമ്മൂട്ടി തകർത്തഭിനയിച്ചിരിക്കുകയാണ്. വൈകാരിക രംഗങ്ങളും ആക്ഷൻ രംഗങ്ങളും തന്മയത്വത്തോടെ മമ്മൂട്ടി കൈകാര്യം ചെയ്യുന്നു. നല്ല അഭിനേതാവ് തന്നിലുണ്ടെന്ന് ആൻസൺ പോളും തെളിയിക്കുന്നു.

തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകന്‍റെ ആകാംക്ഷ നിലനിർത്തുന്നതാണ് ചിത്രം. അടുത്ത നിമിഷം എന്താണ് സംഭവിക്കുകയെന്നത് ഊഹിക്കാൻ പോലും പ്രേക്ഷകന് അവസരം ലഭിക്കില്ല.

ഷാജി പാടൂരിന്‍റെ ആദ്യസംവിധാനസംരഭമാണിത്. ഒരിടത്തും പാളാതെ സിനിമ തന്‍റെ കൈയ്യിൽ തന്നെയാണെന്ന് സംവിധായകൻ തെളിയിക്കുന്നു. ഹനീഫ് അദേണിയുടെ തിരക്കഥയാണ് എടുത്തു പറയാവുന്ന മറ്റൊരു പ്രത്യേകത. പാത്രസൃഷ്ടിയിലും ആഖ്യാനത്തിലും വേറിട്ടൊരു ജീവൻ തിരക്കഥ ചിത്രത്തിന് നൽകുന്നു.

ഗോപീസുന്ദറിന്‍റെ പശ്ചാത്തല സംഗീതവും ആൽബിയുടെ ഛായാഗ്രഹണവും ചിത്രത്തെ മികവുറ്റതാക്കുന്നു. ആക്ഷൻ രംഗങ്ങളും ഡെറിക്-ഫിലിപ്പ് ചേസിംഗ് രംഗവുമൊക്കെ ആൽബിയുടെ ക്യാമറ സമർത്ഥമായാണ് ഒപ്പിയെടുത്തിരിക്കുന്നത്.

പ്രഫഷണലും മനുഷ്യനും തമ്മിലുളള മത്സരമാണ് ചിത്രമെന്ന് പറയാം. മമ്മൂട്ടിയുടെ കരിയറിലെ വ്യത്യസ്ത മൂഡുളള വേഷമാണിത്.അതാകട്ടെ മലയാളത്തിന്‍റെ മഹാനടനിൽ സുഭദ്രവും.

അബ്രഹാമിന്‍റെ സന്തതികൾ ഒരു സാധാരണ മലയാള സസ്പെൻസ് ത്രില്ലറല്ല.മലയാള അന്വേഷണാത്മക – സസ്പെൻസ് ത്രില്ലർ ചിത്രങ്ങളിൽ മുന്നിൽ വരുന്ന ഒന്നാണ് അബ്രബാമിന്‍റെ സന്തതികൾ. രണ്ട് മണിക്കൂർ പതിനൊന്ന് മിനുട്ട് നിങ്ങളെ കസേരയിൽ പിടിച്ചിരുത്തുന്ന ചിത്രം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here