നല്ല വെള്ളം കിട്ടാൻ എളുപ്പ വ‍ഴി കണ്ടെത്തി ഇന്ത്യൻ വംശജ. 98 ശതമാനത്തോളം വിജയ സാധ്യത. കുടിവെള്ളം മുതൽ നദികൾ വരെ കുറഞ്ഞ ചെലവിൽ ശുദ്ധിയാക്കാം എന്ന പ്രതീക്ഷ.

വെള്ളം ശുദ്ധമാക്കാൻ പുതിയ മാര്‍ഗം കണ്ടെത്തിയത് പാവനി ചെറുകുപള്ളി. ഇന്ത്യന്‍ വംശജ. ഹൈദരാബാദില്‍നിന്ന് അമേരിക്കയിലെത്തിയ ഗവേഷക.

ടൊറൊന്റൊ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിനിയാണ് പാവനി. സര്‍വകലാശാലയിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തിലാണ് പാവനിയുടെ ഗവേഷണം.

പരീക്ഷണത്തിലെ വിജയ ഘടകം കേട്ടാൽ ആരും അന്തിക്കും – വെറും സ്‌പോഞ്ച്. സാധാരണ സ്‌പോഞ്ച് തന്നെ. സ്പോഞ്ചിന് ഒരു ക‍ഴിവുണ്ട് – ജൈവ, രാസ മാലിന്യങ്ങളെ അരിപ്പ പോലെ വലിച്ചെടുക്കും. എണ്ണ ഉള്‍പ്പെടെയുള്ളവയെപ്പോലും സ്പോഞ്ച് അരിച്ചുമാറ്റും. പാത്രവും മറ്റും വൃത്തിയാക്കാൻ.വളരെക്കാലം മുമ്ബ് തന്നെ സ്‌പോഞ്ച് ഉപയോഗിക്കാറുമുണ്ട്.

ഇതിൽ നിന്നാണ് പാവനിയുടെ കണ്ടുപിടിത്തത്തിന്റെ സ്പാർക്ക്. പോളിയൂറിതീന്‍ കൊണ്ടുണ്ടാക്കിയ ചാര്‍ജ് ചെയ്ത സ്‌പോഞ്ച് ജലമാലിന്യങ്ങളിലെ അയോണുകളെ ആകര്‍ഷിക്കും എന്നാണ് പാവനി കണ്ടെത്തിയത്.

ചാര്‍ജുള്ളതും ഇല്ലാത്തതുമായ സ്‌പോഞ്ചുകളെ ഒരുമിച്ച് ഉപയോഗിക്കുന്ന മാര്‍ഗമാണ് പാവനി പരീക്ഷിച്ചത്. 98 ശതമാനത്തോളമാണ് ഈ രീതിയുടെ വിജയസാധ്യതയെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് ഈ ശുചീകരണരീതിയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

ഈ രീതി പ്രാവർത്തികമായാൽ വെള്ളം ശുദ്ധിയാക്കുന്നതിന്റെ ചെലവ് വലിയ തോതില്‍ കുറയും. നദികളിലെ മാലിന്യം വരെ ഇതുപയോഗിച്ചു കുറയ്ക്കാമെന്നുമാണ് പാവനി കരുതുന്നത്.