ലോകകപ്പിലെ ആദ്യ മൂന്ന് ദിനങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്

ലോകകപ്പിലെ ആദ്യ മൂന്ന് ദിനങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത് ദിനേശന്‍ പുത്തലത്ത് എ‍ഴുതുന്നു

ലോകകപ്പ് ഫുട്ബോളിന്‍റെ മത്സരങ്ങള്‍ ആരംഭിച്ചു. ഇന്ത്യക്കാര്‍ക്ക് കളി കാണാനുള്ള പാകത്തിലാണ് മത്സരക്രമം. രാത്രി വൈകിക്കിട്ടുന്ന വിശ്രമവേളകള്‍ കൈമുതലായുള്ളവര്‍ക്ക് ആസ്വാദനത്തിന് ഇത് അത്ര യോജിച്ചതല്ല. എങ്കിലും ജനങ്ങളുടെ ഉത്സവമായി മാറുന്ന ഈ സമയക്രമം ഫുട്ബോളിന്‍റെ സൗന്ദര്യപ്രഭയില്‍ നമ്മുടെ ജനതയെ മുക്കാതിരിക്കില്ല. നാം ഒരിക്കലും കാണാത്ത രാജ്യങ്ങളുമായി കളിക്കാരുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ഈ ഫുട്ബോള്‍ മഹോത്സവം മനുഷ്യരുടെ പരസ്പര സ്നേഹത്തിന്‍റെ മഹാ സന്ദേശമാണ് മുന്നോട്ടുവയ്ക്കുന്നത്.

പ്രവചനങ്ങളില്‍ നിന്ന് യാഥാര്‍ത്ഥ്യങ്ങളിലേക്ക് ലോക ഫുട്ബോളിന്‍റെ കണക്കുപുസ്തകം മാറിക്കഴിഞ്ഞിരിക്കുന്നു. വായിച്ചറിഞ്ഞും കണ്ടറിഞ്ഞും പ്രവചനം നടത്തിയും പന്തയം വെച്ചും മുന്നോട്ടുപോയ ആരാധകര്‍ യാഥാര്‍ത്ഥ്യങ്ങള്‍ മുമ്പില്‍ കണ്ടുതുടങ്ങിയിരിക്കുന്നു. അതിന്‍റെ ആഘാതങ്ങളും ആരവങ്ങളും ദുഖങ്ങളുമെല്ലാം അവരുടെ മനസ്സുകളില്‍ നിറയാന്‍ തുടങ്ങിയിട്ടുമുണ്ട്. ക്ലബ് ഫുട്ബോളുകളില്‍ വര്‍ണ്ണം വാരിവിതറിയ താരങ്ങള്‍ വിവിധ രാജ്യങ്ങളുടെ നിറങ്ങളില്‍ ചേക്കേറി പുതിയ കൂട്ടായ്മകളിലൂടെ തങ്ങളുടെ ഫുട്ബോള്‍ ശേഷികള്‍ തുറന്നുവയ്ക്കുകയാണ്.

ആതിഥേയരായ റഷ്യയും സൗദി അറേബ്യയും തമ്മിലുള്ള ഉദ്ഘാടന മത്സരം കരുതിയതിനേക്കാള്‍ ഏകപക്ഷീയമായിത്തന്നെ നീങ്ങുകയായിരുന്നു. സുന്ദരമായ മുന്നേറ്റങ്ങളിലൂടെയും മാന്യമായ കളികളിലൂടെയും റഷ്യ കാണിച്ച പാത ടൂര്‍ണ്ണമെന്‍റില്‍ തങ്ങള്‍ കണക്കുകൂട്ടിയതിനേക്കാള്‍ മുന്നോട്ടുപോകുമെന്നതിന്‍റെ സൂചനകളാണ് നല്‍കുന്നത്. 5 ഗോളിന്‍റെ വിജയം ഇതിന്‍റെ ദൃഷ്ടാന്തമാണ്.

ലാറ്റിനമേരിക്കന്‍ ഫുട്ബോളില്‍ ബ്രസീലിന്‍റെയും അര്‍ജന്‍റീനയുടെയും പ്രഭയില്‍ പലപ്പോഴും മുങ്ങിപ്പോയ ടീമാണ് ഉറുഗ്വേയ്. 1950 കളില്‍ നാട്ടില്‍ നടന്ന ഫുട്ബോള്‍ ലോകകപ്പില്‍ ഇവരില്‍ നിന്ന് പിണഞ്ഞ പരാജയമാണ് തങ്ങളെ കൂടുതല്‍ കരുത്തരാക്കിയതെന്ന് ബ്രസീലുകാര്‍ പൊതുവില്‍ പറഞ്ഞുവരാറുണ്ട്. സുന്ദരമായ ഫുട്ബോള്‍ കൈവശമുള്ള ഉറുഗ്വേയ് ഈജിപ്തുമായി ഏറ്റുമുട്ടിയപ്പോള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മങ്ങിയ പ്രകടനമാണ് നടത്തിയത്. എങ്കിലും ഒരു ഗോളിന് വിജയിക്കാന്‍ ഇവര്‍ക്കായി. തീര്‍ച്ചയായും ഈജിപ്ത് ഒരു സമനില എങ്കിലും അര്‍ഹിക്കുന്ന സ്ഥിതിയാണ് ഉണ്ടായത്.

ഇന്‍ഞ്ചുറി ടൈമില്‍ അസീസ് ബൗഹാദൂസ് വഴങ്ങിയ സെല്‍ഫ് ഗോളിന് മൊറോകോ വലിയ വില നല്‍കിയ മത്സരമാണ് ഇറാനും മൊറോകോയും തമ്മിലുണ്ടായത്. ഇറാന്‍ താരം ഹജ്ജ്സാഫി ബോക്സിലേക്ക് തൊടുവിട്ട ക്രോസ്സ് രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ഈ ദുരിതത്തിലേക്ക് നയിച്ചത്. ശരാശരി നിലവാരം പുലര്‍ത്തിയ മത്സരം കൂടിയായിരുന്നു ഇത്. 1-0 ത്തിന്‍റെ വിജയമാണ് ഇറാന് ഈ മത്സരത്തില്‍ ഉണ്ടായത്. ഈ മത്സരത്തില്‍ തിളങ്ങിയ ഇറാന്‍ ഗോള്‍കീപ്പര്‍ ബെയ്റാന്‍വാന്‍ഡിന്‍റെ പ്രകടനം മറ്റു ചില കാര്യങ്ങള്‍ കൂടി ഓര്‍ക്കുന്നതിനിടയാക്കി. നാട്ടിന്‍പുറത്തെ ദാരിദ്രങ്ങളുടെ നടുവിലാണ് ഈ പ്രതിഭ പിറന്നത്. ഫുട്ബോളിനോടുള്ള പ്രേമം മൂത്ത് നാട് വിട്ട് ടെഹ്റാനിലെത്തി തെരുവില്‍ അന്തിയുറങ്ങിയും ചെറുജോലികള്‍ ചെയ്തും ഫുട്ബോളില്‍ ജീവിക്കുകയായിരുന്നു ബെയ്റാന്‍. ഓരോ സേവുകള്‍ കാണുമ്പോഴും ഫുട്ബോളിനായി ജീവിതം അര്‍പ്പിച്ച പ്രതിഭയുടെ സാഹസികമായ ജീവിതം കൂടിയാണ് തെളിഞ്ഞുവന്നത്.

സുന്ദരമായ ഫുട്ബോളിന്‍റെ നീക്കങ്ങള്‍ കണ്‍നിറയെ കണ്ട മത്സരമായിരുന്നു പോര്‍ച്ചുഗലും സ്പെയിനും തമ്മിലുള്ളത്. രാത്രി വൈകിയാണ് മത്സരം നടന്നതെന്നതിനാല്‍ പൂര്‍ണ്ണമായും നേരിട്ട് കാണാന്‍ കഴിയുകയും ചെയ്തു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹാട്രിക് നേടിയ മത്സരം അദ്ദേഹത്തിന്‍റെ പ്രതിഭയുടെ കൂടി തിളക്കങ്ങള്‍ കാണിക്കുന്ന ഒന്നായിരുന്നു. അദ്ദേഹം നേടിയ ഫ്രീകിക്കിലെ ആ ഒറ്റ ഗോളുമതി ആ പ്രതിഭയുടെ ചാരുത ഉള്‍ക്കൊള്ളുന്നതിനായി. ഒരു താരത്തിന് ഒരു ടീമിനെ എത്രത്തോളം മുന്നോട്ടുകൊണ്ടുപോകാനാവും എന്നതിന്‍റെ ദൃഷ്ടാന്തം കൂടിയായിരുന്നു ആ പോരാട്ടം.

സ്പെയിന്‍ കളിച്ചത് ടോട്ടല്‍ ഫുട്ബോളാണ്. അലമാലകള്‍ പോലെ ഉയര്‍ന്നുപൊങ്ങുന്ന മുന്നേറ്റങ്ങള്‍. കൂട്ടായ ആക്രമണത്തിന്‍റെ പ്രതീതിയുയര്‍ത്തുന്ന നീക്കങ്ങള്‍. സ്പെയിന്‍ ഈ ലോകകപ്പില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മുന്നോട്ടുപോകുമെന്നതിന്‍റെ തെളിവ് കൂടിയാണ് ഇത് നല്‍കുന്നത്. പ്രായം താരങ്ങളെ പലരെയും ബുദ്ധിമുട്ടിക്കുന്നുണ്ട് എന്നതിന്‍റെ സൂചനകള്‍ കൂടി നല്‍കുന്നുണ്ടായിരുന്നു ആ മത്സരം. 6 ഗോള്‍ പിറന്ന സ്പെയിന്‍-പോര്‍ച്ചുഗല്‍ മത്സരം 3-3 ന്‍റെ സമനിലയിലാണ് അവസാനിച്ചത്.

ഫ്രാന്‍സും ഓസ്ട്രേലിയയും തമ്മില്‍ നടന്ന മത്സരം ഫ്രാന്‍സിന്‍റെ സാധ്യതകള്‍ക്കനുസരിച്ചുള്ള പ്രകടനമായിരുന്നില്ല നടത്തിയത്. ഓസ്ട്രേലിയ ആവട്ടെ തങ്ങളുടെ പരിമിധിക്കകത്ത് നിന്ന് പൊരുതുന്നതിനുവേണ്ടിയുള്ള ശ്രമമാണ് നടത്തിയത്. കളി മികവ് കൊണ്ട് ഓസ്ട്രേലിയയെ മറികടക്കുകയായിരുന്നു ഫ്രാന്‍സ്. ലോകകപ്പില്‍ ആദ്യമായി നടപ്പിലാക്കിയ വീഡിയോ അസിസ്റ്റ് റഫറി വഴി ആദ്യമായി പെനാല്‍റ്റിയും ഗോളും വന്ന കളി എന്ന സവിശേഷതയും ഇതിനുണ്ട്. മധ്യനിരയിലെ ഫ്രാന്‍സിന്‍റെ കരുത്തിനെ പിടിച്ചുകെട്ടാനുള്ള തന്ത്രമാണ് ഓസ്ട്രേലിയ നടത്തിയത്. അതിനെ മറികടന്ന് 2-1 ന്‍റെ വിജയം അവര്‍ സ്വായത്തമാക്കി.

ക്രൊയോഷ്യ- നൈജീരിയ മത്സരം വ്യത്യസ്തമായ കേളീ ശൈലികളുടെ ഏറ്റുമുട്ടലിന്‍റെ കൂടിയായിരുന്നു. ആഫ്രിക്കയുടെ കരുത്ത് ആവാഹിക്കുന്ന ഫുട്ബോളിന്‍റെ സ്പര്‍ശങ്ങള്‍ നൈജീരിയയുടെ കളിയില്‍ ദൃശ്യമായിരുന്നു. ആഫ്രിക്കക്കാര്‍ക്ക് പൊതുവില്‍ ഉണ്ടാകുന്ന ഫിനിഷിംഗ് ദൗര്‍ബല്യം ഇവിടെയും പ്രകടമായി. ക്രൊയേഷ്യ തങ്ങളുടെ ഫുട്ബോള്‍ ഭംഗിയായി നിര്‍വഹിക്കുന്നതിനുള്ള ഇടപെടലും നടത്തി. പൊതുവെ വിരസമല്ലാത്ത പോരാട്ടമായിരുന്നു ഇത്. 2-0 ത്തിന്‍റെ വിജയം ഈ മത്സരം ക്രൊയേഷ്യയ്ക്ക് നല്‍കി.

ടൂര്‍ണ്ണമെന്‍റിലെ വിജയ ടീമുകളിലൊന്നായി ആരാധകര്‍ മുന്നോട്ടുവയ്ക്കുന്ന അര്‍ജന്‍റീനയും ഐസ് ലാന്‍റും തമ്മിലുള്ള മത്സരം തികച്ചും ഏകപക്ഷീയം തന്നെയായിരുന്നു. കളിയുടെ 73 ശതമാനം സമയവും ബോള്‍ കൈവശം വച്ച അര്‍ജന്‍റീന മെസിയിലൂടെ നേട്ടങ്ങള്‍ എത്തിപ്പിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. മെസി ഏറെ എതിര്‍ താരങ്ങളാല്‍ മാര്‍ക്ക് ചെയ്യപ്പെടുമ്പോള്‍ അതിന്‍റെ ഫലമായി സ്വതന്ത്രമായി മേയ്യാന്‍ അവസരം കിട്ടുന്ന സഹതാരങ്ങള്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താനുമായില്ല എന്നതും പ്രധാനമാണ്.

മെസിയുടെ പെനാല്‍റ്റി നഷ്ടം മുമ്പ് ബ്രസീലിനുവേണ്ടി പെനാല്‍റ്റി എടുത്ത സീക്കോയുടെ പിഴവ് പോലെയായി. അര്‍ജന്‍റീനയുടെ ദൗര്‍ബല്യങ്ങള്‍ ചിലത് പുറത്തുകാട്ടപ്പെട്ട മത്സരം കൂടിയായിരുന്നു അത് എന്ന് കാണാം.

ഭാവനാപൂര്‍ണ്ണമായ ഓട്ടവും പാസുകളുമെല്ലാം പ്രതിയോഗികളുടെ കണക്ക് കൂട്ടലുകളെ തെറ്റിക്കുന്നുവെന്നതാണ് മെസിയുടെ കരുത്ത്. സ്വന്തമായി ചിന്തകളിലെത്തി അതിനെ പ്രയോഗവത്കരിച്ച് മുന്നോട്ടുപോകുന്ന ശൈലിയുണ്ട് മെസിക്ക്. അതിന് പിന്തുണ നല്‍കാനോ അതിനെ പിന്തുടരാനോ സഹതാരങ്ങള്‍ക്ക് കഴിയുമ്പോഴാണ് പ്രതിഭയുടെ ശേഷി ടീമിനെ ആകെ വിജയത്തിലെത്തിക്കുക. ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന ദൗര്‍ബല്യം പ്രകടമാകുന്നത് കൂടിയായിരുന്നു അര്‍ജന്‍റീനയുടെ ഈ മത്സരം. ക്ലബ് ഫുട്ബോളില്‍ നിന്ന് ദേശീയ ടീമിലേക്ക് വരുമ്പോള്‍ ഇത്തരം ഒത്തിണക്കത്തിന് പറ്റിയ ഒരു കെമിസ്ട്രി പ്രവര്‍ത്തിക്കുന്നില്ല എന്ന പ്രശ്നം മെസി അഭിമുഖീകരിക്കുന്നുണ്ട്. ഇത് പരിഹരിക്കപ്പെട്ടാലേ ആരാധകരുടെ സ്വപന്ങ്ങള്‍ക്കൊപ്പം അര്‍ജന്‍റീനയ്ക്ക് വളരാനാവൂ എന്ന് കാണിച്ച മത്സരം കൂടിയായിരുന്നു ഇത്.

മൂന്നര ലക്ഷത്തോളം ജനതയുള്ള രാജ്യമാണ് ഐസ് ലാന്‍റ്. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവര്‍ പൊരുതുകയായിരുന്നു. തങ്ങളുടെ പരിമിതികള്‍ മനസ്സിലാക്കിക്കൊണ്ട്. ഏതൊരു ടീമിനും വ്യക്തിക്കും വളരണമെങ്കില്‍ അവരുടെ പരിമിതികള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കാനാവണം. ഐസ് ലാന്‍റ് നിര്‍വഹിച്ചത് ഈ ദൗത്യമാണ്. പണ്ട് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയക്കുതിപ്പിലേക്ക് മുന്നേറിയ ഗ്രീസിനെയാണ് ഓര്‍മ്മവന്നത്. എണ്ണമറ്റ താരങ്ങളില്ലാതിരിന്നിട്ടും പ്രതിരോധത്തിലുറച്ച് നിന്ന്, കിട്ടുന്ന അപൂര്‍വ്വ അവസരങ്ങള്‍ ഗോളിലേക്കെത്തിക്കുന്ന രീതിയായിരുന്നു അത്. ഐസ് ലാന്‍റിന്‍റെ പോരാട്ടം അന്നത്തെ ഗ്രീസിനെ ഓര്‍മ്മിപ്പിക്കുന്നു. സിനിമാ സംവിധായകന്‍ കൂടിയായ ഐസ് ലാന്‍റ് ഗോള്‍കീപ്പര്‍ ഹാല്‍ഡോര്‍സന്‍റെ പ്രകടനവും കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു.

ലാറ്റിനമേരിക്കയില്‍ ചില മത്സരങ്ങളില്‍ ആരെയും വിറപ്പിക്കാന്‍ പോകുന്ന ടീമാണ് പെറു. അവര്‍ ഡെന്‍മാര്‍ക്കുമായി ഏറ്റുമുട്ടിയപ്പോള്‍ ജയം ഡെന്‍മാര്‍ക്കിനായി. നന്നായി കളിച്ചിട്ടും വിജയം പെറുവിനെ അനുഗ്രഹിച്ചില്ല. ലഭിച്ച പൈനാല്‍റ്റി നഷ്ടപ്പെടുത്തിയ പെറു ഗോളെന്നുറച്ച ഒട്ടേറെ അവസരങ്ങള്‍ പാഴാക്കുകയും ചെയ്തു. 17-10 എന്ന നിലയില്‍ ഷോട്ടുകളില്‍ മുന്നിലെത്തിയിട്ടും വിജയം കൂട്ടുവന്നില്ല. ഡെന്‍മാര്‍ക്ക് ഗോളി കെസ്പര്‍ ഷ്മേലിന്‍റെ തകര്‍പ്പന്‍ പ്രകടനം മനസ്സില്‍ നിറഞ്ഞ് നില്‍ക്കുന്ന മത്സരത്തില്‍ 1-0 ത്തിന്‍റെ വിജയം ഡെന്‍മാര്‍ക്കിനായി.

ലോകകപ്പ് ഫുട്ബോള്‍ മൂന്ന് ദിവസം പിന്നിടുമ്പോള്‍ സ്പെയിനും പോര്‍ച്ചുഗലും ഐസ് ലാന്‍റും പ്രതീക്ഷിച്ചതിനേക്കാള്‍ മുന്നോട്ടുപോയി. റഷ്യ ചിലത് ടൂര്‍ണ്ണമെന്‍റില്‍ നിര്‍വഹിക്കാനുണ്ട് എന്ന് നമ്മെ ഓര്‍മ്മപ്പെടുത്തി. അര്‍ജന്‍റീനയാവട്ടെ ആരാധകരുടെ പ്രതീക്ഷകള്‍ക്ക് ഒപ്പം വളര്‍ന്നുവന്നുമില്ല. മത്സരം ആരംഭിച്ചിട്ടേയുള്ളൂ. ടീമുകള്‍ തങ്ങളുടെ ദൗര്‍ബല്യങ്ങള്‍ തിരുത്തിയും കരുത്തിനെ വികസിപ്പിച്ചും മുന്നോട്ടുപോകുമ്പോള്‍ ചേതോഹരമായ ഫുട്ബോളിന്‍റെ വര്‍ണ്ണങ്ങള്‍ നമുക്ക് മുമ്പില്‍ വിടരാതിരിക്കില്ല.

പെനാല്‍റ്റികള്‍ ഏറെ പിറന്ന് തുടങ്ങിയിരിക്കുന്നുവെന്നത് ഫൗളുകളെ കര്‍ശനമായി നേരിടാന്‍ പോകുന്നുവെന്നതിന്‍റെ തെളിവാണ്. വിവിധ ടീമുകളിലെ ഗോള്‍കീപ്പര്‍മാര്‍ ഉയര്‍ന്ന നിലവാരത്തിലെത്തുന്നുവെന്നതും കളിയുടെ സവിശേഷതയായി മാറുകയാണ്. മൂന്ന് ദിവസത്തെ കളിയില്‍ മനസ്സില്‍ തങ്ങിനില്‍ക്കുന്നത്. പോര്‍ച്ചുഗലിന്‍റെ റൊണാള്‍ഡോയുടെ ഫ്രീക്കിക്ക് തന്നെ. ദുഖമായത് മെസ്സിയുടെ പെനാല്‍റ്റി നഷ്ടവും. ഓര്‍മ്മയില്‍ നിറഞ്ഞുനില്‍ക്കുന്ന മത്സരം പോര്‍ച്ചുഗല്‍-സ്പെയിന്‍ പോരാട്ടവും. ഞെട്ടിച്ചത് അര്‍ജന്‍റീനയെ സമനിലയില്‍ കുരുക്കിയ ഐസ് ലാന്‍റും.

കളിയുടെ സൗന്ദര്യശാസ്ത്രത്തില്‍ നാം സൂക്ഷിക്കേണ്ട ഒന്നുണ്ട്. നമുക്ക് ചില ടീമിനോട് തോന്നുന്ന സ്നേഹം മറ്റുള്ളവരുടെ കരുത്തിനെയും ചേതോഹരമായ ഫുട്ബോളിനെയും കുറച്ചുകാണിക്കാന്‍ ഇടയാക്കാതിരിക്കണം. എങ്കിലേ ലോക ജനതയെ ആകെ കൂട്ടിയിണക്കുന്ന ജനങ്ങളുടെ ഉത്സവം എന്ന നിലയില്‍ ഫുട്ബോള്‍ വളരുകയുള്ളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News