കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 13 ആയി; മ‍ഴ ശക്തം; താമരശ്ശേരിചുരം റോഡ് വഴിയുളള വാഹന ഗതാഗതം നിരോധിച്ചു

കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 13 ആയി. കാണാതായ ഒരാളുടെ മൃതദേഹം കൂടി ഇന്ന് കണ്ടെത്തി. ഹസ്സന്റെ ഭാര്യ ആസ്യയുടെ മൃതദേഹമാണ് നാലാം ദിവസത്തെ തിരച്ചിലില്‍ ലഭിച്ചത്.

ആധുനിക സ്‌കാനര്‍ സംവിധാനവും ഇന്ന് തിരച്ചിലിനായി ഉപയോഗിച്ചു. അതേസമയം താമരശ്ശേരി ചുരം ഇടിഞ്ഞതിനെ തുടര്‍ന്ന് ചുരം റോഡ് വഴിയുളള വാഹന ഗതാഗതം കോഴിക്കോട് ജില്ലാ കളക്ടര്‍ പൂര്‍ണ്ണമായി നിരോധിച്ചു.

നാലാം ദിവസവും രാവിലെ ഏഴ് മണിയോടെ തിരച്ചില്‍ തുടങ്ങി. ദേശീയ ദുരന്ത നിവാരണ സേനയ്ക്ക് പുറമെ ഡല്‍ഹിയില്‍ നിന്ന് സ്‌കാനര്‍ സംഘവും കട്ടിപ്പാറയിലെത്തി. ഗ്രൗണ്ട് പെനട്ട്രേറ്റിംഗ് റഡാര്‍ സംവിധാനം ഉപയോഗിച്ച് മണ്ണിനടിയില്‍ അകപ്പെട്ടവരെ കണ്ടെത്താനുളള ശ്രമമാണ് നടന്നത്. ഒന്നരയോടെ ഉരുള്‍പൊട്ടലില്‍ മരിച്ച ഹസ്സന്റെ ഭാര്യ ആസ്യയുടെ മൃതദേഹം കണ്ടെത്തി.

ഇന്നലെ 4 മൃതദേഹങ്ങള്‍ ലഭിച്ച സ്ഥലത്ത് നിന്ന് തന്നെയാണ് ഇവരുടതേും ലഭിച്ചത്. തിരച്ചില്‍ പുരോഗതി വിലയിരുത്താനായി മന്ത്രിമാരായ ഇ ചന്ദ്രശേഖരനും ടി പി രാമകൃഷ്ണനും കട്ടിപ്പാറയിലെത്തി. ദുരന്തത്തില്‍ പെട്ടവര്‍ക്കുളള നഷ്ടപരിഹാര പാക്കേജ് മന്ത്രിസഭ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു.

അതേസമയം കഴിഞ്ഞ ദിവസം മണ്ണിടിച്ചിലില്‍ തകര്‍ന്ന താമരശ്ശേരി ചുരം റോഡില്‍ വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. മരങ്ങള്‍ മുറിച്ചുമാറ്റുന്നതടക്കമുളള അറ്റകുറ്റപണികള്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടറുടെ നടപടി. കെ എസ് ആര്‍ ടി സി ഷട്ടില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.

കോഴിക്കോട് നിന്നും വയനാട്ടില്‍ നിന്നും ചിപ്പിലിത്തോട് വരെയാണ് കെ എസ് ആര്‍ ടി സി സര്‍വ്വീസ്. സ്വകാര്യ ബസ്സുകള്‍ ഇനിയോരറിയിപ്പ് ഉണ്ടാകുന്നതുവരെ സര്‍വ്വീസ് നടത്തരുതെന്നും കളക്ടര്‍ യു വി ജോസ് അറിയിച്ചു. കുറ്റിയാടി ചുരം വഴി വയനാട്ടിലേക്കും തിരിച്ചും ഗതാഗത സൗകര്യമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here