നിപയില്‍ നിന്നും കരുതലോടെ കാത്ത ആ കെെകളെ ആദരിക്കും; ചടങ്ങ് ജൂലൈ 1 ന് കോഴിക്കോട് 

നിപാ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ മാതൃകാപരമായ ഇടപെടലുകള്‍ നടത്തിയവരെ ജൂലൈ ഒന്നിന് കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ ആദരിക്കും. ഇതിനായി വിപുലമായ പരിപാടികളാണ് അണിയറയില്‍ ആസൂത്രണം ചെയ്യുന്നത്.

സ്വാഗതസംഘം രൂപീകരണ യോഗം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ നടന്നു. പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കാളിയായ മന്ത്രി മുതല്‍ ശുചീകരണ തൊഴിലാളികളെ വരെ ചടങ്ങില്‍ ആദരിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അറിയിച്ചു. മേയര്‍ ചെയര്‍മാനായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി കണ്‍വീനറായും സ്വാഗതസംഘം നിലവില്‍ വന്നു.

എം കെ രാഘവന്‍ എംപി , എംഎല്‍എമാരായ എ പ്രദീപ് കുമാര്‍, എം കെ മുനീര്‍, വി കെ സി മമ്മദ് കോയ എന്നിവര്‍ രക്ഷാധികാരികളാണ്. നിരവധി പേരുടെ ജീവന്‍ സുരക്ഷിതമാക്കിയ ആളുകള്‍ക്ക് നല്‍കുന്ന ആദരം മികച്ച ചടങ്ങാക്കണമെന്ന് എ പ്രദീപ് കുമാര്‍ എംഎല്‍എ പറഞ്ഞു. എല്ലാവരുടെയും പങ്കാളിത്തം ഈ ചരിത്രമുഹൂര്‍ത്തത്തില്‍ വേണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

നിപയെ പ്രതിരോധിക്കാന്‍ ഇറങ്ങിയവരില്‍ എല്ലാവരെയും ഉചിതമായ രീതിയില്‍ ആദരിക്കണമെന്ന് ഡോ. എം കെ മുനീര്‍ പറഞ്ഞു. ടാഗോര്‍ ഹാളില്‍ പരിപാടി നടത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

കോര്‍പറേഷന്‍ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, ഡോ. കെ മൊയ്തു, സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here