ബ്രസീൽ ആരാധന മൂത്ത് ഒരച്ഛൻ മക്കളെ വിളിച്ചു; ദീദി, ഗാരിഞ്ച, വാവ

ലോകകപ്പ് ആവേശം തിളച്ചു മറിയുമ്പോൾ ഒരച്ഛന്റെ ഫുട്ബോൾ ആവേശത്തിന്റെ സ്മരണകളുമായി ഇവിടെ മൂന്ന് പെൺമക്കൾ ജീവിക്കുന്നു. മലയാളത്തിന്റെ ഏറ്റവും പ്രശസ്ത തിരക്കഥാകൃത്തായിരുന്ന അന്തരിച്ച ടി ദാമോദരൻ മാഷാണ് ആ അച്ഛൻ.

മക്കൾ ദീദി, ഗാരിഞ്ച, വാവ. ദീദി എന്നാൽ ദീദി ദാമോദരൻ. തിരക്കഥാകൃത്തും ചലച്ചിത്ര അക്കാദമി അംഗവും മലയാള സിനിമയിലെ വനിതാ കൂട്ടായ്മയുടെ നേതാവുമായ ദീദി ദാമോദരൻ തന്നെ. മറ്റ് രണ്ടു പേർ ദീദിയുടെ കൂടപ്പിറപ്പുകൾ. കഴിഞ്ഞ ദിവസം അച്ഛനെ അനുസ്മരിച്ച് ഫേസ് ബുക്ക് കുറിപ്പിൽ ദീദി ഇങ്ങനെ എഴുതി:

“ലോകകപ്പ് ഫുട്ബോൾ എന്നാൽ എനിക്ക് അച്ഛനാണ്. അച്ഛൻ റഫ്രിയായി നിന്ന കോഴിക്കോട് സ്റ്റേഡിയത്തിലെ കളികളേ ഞാൻ കണ്ടിട്ടുള്ളൂ. കാണാത്ത ടൂർണ്ണമെൻറുകൾ അച്ഛന്റെ ആകാശവാണിയിലൂടെയുള്ള ദൃക്സാക്ഷി വിവരണത്തിലൂടെ കണ്ട പോലെ അറിഞ്ഞാണ് ഞാൻ മുതിർന്നത്.

അച്ഛന്റെ ഫുട്ബോൾ ഭ്രാന്തിന്റെ കൂടി സന്തതികളാണ് ഞങ്ങൾ മൂന്നു മക്കളും . എന്നും ബ്രസീലിയൻ ആരാധകനായിരുന്ന അച്ഛന്റെ പ്രിയ താരങ്ങൾ ബ്രസീലിയൻ ഇതിഹാസങ്ങൾ എന്നറിയപ്പെടുന്ന ദീദി , വാവ , ഗരിഞ്ച എന്നിവരായിരുന്നു.

ഞങ്ങൾ മക്കൾ പിറക്കും മുമ്പേയുള്ള ആ ആരാധനയുടെ സന്തതികളായി ഞാൻ ദീദിയും തൊട്ടനിയത്തി വാവയുമായി. മൂന്നാമത്തെ മകളെ ഗരിഞ്ചയെന്നു വിളിക്കാനായിരുന്നു അച്ഛനിഷ്ടം. എന്നാൽ അപ്പോഴേക്കും കുടുംബത്തിൽ ഞങ്ങൾ ഭൂരിപക്ഷം വിധിയെഴുതി , ഇനിയുമൊരു ബ്രസീലിയൻ വേണ്ടെന്നു്! ദീദി എന്ന വിചിത്ര നാമം കൊണ്ട് ഞാൻ പൊറുതിമുട്ടിയിരുന്നു. വേണ്ടതിലധികം. കുടുംബത്തിൽ നിന്നും , സ്കൂളിൽ നിന്നും. ”

പഴയ കേരളത്തിന്റെ എത്രയോ ഫുട്ബോൾ ലഹരികൾക്ക് വിസിലൂതിയ റഫറിയും ഫുട്ബോൾ കമന്ററ്ററുമായിരുന്നു ഒരു സിനിമാക്കാരൻ എന്നതിനപ്പുറം ടി ദാമോദരൻ മാഷ്. ഒരു പച്ചയായ കോഴിക്കോട്ടുകാരനും.

അച്ഛന്റെ വിചിത്രമായ ഫുട്ബോൾ സ്നേഹത്തിന്റെ ഓർമ്മകൾ കൂടിയാണ് കോഴിക്കോടിന്റെ കളിക്കമ്പങ്ങൾക്കും സ്നേഹ നന്മകൾക്കുമൊപ്പം മക്കളും ഉയർത്തിപ്പിടിക്കുന്നത്. ദീദി എഴുതുന്നു:

“ബ്രസീൽ കളിയ്ക്കാനിറങ്ങുമ്പോൾ ദീദി എന്ന പേരിൽ എന്നെ അടയാളപ്പെടുത്തിയ അച്ഛൻ റഷ്യൻ ഗാലറിയിലെ ആരവങ്ങൾക്കിടയിലെവിടെയോ ഇരുന്ന് കളി കാണുന്നത് ഞാനറിയുന്നു. ഓരോ ബ്രസീലിയൻ നീക്കത്തിലും അച്ഛനുണ്ട് എന്ന് ഞാനറിയുന്നു.”

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here