കുഞ്ഞുടീമുകളുടെ കരളുറപ്പില്‍ വമ്പന്‍മാര്‍ വീഴുന്നു; ഇത് ന്യൂ ജനറേഷന്‍ ലോകകപ്പ്

ന്യൂ ജനറേഷന്‍ ലോകകപ്പാണിത്.

മെഗാതരാങ്ങളെയും സൂപ്പര്‍ താരങ്ങളുടെയും സിനിമകളെ തുടക്കത്തില്‍ തന്നെ കെട്ടുകെട്ടിച്ച് തീയറ്ററുകള്‍ പിടിച്ചെടുത്ത പുതുതലമുറ മലയാളം സിനിമകളെ പോലെ ഫുട്‌ബോളിലെ പരമ്പരാഗത ശക്തികളെ ആദ്യ മത്സരത്തില്‍ തന്നെ സൈഡ് ലൈനിന് പുറത്തിരുത്തി കുഞ്ഞന്‍ ടീമുകള്‍ റഷ്യയില്‍ ചരിത്രമെഴുതുകയാണ്.

ആര്‍ക്കും പ്രവചിക്കാന്‍ പറ്റാത്ത ലോകകപ്പായി മാറുകയാണിത്. ഫേവറിറ്റുകളെ പിന്തള്ളി പുതിയ ടീം ലോക ചാമ്പ്യന്മാരാകാനുള്ള സാധ്യതയും ഏറെയാണ്.

ഒറ്റ മത്സരം ഒരു ടീമിനെയോ താരത്തെയോ വിലയിരുത്താനുള്ള മാനദണ്ഡമല്ല. പക്ഷേ വന്‍ പ്രതീക്ഷയോടെ റഷ്യയിലെത്തിയ താരപരിവേഷമുള്ള ടീമുകള്‍ ദയനീയ പ്രകടനത്തിലൂടെ ടൂര്‍ണമെന്റിന് തുടക്കം കുറിക്കുമ്പോള്‍ ആരാധകര്‍ ഈ നിലയില്‍ ചിന്തിക്കുക സ്വാഭാവികം.

കിരീടം നിലനിര്‍ത്താനെത്തിയ ജര്‍മിനിക്ക് തോല്‍വി, റണ്ണറപ്പായ അര്‍ജന്റീനയ്ക്ക് ലോകകപ്പിലെ തുടക്കക്കാരയ ഐസ് ലന്‍ഡിനോട് നാണംകെട്ട സമനില, ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ സാംബാ താളവുമായെത്തിയ ബ്രസീലിനും സമനില.

കരുത്തരായ സ്‌പെയിനിനാകട്ടെ പോര്‍ച്ചുഗലിന് വേണ്ടി ഏകനായി പൊരാടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോട് സമനില വഴങ്ങേണ്ടി വന്നു. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ കഷ്ടിച്ച ജയിച്ച ഫ്രാന്‍സിന് മാത്രമാണ് വന്‍നിര ടീമുകളില്‍ ആദ്യം ജയം കാണാനായത്. ഇംഗ്‌ളണ്ടിന്റെയും ബല്‍ജിയത്തിന്റെയും ആദ്യ മത്സരങ്ങള്‍ നടക്കാനിരിക്കുന്നെയുള്ളൂ.

മത്സരങ്ങള്‍ ഇതേ നില തുടര്‍ന്നാല്‍ ജര്‍മനി, ബ്രസീല്‍ അര്‍ജന്റീന, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ ടീമുകളൊക്കെ ആദ്യ റൗണ്ടില്‍ പുറത്താകാന്‍ സാധ്യതയേറെയാണ്. മരണഗ്രൂപ്പെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രൂപ്പ് ഡിയില്‍ അര്‍ജന്റീനയെ ഇനി കാത്തിരിക്കുന്നത് കരുത്തരായ ക്രൊയേഷ്യയും നൈജീരിയയുമാണ്.

സമ്മര്‍ദ്ദഘട്ടങ്ങളില്‍ കളിക്കളത്തില്‍ നിഷ്പ്രഭനാകുന്ന സൂപ്പര്‍ താരം മെസിയെയാണ് കഴിഞ്ഞ ദിവസം ഐസ് ലന്‍ഡിനെതിരെ കളിക്കളത്തില്‍ കണ്ടത്.

പാര്‍ക്കിങ്ങ് ബസ് ശൈലിയില്‍ മെസിയെ പൂട്ടിയിട്ടുവെന്ന് ആരാധകര്‍ക്ക് വാദിക്കാമെങ്കിലും അത് മറികടന്ന ഇതിഹാസ താരം മറഡോണയുടെ കളിക്കരുത്ത് മെസിയടക്കമുള്ള അര്‍ജന്റീന ടീമിനില്ലെന്ന മറുവാദവും കാണാതിരുന്നുകൂടാ.

ശക്തരായ ടീമുകള്‍ക്കെതിരെ ഇതേ കളി തുടര്‍ന്നാല്‍ ആദ്യ റൗണ്ട് കടക്കാന്‍ അര്‍ജന്റീനയ്ക്കാവില്ലെന്നുറപ്പ്. അങ്ങനെയെങ്കില്‍ രാജ്യത്തിന് വേണ്ടി വിജയഗോള്‍ നേടാനാകാത്ത ദുരന്ത നായകനായി മെസിക്ക് മടങ്ങേണ്ടി വരും.

പോര്‍ച്ചുഗലും സ്‌പെയിനും ഒരുമിച്ച് രണ്ടാം റൗണ്ടിലെത്തണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കേണ്ടതുണ്ട്. മൂന്ന് പോയിന്റുമായി ഇറാന്‍ ഈ ഗ്രൂപ്പില്‍ ഇപ്പോള്‍ മുമ്പിലാണ്. മൊറോക്കോ, ഇറാന്‍ ടീമുകളെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ചാല്‍ മാത്രമേ ഈ രാജ്യങ്ങള്‍ക്ക് അടുത്ത റൗണ്ടിലെത്താന്‍ കഴിയൂ.

ഗ്രൂപ്പ് ഇയില്‍ സമാന സ്ഥിതിയില്‍ തന്നെയാണ് ബ്രസീലും. കോസ്റ്റാറിക്കയ്‌ക്കെതിരായ വിജയത്തോടെ മൂന്ന് പോയിന്റുമായി സെര്‍ബിയയാണ് ഈ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. ദുര്‍ബലരെന്ന് ചിലരെങ്കിലും കരുതുന്ന ഈ ടീമുകള്‍ക്കെതിരെ തിരിച്ചടിക്കാനുള്ള കരുത്ത് പുറത്തെടുത്താല്‍ മാത്രമേ കപ്പെടുക്കാനെത്തിയ നെയ്മറുടെ ടീമിന് മുന്‍വഴി തെളിയൂ.

മെക്‌സിക്കോയോട് ആദ്യ മത്സരത്തില്‍ തന്നെ അട്ടിമറി തോല്‍വി ഏറ്റുവാങ്ങിയ നിലവിലെ ചാമ്പ്യന്മാരായ ജര്‍മ്മനിക്ക് മുന്‍ ലോകകപ്പുകളില്‍ സ്‌പെയിനിന്റെയും ഫ്രാന്‍സിന്റെയും ഇറ്റലിയുടെയുമെല്ലാം അവിശ്വസനീയമായ ദുര്‍വിധിയിലേക്ക് ഇനി ഏറെ ദൂരമില്ല. 2006ല്‍ ലോകകപ്പ് നേടിയ ഇറ്റലി നാല് വര്‍ഷത്തിന് ശേഷം ആദ്യ റൗണ്ടില്‍ പുറത്തായി.

കാളപ്പോരുകളുടെ നാട്ടുകാരായ സ്‌പെയിനായിരുന്നു അത്തവണ ലോക ജേതാക്കള്‍. ചരിത്രം ആവര്‍ത്തിച്ചപ്പോള്‍ നിലവിലെ ജേതാക്കളായ സ്‌പെയിനും 2014ലെ ലോകകപ്പില്‍ ആദ്യറൗണ്ടില്‍ തന്നെ പുറത്ത്.

ആ വര്‍ഷം ലോകജേതാക്കളായ ജര്‍മനിയാകട്ടെ മുന്‍കാല ജേതാക്കളായിരുന്ന ഇറ്റലിയും സ്‌പെയിനും ഫ്രാന്‍സും കാഴ്ചവെച്ച അപകടകരവും ആശങ്കാജനകവുമായ സമാനതകളോടെയാണ് ഇത്തവണ കടന്നുവരുന്നത്.

ആദ്യ മത്സരത്തില്‍ ഹിര്‍വിങ്ങ് ലൊസാനയുടെ ഏകഗോളില്‍ ലോക തോല്‍വി ചോദിച്ചുവാങ്ങിയ ജര്‍മിനിയെ ഇനി കാത്തിരിക്കുന്നത് എന്തിനും പ്രാപ്തരായ സ്വീഡനും ദക്ഷിണ കൊറിയയും മാത്രമല്ല, ജേതാക്കളെ നിര്‍ദാക്ഷിണ്യം നാണംകെടുത്തി വീഴ്ത്തുന്ന ലോകകപ്പിന്റെ ചരിത്രം കൂടിയാണ്.

ഒന്നുറപ്പിച്ചാണ് ഈ ലോകകപ്പില്‍ ഐസ് ലന്‍ഡിനെപ്പോലെ, ഇറാനെപ്പോലെ, സെര്‍ബിയയെ പോലുള്ള കുഞ്ഞന്‍ ടീമുകളെത്തിയിരിക്കുന്നത്. ചെറുമീനുകള്‍ വമ്പന്‍ സ്രാവുകളെ വിഴുങ്ങുന്ന കാഴ്ച റഷ്യയില്‍ ഇവര്‍ കാട്ടിത്തന്നു. ജയിക്കാനുറച്ച കുഞ്ഞന്‍ ടീമുകളെ മറികടക്കാന്‍ സൂപ്പര്‍ താരങ്ങളുടെ ടീമുകള്‍ ഏറെ വിയര്‍ക്കേണ്ടി വരുമെന്നുറപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here