തിരുവനന്തപുരം : പ്രവാസികള്‍ക്ക് കരുതലും കൈത്താങ്ങുമാവുന്ന കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടി ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ലോഞ്ചില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് ഉദ്ഘാടനം ചെയ്യും. ‘പ്രവാസിയുടെ സമ്പാദ്യം -നാടിന്റെ സൗഭാഗ്യം’ എന്നതാണ് പ്രവാസി ചിട്ടിയുടെ മുദ്രാവാക്യം.
പ്രവാസി ചിട്ടി യാഥാര്‍ഥ്യമാകുന്നതോടെ സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളിലേക്ക് വലിയൊരു തുക നിക്ഷേപിക്കാന്‍ കഴിയുന്ന സ്ഥാപനമായി കെഎസ്എഫ്ഇയെ മാറ്റാന്‍ കഴിയും. 10000 കോടി രൂപ സംസ്ഥാനത്തിന്റെ വികസനത്തിനായി ലഭ്യമാക്കുന്ന സ്ഥാപനമായി കെഎസ്എഫ്ഇ വളരും.
ഏതാണ്ട് 40,000 കോടിയുടെ ചിട്ടി ടേണ്‍ ഓവര്‍ (ആഭ്യന്തര ചിട്ടിയടക്കം) ഉള്ള രാജ്യത്തെ ഏറ്റവും വലിയ ബാങ്കേതര ധനകാര്യ സ്ഥാപനങ്ങളില്‍ ഒന്നായും കെ എസ് എഫ് ഇ മാറും.
കഴിഞ്ഞ ഒരു വര്‍ഷത്തെ ഭഗീരഥപ്രയത്‌നത്തിലൂടെ ഈ കുതിപ്പിനുള്ള എല്ലാ തയ്യാറെടുപ്പുകളും നടന്നുകഴിഞ്ഞു .
ചിട്ടി രജിസ്‌ട്രേഷനും പണം അടക്കലും, ലേലം വിളിയും, പണം കൊടുക്കലും ഉള്‍പ്പെടെ പ്രവാസി ചിട്ടിയുടെ പ്രവര്‍ത്തനങ്ങളെല്ലാം ഓണ്‍ലൈന്‍ സംവിധാനത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
ഇതിനുള്ള സോഫ്റ്റ്വെയര്‍ റെഡിയായി. ചിട്ടിയില്‍ ചേരുന്നവര്‍ക്ക് പെന്‍ഷനും ഇന്‍ഷുറന്‍സും നല്‍കുന്നുണ്ട്. പ്രവാസി ചിട്ടി നടത്തുന്നതിന് ആവശ്യമായ ചട്ടഭേദഗതികള്‍ വന്നു. റിസര്‍വ് ബാങ്കിന്റെ അനുമതി ആയി. ഇനി ജീവനക്കാരെ പഠിപ്പിക്കണം, പരിശീലിപ്പിക്കണം; കെ എസ് എഫ് ഇ യുടെ ഇന്നുള്ള പ്രവര്‍ത്തനങ്ങളുമായി പ്രവാസി ചിട്ടിയെ ഉള്‍ചേര്‍ക്കണം.
ഇതിനുള്ള രണ്ടു ദിവസത്തെ സീനിയര്‍ ഉദ്യോഗസ്ഥരുടെ സംഗമം ടെക്‌നോപാര്‍ക്കില്‍ നടന്നു. മുഴുവന്‍ കാര്യങ്ങളും സവിസ്തരം ചര്‍ച്ച ചെയ്തു. ഇനി മേഖലതല പരിശീലനം ആണ് . അത് കഴിഞ്ഞാല്‍ ബ്രാഞ്ച് തലത്തിലും യോഗങ്ങള്‍ നടക്കും.
പ്രവാസികള്‍ക്കിടയില്‍ പ്രചാരണത്തിന് തയ്യാറെടുപ്പുകള്‍ നടന്നു വരികയാണ്. ഇതിനിടയില്‍ മണ്ഡലാടിസ്ഥാനത്തിലും പ്രാദേശികതലത്തിലും പ്രവാസി ബന്ധുക്കളുടെ സംഗമങ്ങള്‍ നാട്ടില്‍ നടക്കും.
ആ മണ്ഡലത്തില്‍ കിഫ്ബിയില്‍ പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതികള്‍ ഏതെല്ലാം എന്ന് ഈ സംഗമങ്ങളില്‍ എം എല്‍ എ മാര്‍ അവതരിപ്പിക്കും. പ്രവാസി ചിട്ടിയെ കുറിച്ചുള്ള അവതരണവും ഉണ്ടാകും. ഇതിനുള്ള രൂപരേഖയ്ക്ക് സംസ്ഥാനതല എക്‌സിക്യൂട്ടീവ് സംഗമം അവസാന രൂപം നല്‍കി.
ടെക്‌നോപാര്‍ക്കില്‍ നടന്ന ഉദ്യോഗസ്ഥ സംഗമം വലിയ ആവേശവും ആത്മവിശ്വാസവും സൃഷ്ടിച്ചിട്ടുണ്ട്. പ്രവാസി ചിട്ടിയെ കുറിച്ച് പൂര്‍ണ വ്യക്തത എല്ലാവര്‍ക്കും ലഭിച്ചു.
വികസന നിക്ഷേപത്തിനായുള്ള വിപുലമായ ജനകീയ യജ്ഞം ആയി പ്രവാസി ചിട്ടി മാറാന്‍ പോകുകയാണ്. പ്രവാസി യാതൊരു സംഭാവനയും നല്‍കേണ്ടതില്ല. ചിട്ടിയില്‍ ചേര്‍ന്നാല്‍ മാത്രം മതി. മറ്റേതൊരു ചിട്ടിയും പോലെ സമ്പാദ്യം എല്ലാവിധ ആനുകൂല്യങ്ങളോടും കൂടി തിരികെ ലഭിക്കും. നാട്ടിലെ വികസനവും നടക്കും.
Get real time update about this post categories directly on your device, subscribe now.