കെവിന്‍ വധക്കേസ് : നീനുവിന്റെ ചികിത്സാ രേഖകള്‍ എടുക്കാന്‍ പ്രതി ചാക്കോയുടെ അഭിഭാഷകന് കോടതിയുടെ അനുവാദം

കോട്ടയം: കെവിന്‍ വധക്കേസില്‍ ഭാര്യ നീനുവിന്റെ ചികിത്സാരേഖകള്‍ വീട്ടില്‍ നിന്നെടുക്കാന്‍ അഞ്ചാം പ്രതി പിതാവ് ചാക്കോയ്ക്ക് കോടതിയുടെ അനുമതി.

പൊലീസിന്റെ സാന്നിധ്യത്തില്‍ ചാക്കോയുടെ അഭിഭാഷകന് ചാക്കോയുടെ പുനലൂരിലെ വീട്ടില്‍ എത്തി ചികിത്സാരേഖകള്‍ എടുക്കാമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ചാക്കോയെയും ഒപ്പം കൊണ്ടുപോകാൻ കോടതി അനുമതി നൽകി.

നീനുവിന് മാനസിക രോഗമുണ്ടെന്നും അതു തെളിയിക്കുന്ന രേഖകള്‍ എടുക്കാന്‍ അനുവദിക്കണമെന്നും ചാക്കോ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഏറ്റുമാനൂര്‍ കോടതിയുടെതാണ് നടപടി. ചാക്കോ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി.

നീനുവും തന്റെ ഭാര്യ രഹ്നയും മാനസിക രോഗികളാണെന്നും അത് തെളിയിക്കുന്ന രേഖകള്‍ എടുക്കാന്‍ വീടു തുറക്കാന്‍ അനുവദിക്കണമെന്നും ചാക്കോ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ കോടതി പോലീസിന്റെ റിപ്പോര്‍ട്ടും തേടിയിരുന്നു.

അതേസമയം, തനിക്ക് മാനസിക രോഗമില്ലെന്നും തിരുവനന്തപുരത്തെ ഒരു ആശുപത്രിയില്‍ കൗണ്‍സിലിംഗിന് തന്നെ കൊണ്ടുപോയപ്പോള്‍ ചികിത്സ വേണ്ടത് മാതാപിതാക്കള്‍ക്കാണെന്നാണ് ഡോക്ടര്‍ അറിയിച്ചതെന്നും നീനുവും നേരത്തെ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here