അടിക്കടി ഉണ്ടാവുന്ന പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധന മൂലം ജനങ്ങള്‍ അനുവഭവിക്കുന്ന ദുരിതം തങ്ങളെ അലട്ടുന്നില്ലെന്ന് സംശയത്തിന് വകയില്ലാതെ വെളിപ്പെടുത്തി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.
ഇന്ധന വില വര്‍ദ്ധനവിനെ തുടര്‍ന്ന് രാജ്യത്ത് തുടര്‍ച്ചയായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന അവസരത്തില്‍ വില കുറയുമെന്ന ജനങ്ങളുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കികൊണ്ടാണ് ധനമന്ത്രി ഈ പ്രതികരണം നടത്തിയത്.
വില കുറക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ വികസന വിരുദ്ധമാവുമെന്നതാണ് അദ്ദേഹം ഇതിന് നല്‍കുന്ന വിശദീകരണം.
നിലവില്‍ വരുമാനത്തിന് സര്‍ക്കാര്‍ മുഖ്യമായും ആശ്രയിക്കുന്നത് പെട്രോള്‍-ഡീസല്‍ നികുതിയെയാണ്. ഈ നില മാറണമെങ്കില്‍ ജനങ്ങള്‍ അവരുടെ ആദായ നികുതി സത്യസന്ധമായി അടക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി 25 രൂപ കുറയ്ക്കണമെന്ന മുന്‍ ധനമന്ത്രി പി.ചിദംബരത്തിന്റെ ആവശ്യം സര്‍ക്കാറിനെ കുടുക്കാനുള്ള ട്രാപ് എന്നാണ് അദ്ദേഹം സൂചിപ്പിച്ചത്.
എക്സൈസ് ഡ്യൂട്ടി ഇനത്തില്‍ ഒരു രൂപ കുറച്ചാല്‍ കേന്ദ്ര സര്‍ക്കാരിന് 13,000 കോടി രൂപ നഷ്ടമാകും. അത് അസാധ്യമായ കാര്യമാണ്. ജനങ്ങള്‍ സത്യസന്ധമായി ആദായ നികുതി അടയ്ക്കുന്നില്ലെന്നും പരോക്ഷമായി ജെയ്റ്റ്‌ലി കുറ്റപ്പെടുത്തുന്നു.
മാസശമ്പളക്കാര്‍ മാത്രമാണ് കൃത്യമായി നികുതി അടയ്ക്കുന്നത്. മറ്റു രീതിയില്‍ വരുമാനം ഉണ്ടാക്കുന്നവര്‍ നികുതി കൃത്യമായി അടയ്ക്കുന്നില്ല. അതുകൊണ്ട് പെട്രോളിയം ഉത്പന്നങ്ങളുടെ നികുതിയെ കൂടുതല്‍ ആശ്രയിക്കേണ്ടി വരുന്നു. ഇതില്‍ മാറ്റം ഉണ്ടായാല്‍ മാത്രമേ പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കാന്‍ കഴിയൂ.
Get real time update about this post categories directly on your device, subscribe now.