ലോകകപ്പ്: ദക്ഷിണകൊറിയക്കെതിരെ സ്വീഡന് ജയം

തടിമിടുക്കിന്റെ കളിയായിരുന്നു സ്വീഡനും ദക്ഷിണകൊറിയയും നടത്തിയത്.

മനോഹരമായ നിമിഷങ്ങള്‍ അപൂര്‍വം മാത്രമായിരുന്ന കളിയില്‍ വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം സ്വീഡന്റെ തുണക്കെത്തിയപ്പോള്‍ പെനാല്‍റ്റി ഗോളിലൂടെ അവര്‍ മൂന്ന് പോയിന്റും ജയവും പേരിലാക്കി.

തടിമിടുക്കിന് മുന്നില്‍ നിന്ന കൊറിയന്‍ സംഘം ആദ്യ നിമിഷം മുതല്‍ സ്വീഡന്‍കാരെ നിലത്ത് നിര്‍ത്തിയില്ല. ഏഷ്യന്‍ ടീമിന്റെ കടുത്ത ടാക്ലിംഗിനെ അതിജീവിക്കാന്‍ യൂറോപ്യന്‍ സംഘം നന്നേ പാടുപെട്ടു.

സ്വീഡന് ഗോളിലേക്ക് വഴി തുറന്നതും കൊറിയയുടെ കയ്യിലിരുപ്പ് തന്നെ. അറുപത്തിഅഞ്ചാം മിനിറ്റില്‍ നായകന്‍ ആന്ദ്രെ ഗ്രാന്‍ക്വിസ്റ്റാണ് പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സ്വീഡന്റെ ജയമുറപ്പിച്ചത്.

മിഡ്ഫീല്‍ഡര്‍ വിക്ടര്‍ ക്ലാസണെ ബോക്‌സില്‍ വീഴ്ത്തിയതിന് വാര്‍ സംവിധാനത്തിലൂടെയാണ് സ്വീഡന് പെനാല്‍റ്റി ലഭിച്ചത്.

ആദ്യം പെനാല്‍റ്റി അനുവദിക്കാതിരുന്ന റഫറി പിന്നീട് വീഡിയോ പരിശോധിച്ച് പെനാല്‍റ്റി അനുവദിക്കുകയായിരുന്നു.

ഗോള്‍ വീണതിന് ശേഷം കൊറിയ മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും സ്വീഡന്‍ പ്രതിരോധത്തില്‍ തട്ടി തകരുകയായിരുന്നു.

ജര്‍മ്മനിയെ മെക്‌സിക്കോ അട്ടിമറിച്ച ഗ്രൂപ്പില്‍ കൊറിയക്കെതിരെ നേടിയ വിലപ്പെട്ട മൂന്ന് പോയിന്റുകള്‍ സ്വീഡന് വലിയ പ്രതീക്ഷയാണ് നല്‍കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here