മെക്സിക്കൻ അപാരതയെ പാടി പുകഴ്ത്തുന്നവരോട്; പരാജയം കൊണ്ട് ജര്‍മനിയെ എഴുതിത്തള്ളാമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ല

മെക്സിക്കൻ അപാരതയെ പാടി പുകഴ്ത്തുന്നവരോട് , പരാജയം കൊണ്ട് ജര്‍മനിയെ എഴുതിത്തള്ളാമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ല. ഫിനിക്സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേല്‍ക്കും . ആക്രമണം ആണ് ഏറ്റവും നല്ല പ്രതിരോധം എന്ന് ബ്രസീൽ മറന്നു. ബ്രസീൽ താളം വീണ്ടെടുക്കും ഉറപ്പ് പുത്തലത്ത് ദിനേശന്‍  എ‍ഴുതുന്നു.

ജര്‍മനിയും ബ്രസീലും അരങ്ങേറിയപ്പോള്‍

ലോകകപ്പ് ഫുട്ബോളില്‍ ഇന്നലെ നടന്ന മത്സരങ്ങള്‍ ആകര്‍ഷകവും ശ്രദ്ധേയവുമായിരുന്നു. കോസ്റ്റോറിക്ക-സെര്‍ബിയ മത്സരത്തോടെയാണ് ഇന്നലെ ലോകകപ്പ് വേദി ഉണര്‍ന്നത്. പ്രവചനക്കാരുടെ കണക്കുപുസ്തകങ്ങളില്‍ കിരീട സാധ്യതയുള്ളവരായി എണ്ണപ്പെടുന്ന ജര്‍മനിയും ബ്രസീലും ഈ ലോകകപ്പിലെ കന്നി അങ്കത്തിനിറങ്ങിയതും ഇന്നലെത്തന്നെ.

മത്സരത്തില്‍ ഏറെയൊന്നും നേടാനില്ലെന്ന ശാരീരിക ഭാഷയായിരുന്നു കോസ്റ്റോറിക്ക പ്രകടിപ്പിച്ചത്. അതിനാല്‍ സെര്‍ബിയയ്ക്കെതിരെ പ്രതിരോധാത്മത ഫുട്ബോളിനാണ് കോസ്റ്റോറിക്ക ശ്രമിച്ചത്. റയല്‍ മാഡ്രിഡിന്‍റെ വിശ്വസ്തനായ കാവല്‍ക്കാരന്‍ കെയിലര്‍ നവാസിന്‍റെ മുന്നില്‍ 7 പേരെ പ്രതിരോധത്തിലൊരുക്കി സെര്‍ബിയയെ വഴക്കിയെടുക്കാനായിരുന്നു അവരുടെ ശ്രമം.

സെര്‍ബിയയുടെ ഗോളെന്നുറച്ച നിരവധി അവസരങ്ങള്‍ തടുത്തുകൊണ്ട് കെയ്ലര്‍ നവാസ് തന്‍റെ പ്രതിഭയെ ഈ മത്സരത്തില്‍ തുറന്നുവച്ചു. എന്നാല്‍ ആ പ്രതിഭയുടെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച് സെര്‍ബിയന്‍ നായകന്‍ അലക്സാണ്ടര്‍ കൊളറോ മനോഹരമായ ഒരു ഫ്രീകിക്കിലൂടെ സെര്‍ബിയയെ വിജയത്തിലേക്ക് നയിച്ചു. മനോഹരമായ ഈ ഫ്രീകിക്കും നവാസിന്‍റെ സേവിംഗുകളുമായിരുന്നു ഈ മത്സരത്തിന്‍റെ സവിശേഷതയായി അവസാനിച്ചത്.

ലോകകപ്പിലെ വിജയ ടീമുകളൊന്നായി വിലയിരുത്തിയ ജര്‍മനിയെ മെക്സിക്കന്‍ അപാരത കെട്ടുകെട്ടിക്കുന്നതിന് സാക്ഷ്യംവഹിച്ചതായിരുന്നു രണ്ടാം മത്സരം. പ്രതിരോധത്തിനല്ല അക്രമണത്തിനാണ് തങ്ങളെത്തിയിരിക്കുന്നത് എന്ന് ഓര്‍മ്മിപ്പിക്കുന്ന ശൈലിയിലായിരുന്നു മെക്സിക്കോയുടെ പടയൊരുക്കം.

ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍മാരോടാണ് ഏറ്റുമുട്ടുന്നത് എന്ന യാതൊരു സങ്കോചവും അവരെ തൊട്ടുതീണ്ടിയില്ല. ലോംഗ് പാസുകളില്‍ ഊന്നിനിന്നുകൊണ്ടുള്ള സവിശേഷ ശൈലിയായിരുന്നു അവരുടേത്. അത്തരം ഒരു ലോംഗ് പാസില്‍ നിന്നാണ് കളിയുടെ മുപ്പത്തഞ്ചാം മിനിറ്റില്‍ ഹര്‍വിങ് ലോസോന അടിച്ച ഗോളിന് ജര്‍മന്‍പട മുട്ടുമടക്കേണ്ടി വന്നത്.

ഗോള്‍ വീണതോടെ രണ്ടാം പകുതി ജര്‍മനിയുടെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂടി. ജോര്‍ഷോ കിമ്മിച്ചിനെ കൂടുതല്‍ കയറി കളിക്കാന്‍ കോച്ച് നിയോഗിച്ചതോടെ മഴവെള്ള പാച്ചല്‍ പോലെ രണ്ടാം പകുതിയില്‍ ജര്‍മനി കുതിച്ചുകയറി. തോമസ് മുള്ളറും, തിയോ വെര്‍ണനും ഡ്രാക്സിലറും സുന്ദരമായ ഫുട്ബോള്‍ മുഹൂര്‍ത്തങ്ങള്‍ക്ക് അവസരമൊരുക്കി.

എന്നാലിതൊന്നും മെക്സിക്കന്‍ പ്രതിരോധനിരയെയും ഗോളിയെയും തകര്‍ക്കാന്‍ പര്യാപ്തമായില്ല. പ്രതിരോധം ചിതറിയ ഘട്ടങ്ങളിലെല്ലാം മെക്സിക്കന്‍ ഗോളി ഗിലെര്‍മോ ഒച്ചാമ തന്‍റെ പ്രതിഭ പ്രദര്‍ശിപ്പിച്ചുകൊണ്ട് മെക്സിക്കോയ്ക്ക് വിജയത്തിന്‍റെ വെന്നിക്കൊടി പാറാന്‍ അവസരമൊരുക്കി.

ആദ്യ പകുതിയില്‍ ജര്‍മനി ലക്ഷ്യത്തിലേക്ക് തൊടുത്തത്ത് 9 ഷോട്ടുകളാണ്. തിരിച്ച് ജര്‍മനിക്ക് കിട്ടിയതാവട്ടെ 10 ഷോട്ടുകളും. ആദ്യ പകുതി എത്രത്തോളം ആക്രമണോത്സുകമായിരുന്നു എന്ന് ഇത് വ്യക്തമാക്കുന്നു. അക്രമണം, പ്രതിരോധം, പ്രത്യാക്രമണം അങ്ങനെ ഫുട്ബോളിന്‍റെ മനോഹര ദൃശ്യങ്ങള്‍ നിറഞ്ഞാടിയതായിരുന്നു ജര്‍മനി-മെക്സിക്കോ മത്സരം.

ഹൃദയം കൊണ്ട് പന്തുകളിക്കുന്നവരാണ് ലാറ്റിനമേരിക്കന്‍ ടീമുകളെന്നാണ് പറയാറുള്ളത്. ബ്രസീലിന്‍റെ സാംബാ സംഗീതം പോലെ മെക്സിക്കന്‍ ബൊലോറെയും അവരുടെ കേളീശൈലിയിലെ സവിശേഷതയാണ്. ഈ സംഗീതത്തിന്‍റെ താളം സമുന്വയിപ്പിക്കുന്ന അഴക് മെക്സിക്കോയുടെ കേളീ ശൈലിയിലുമുണ്ട്.

യൂറോപ്യന്‍ ഫുട്ബോളിന്‍റെ എണ്ണയിട്ട യന്ത്രങ്ങള്‍ പോലുള്ള കുതിപ്പുകളും നേര്‍രേഖയിലെ നീക്കങ്ങളുമെല്ലാം ജര്‍മന്‍ ശൈലിയിലും അലിഞ്ഞുചേര്‍ന്നിട്ടുണ്ട്. പാറ്റേണ്‍ ടാങ്കുകളുടെ ആക്രമണശൈലിയെന്നു ജര്‍മന്‍ രീതിയെ വിശേഷിപ്പിക്കാറുമുണ്ട്.

ഇത്തരത്തില്‍ വ്യത്യസ്ത ശൈലികളുടെ പോരാട്ടം കൂടിയായ ഈ മത്സരം ടൂര്‍ണ്ണമെന്‍റിലെ എറ്റവും വലിയ അട്ടിമറി മാത്രമല്ല, വ്യത്യസ്ത ശൈലിയുടെ വര്‍ണ്ണങ്ങള്‍ വാരി വിതറിയ ഫുട്ബോള്‍ കാഴ്ച കൂടിയായിരുന്നു ഇത്.

ഈ മത്സരത്തിലെ പരാജയം കൊണ്ട് ജര്‍മനിയെ എഴുതിത്തള്ളാമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ല. ഫിനിക്സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിവുള്ള ടീമാണിത്. പ്രതിസന്ധിഘട്ടങ്ങളില്‍ ഉയര്‍ന്നുപൊങ്ങാനുള്ള അപാര കഴിവ് പുറത്തെടുത്താല്‍ ജര്‍മനി മുന്നോട്ടുതന്നെ കുതിക്കും.

ഇന്നലത്തെ അവസാന മത്സരത്തില്‍ പന്തുതട്ടാനിറങ്ങിയത് കാവ്യാത്മകത ഫുട്ബോളില്‍ നിറഞ്ഞ ടീമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബ്രസീലാണ്. ലോകത്തിലെ രണ്ടാം നമ്പര്‍ ടീമായ ബ്രസീല്‍ നേരിട്ടതാവട്ടെ ആറാം സ്ഥാനത്തിരിക്കുന്ന സ്വിറ്റ്സര്‍ലാന്‍റിനെയാണ്.

കഴിഞ്ഞ ലോകകപ്പില്‍ ഏറ്റ പരാജയത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ബ്രസീല്‍ എത്രത്തോളം മുന്നേറി എന്ന ആകാംക്ഷയോടെയാണ് കളി കാണാനിരുന്നത്. ലോക ചാമ്പ്യരാകുമെന്ന് പ്രവചന പുസ്തകങ്ങളില്‍ രേഖപ്പെടുത്തിയവരുടെ കണക്കുപുസ്തകം ശരിയാണോ എന്നറിയാനുള്ള ആകാംക്ഷ കൂടിയായിരുന്നു പ്രേക്ഷകരെ നയിച്ചത്.

മത്സരം തുടങ്ങുമ്പോള്‍ താളം കണ്ടെത്തുന്നതിന് പ്രയാസപ്പെടുകയായിരുന്നു 2 ടീമുകളും. വളരെ വേഗം തന്നെ ബ്രസീല്‍ താളം കണ്ടെത്തി. കളം നിറഞ്ഞാടി കുറിയ പാസുകളിലൂടെയും മധ്യരേഖയില്‍ ത്രികോണങ്ങള്‍ വരച്ചും സാംബാ സംഗീതത്തിന്‍റെ സൗന്ദര്യം പോലെയുള്ള നിമിഷങ്ങളായിരുന്നു പിന്നീട് കണ്ടത്. അതിന്‍റെ മൂര്‍ദ്ധന്യാവസ്ഥയില്‍ ബ്രസീലിന്‍റെ സാംബാശൈലിയുടെ പൂര്‍ത്തീകരണമെന്ന പോലെ മനോഹരമായ ഗോള്‍ കുടീന്യോ നേടി. ഗോള്‍ വീണതോടെ ബ്രസീലിന്‍റെ താളം മെല്ലെ അയയാന്‍ തുടങ്ങി. മധ്യമേഖലയില്‍ സ്വിറ്റ്സര്‍ലാന്‍റ് ആധിപത്യം നേടി.

പക്ഷെ ബ്രസീലിയന്‍ പ്രതിരോധത്തെ പരീക്ഷിക്കാന്‍ കഴിയാത്തവിധം കാസിം ഫെറോയെ മറികടക്കാനാവാതെ ചുറ്റിക്കറങ്ങുകയായിരുന്നു സ്വിറ്റ്സര്‍ലാന്‍റുകാര്‍. ഒന്നാം പകുതിയുടെ അവസാന നിമിഷം സില്‍വയുടെ മനോഹരമായ ഹെഡര്‍ പുറത്തുപോകുന്നത് ശ്വാസം പിടിച്ചു കണ്ടിരിക്കുകയായിരുന്നു ബ്രസീലിയന്‍ ആരാധകര്‍.

രണ്ടാം പകുതിയില്‍ സ്വിറ്റ്സര്‍ലാന്‍റ് വ്യത്യസ്തമായ ഒരു ടീമെന്ന പോലെ പൊരുതാന്‍ തുടങ്ങി. എന്നാല്‍ ബ്രസീലിന്‍റെ പ്രതിരോധം ആയാസരഹിതമായി ഇവരുടെ മുന്നേറ്റങ്ങളെ ചെറുത്തു. എന്നാല്‍ അമ്പതാം മിനിട്ടില്‍ ലഭിച്ച കോര്‍ണര്‍ കിക്ക് സ്വിറ്റ്സര്‍ലാന്‍റിന്‍റെ ഷാക്കിരി ശക്തമായി ബോക്സിലേക്ക് അടിച്ചത് സ്യൂബര്‍ ഹെഡ് ചെയ്ത് ഗോളാക്കി. ഒരു കൂട്ടം ബ്രസീലിയന്‍ ഡിഫന്‍റര്‍മാര്‍ ബോക്സില്‍ നില്‍ക്കുമ്പോഴാണ് ബ്രസീലിയന്‍ ഗോള്‍വല കുലുങ്ങിയത്.

ഗോളുവീണ ബ്രസീല്‍ ആക്രമണതാളം നടത്തുകയായിരുന്നു. വിംഗുകളിലൂടെയും മധ്യഭാഗത്തൂടെയും ബ്രസീലിയന്‍ ശൈലിയില്‍ ചേതോഹരമായ നീക്കങ്ങള്‍ ആരംഭിച്ചു. അവസാന 15 മിനിറ്റ് ശരിക്കും അത് ദ്രുതതാളമായി. സ്വിറ്റ്സര്‍ലാന്‍റിന്‍റെ ഗോള്‍മുഖത്തെ അത് വിറപ്പിച്ചു.

അവസരങ്ങളുടെ പരമ്പര തുറന്നുകിട്ടി. എന്നാല്‍ അവയൊന്നും തന്നെ ഗോള്‍വലയില്‍ അവസാനിച്ചില്ല. പുറത്തേക്ക് പോകാനായിരുന്നു മിക്കതിനും ഉള്ള വിധി. അതിനാല്‍ ഗോളിക്ക് ഏറെ കടുത്ത പരീക്ഷണത്തെ നേരിടേണ്ടി വന്നില്ല. അവസാനനിമിഷം ഫിര്‍മിനോവിന്‍റെ ഷോട്ട് പുറത്തുപോയതോടെ ബ്രസീലിന് ജയിക്കാന്‍ കഴിയുമായിരുന്ന മത്സരം സമനിലയില്‍ അവസാനിച്ചു.

മത്സരത്തിനിടെ രണ്ടു ശക്തമായ അപ്പീലുകള്‍ ബ്രസീല്‍ മുന്നോട്ടുവച്ചിരുന്നു. ഒന്ന് ഗോളടിച്ച സ്വിസ് താരം ബ്രസീലിയന്‍ ഡിഫന്‍ററെ തള്ളിമാറ്റി എന്നതായിരുന്നു. ബോക്സില്‍ ബ്രസീലിയന്‍ താരത്തെ വീഴ്ത്തിയതിന് പെനാല്‍റ്റി അനുവദിക്കണമെന്നതായിരുന്നു മറ്റൊന്ന്. തീരെ കഴമ്പില്ലാത്ത ഒന്നായിരുന്നില്ല ഇവയെന്ന് റീപ്ലെ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ അതിനെ പഴിചാരിയൊന്നും വന്ന ദൗര്‍ബല്യത്തെ ന്യായീകരിക്കാനാവില്ല. അവസരങ്ങള്‍ തുലച്ചു എന്നത് തന്നെയാണ് മത്സരത്തെ അവസാനം കൂട്ടിയും കുറച്ചുമെത്തുമ്പോള്‍ ബ്രസീലിന്‍റെ ദൗര്‍ബല്യമായി മുഴച്ചുനില്‍ക്കുന്നത്.

നെയ്മര്‍ ഈ മത്സരത്തില്‍ അതിശക്തമായ ടാക്കിളിംഗിന് വിധേയമായി. മറഡോണയ്ക്കെതിരായി ഉണ്ടായ രീതികളെ അനുസ്മരിക്കുന്നതായിരുന്നു പലതും. 90 മിനുട്ട് നീണ്ട മത്സരത്തില്‍ 10 ഫൗളുകളാണ് നെയ്മറിന് നേരെ ഉണ്ടായത്. ശരാശരി 9 മിനിറ്റില്‍ ഒന്നെന്ന നിലയില്‍. നെയ്മറുടെ ഭാഗത്ത് കളിച്ചിരുന്ന മൂന്ന് സ്വിസ് കളിക്കാര്‍ക്കും മഞ്ഞക്കാര്‍ഡ് ലഭിക്കുകയും ചെയ്തു. ശാരീരികക്ഷമത വീണ്ടെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു താരത്തെ സംബന്ധിച്ചിടത്തോളം ഇത് താങ്ങാവുന്നതിനും അപ്പുറമുള്ള ഒന്നാണ്.

നെയ്മറെ കേന്ദ്രീകരിച്ചുകൊണ്ടുള്ള കഴിഞ്ഞ ലോകകപ്പിലെ രീതിയില്‍ നിന്ന് ബ്രസീല്‍ ഏറെ മുന്നോട്ടുവന്നിട്ടുണ്ട് എന്ന് ഈ മത്സരം ഓര്‍മ്മിപ്പിക്കുന്നുണ്ട്. ദുര്‍ബലമെന്ന് പലപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുള്ള ബ്രസീലിന്‍റെ പ്രതിരോധനിര താളാത്മകമായിത്തന്നെ ആക്രമണങ്ങളുടെ മുനയൊടിക്കുന്നത് മത്സരത്തിലെ ചോതോഹരമായ കാഴ്ചകളിലൊന്നായിരുന്നു.

മധ്യനിരയില്‍ ഇടയ്ക്ക് നിയന്ത്രണം വിട്ടുപോകുന്നുവെന്ന ദുര്‍ബലത കളിയിലെ ചില ഘട്ടങ്ങളില്‍ ബ്രസീലിനെ തളര്‍ത്തുകയും ചെയ്തിട്ടുണ്ട്. ആക്രമണം തന്നെ വലിയ പ്രതിരോധമാണെന്ന പാഠം ഫുട്ബോളില്‍ മറക്കാതിരിക്കേണ്ട ഒന്നാണല്ലോ? ഇന്നലെ ഇടയ്ക്കെയ്ങ്കിലും ബ്രസീല്‍ ഈ പാഠം മറന്നതാണ് വിനയായത്.

മത്സരത്തില്‍ മനോഹരമായി കളിച്ച താരം സ്വിറ്റ്സര്‍ലാന്‍റിന്‍റെ ഷാക്കിരി തന്നെയാണ്. പ്രത്യേകിച്ചും രണ്ടാം പകുതിയില്‍. മധ്യനിരയില്‍ നിന്നുകൊണ്ട് എതിര്‍ ബോക്സുകളില്‍ പടര്‍ന്നുകയറി അവര്‍ നടത്തിയ നീക്കങ്ങളാണ് സ്വിറ്റ്സര്‍ലാന്‍റിന്‍റെ ആക്രമണങ്ങള്‍ക്ക് നങ്കൂരമിട്ടത്.

ബ്രസീലിന്‍റെ രംഗപ്രവേശം ഓര്‍മ്മിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട്. സാംബാനൃത്തത്തിന്‍റെയും ലാറ്റിനമേരിക്കന്‍ ശൈലിയുടെയും ചേതോഹരമായ ഫുട്ബോള്‍ അവരുടെ ആവനാഴിയില്‍ ഭദ്രമായുണ്ട്. അതിന്‍റെ ആകര്‍ഷകമായ വിന്യാസങ്ങള്‍ ഈ മത്സരത്തില്‍ ഉണ്ടായിതാനും. ഈ ശൈലിയാണല്ലോ ബ്രസീലിന് ലോകമെങ്ങും ആരാധകരുടെ എണ്ണമറ്റ നിരയെ സൃഷ്ടിച്ചത്.

ബ്രസീല്‍ ആരാധകര്‍ ആഗ്രഹിക്കാത്ത ഈ സമനിലയ്ക്കിടയിലും ഈ താളം തുടര്‍ച്ചയായി നിലനിര്‍ത്താന്‍ ബ്രസീലിന് കഴിഞ്ഞിട്ടുണ്ട്. ഇത്അവസരങ്ങള്‍ താനേ സൃഷ്ടിക്കുമെന്ന സന്ദേശമാണ് ഈ മത്സരത്തിലൂടെ ബ്രസീല്‍ കാണിച്ചുതന്നത്.

ഈ രീതി സംരക്ഷിച്ച് അവസരങ്ങളെ ഉപയോഗപ്പെടുത്തിയാല്‍ ചേതോഹരമായ ബ്രസീലിയന്‍ ഫുട്ബോളിന്‍റെ ആകര്‍ഷക കാഴ്ചകള്‍ ലോകകപ്പ് കഴിയും വരെ നല്‍കാനുമാവുമെന്ന് ഈ മത്സരം ഓര്‍മ്മിപ്പിക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News