ലോകകപ്പിനിടെ അച്ഛനായി; ഡെന്‍മാര്‍ക്ക് താരത്തിന് ടീം അംഗങ്ങളുടെ വിചിത്ര സമ്മാനം

ലോകകപ്പിനിടെ പെണ്‍കുട്ടിയുടെ പിതാവായ ഡെന്‍മാര്‍ക്ക് താരം യോനാസ് കനൂഡ്‌സണിന് ടീം അംഗങ്ങളുടെ വക വിചിത്ര സമ്മാനം.

പ്രാഥമിക റൗണ്ടില്‍ പെറുവിനെതിരായ ആദ്യ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഡെന്‍മാര്‍ക്ക് ജയിച്ചതിന് പിന്നാലെ ടീം അംഗങ്ങള്‍ പ്രതിരോധ നിരയിലെ കളിക്കാരനായ കനൂഡ്‌സണിന് കുട്ടിയെയും അമ്മയെയും കണ്ട് മടങ്ങാനായി സ്വകാര്യ വിമാനം ചാര്‍ട്ടര്‍ ചെയ്ത് നല്‍കി.

25 കാരനായ കനൂഡ്‌സണിന്റെ ഭാര്യ ട്രൈന്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. ഡോക്ടര്‍മാര്‍ കണക്കുകൂട്ടിയിരുന്ന തീയതിക്കും ആഴ്ചകള്‍ക്ക് മുമ്പായിരുന്നു പ്രസവം.

ഡാനിഷ് ഫുട്‌ബോള്‍ അസോസിയേഷനാകട്ടെ, കനൂഡ്‌സണിനെ ടീം ക്യാമ്പില്‍ നിന്ന് ഒഴിവാക്കാനാവില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് റഷ്യയില്‍ നിന്ന് അരദിവസത്തേക്കായി ഡെന്‍മാര്‍ക്കിലെ വീട്ടില്‍ പോയിവരാന്‍ ടീമിലെ സുഹൃത്തുക്കള്‍ വിമാനം ചാര്‍ട്ടര്‍ ചെയ്തത്.

അര ദിവസം ക്യാംപില്‍ നിന്ന് മാറി നിന്ന ഡാനിഷ് ഡിഫന്റര്‍ കുഞ്ഞിനെ കണ്ട് നേരെ പരിശീലന ക്യാമ്പില്‍ തിരിച്ചെത്തുകയും ചെയ്തു. വ്യാഴാഴ്ച ആസ്‌ട്രേലിയക്കെതിരെയാണ് ഡെന്മാര്‍ക്കിന്റെ അടുത്ത മത്സരം.

ദേശീയ ടീമിലെ അഞ്ചാം നമ്പര്‍ ജഴ്‌സിക്കാരനായ കനൂഡ്‌സണ്‍ അണ്ടര്‍ 18, 19, 21 ടീമുകളില്‍ അംഗമായിരുന്നു.

ഫുട്‌ബോള്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇപ്‌സ്വിക് ടൗണിന്റെ താരമായ കനൂഡ്‌സണ്‍ നാല് വര്‍ഷമായി ദേശീയ ടീമിലംഗമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News