ബിജെപിയുടെ പിന്‍മാറ്റം കാശ്മീരില്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥയ്ക്ക് വഴിയൊരുക്കും; പിന്‍മാറ്റം ബിജെപിയുടെ രാഷ്ട്രീയ പരാജയത്തിന്റെ തെളിവ്: സിപിഐഎം

ദില്ലി : ജമ്മു കശ്മീരിൽ പിഡിപിയുമായി ചേർന്നുള്ള സഖ്യസർക്കാരിൽ നിന്ന് പിൻവാങ്ങാനുള്ള ബിജെപി തീരുമാനം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ.

കശ്മീരിൽ ബിജെപി സ്വീകരിച്ച നിലപാടുകളുടെ പൂർണമായ രാഷ്ട്രീയ പരാജയം കൂടിയാണിതെന്നും പിബി അഭിപ്രായപ്പെട്ടു.

ഒരു വിഷയത്തിൽ പോലും യോജിപ്പില്ലാത്ത രണ്ട് കക്ഷികളാണ് സഖ്യത്തിലുണ്ടായിരുന്നത്.സഖ്യം തുടക്കം മുതൽ ചാഞ്ചാട്ടത്തിലായിരുന്നു.

അധികാരത്തിന്റെ നേട്ടങ്ങൾ അനുഭവിക്കുന്നതിനായി മാത്രമുള്ള തികച്ചും അവസരവാദ കൂട്ടുക്കെട്ടായിരുന്നു ബിജെപി‐പിഡിപി സഖ്യം.

കഴിഞ്ഞ മൂന്നുവർഷ കാലയളവിൽ സംസ്ഥാന സർക്കാരെടുത്ത എല്ലാ തീരുമാനങ്ങളിലും സഖ്യകക്ഷിയെന്ന നിലയിൽ ബിജെപിയും പങ്കാളിയാണ്.

അതുകൊണ്ടു തന്നെ സംസ്ഥാനത്ത് സാഹചര്യങ്ങൾ മോശമാകുന്നതിനും ജനങ്ങളെ കൂടുതൽ അകറ്റുന്നതിനും സംഭാവനകൾ നൽകിയതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് മാറിനിൽക്കാനാവില്ല.

കേന്ദ്രത്തിലെ ഭരണകക്ഷിയെന്ന നിലയിലും സംസ്ഥാനത്തെ ഭരണ സഖ്യകക്ഷിയെന്ന നിലയിലും കാശ്മീരിലെ ജനങ്ങൾക്ക് ബിജെപി രണ്ട് കാര്യങ്ങൾ വാഗ്ദാനം ചെയ്തിരുന്നു.

ഒന്ന്, വിശ്വാസവർധക നടപടികൾ അടിയന്തരമായി നടപ്പാക്കൽ. രണ്ട്, താഴ്വരയിലെ എല്ലാ വിഭാഗങ്ങളുമായും ഒരു സമഗ്ര സംഭാഷണത്തിന് മുൻകയ്യെടുത്തു കൊണ്ട് ഒരു രാഷ്ട്രീയ പ്രക്രിയ അടിയന്തരമായി ആരംഭിക്കുക.

2017 സെപ്തംബറിൽ സർവ്വകക്ഷി സംഘം താഴ്വര സന്ദർശിച്ച ശേഷം ആഭ്യന്തര മന്ത്രി രാജ്നാഥ് സിങാണ് ഈ രണ്ട് വാഗ്ദാനങ്ങളും പരസ്യമായി പ്രഖ്യാപിച്ചത്.

എന്നാൽ ഈ രണ്ട് വാഗ്ദാനങ്ങളും പാലിക്കപ്പെട്ടില്ല. ഈ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിന് ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നുവെങ്കിൽ സ്ഥിതിഗതികൾ മെച്ചപ്പെടുമായിരുന്നു.

കശ്മീരിൽ കേന്ദ്ര സർക്കാരാണ് ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിച്ചതും പിന്നീട് ഏകപക്ഷീയമായി പിൻവലിച്ചതും.

ഈ സാഹചര്യങ്ങളെല്ലാം തന്നെ കശ്മീരിനെ കൂടുതൽ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയാണ്.

ജനങ്ങൾ കൂടുതലായി അകന്നുപോകുന്ന സാഹചര്യത്തെ ഇല്ലാതാക്കാൻ രാഷ്ട്രപതി ഭരണത്തിലൂടെ സാധിക്കില്ല‐ പിബി പ്രസ്താവനയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News