ലോകകപ്പില്‍ ചാമ്പ്യന്‍മാരായ ജര്‍മനിയെ ആദ്യ മത്സരത്തില്‍ കെട്ടുകെട്ടിച്ചെങ്കിലും മെക്സിക്കന്‍ ടീമില്‍ കാര്യങ്ങള്‍ അത്ര ഭംഗിയല്ല.

ലോകകപ്പിന് തൊട്ടുമുമ്പത്തെ സൗഹൃദമത്സരം ജയിച്ച രാത്രി ലഹരിയും മദിരാക്ഷിയും ഉപയോഗിച്ച് വിവാദത്തിലായ ടീമിലെ ചരിത്ര നായകന് അന്താരാഷ്ട്ര ലഹരി മരുന്ന് കടത്തുസംഘത്തിന്‍റെ മുഖ്യകണ്ണിയെന്ന് വിശേഷിപ്പിച്ച് അമേരിക്ക ഉപരോധമേര്‍പ്പെടുത്തി.

റഷ്യ 2018 ഉള്‍പ്പെടെ അഞ്ചു ലോകകപ്പുകളില്‍ കളിച്ച മുന്‍നായകന്‍ റാഫേല്‍ മാര്‍ക്വേസിനെതിരെയാണ് യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്‍റ് മയക്കുമരുന്നു റാക്കറ്റുമായി ബന്ധം ആരോപിച്ചത് ഉപരോധമേര്‍പ്പെടുത്തിയത്.

അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തു സംഘത്തിന്‍റെ തലവനാണ് റാഫേല്‍ മാര്‍ക്വേസ് എന്നാണ് അമേരിക്കയുടെ കണ്ടെത്തല്‍.

ഉപരോധം നടപ്പിലായതോടെ മാര്‍ക്വേസിന് കളിക്കളത്തിലും പുറത്തും നിരവധി വിലക്കുകളുണ്ട്. 39 കാരനായ റാഫയ്ക്ക് കളിക്കുന്നനതിന് ഫ്രതിഫലം വാങ്ങാന്‍ അനുവാദമില്ല.

പരിശീലന വേളയില്‍ മറ്റ് ടീമംഗങ്ങള്‍ ധരിക്കുന്ന ബ്രാന്‍ഡഡ് ജ‍ഴ്സിയണിയാനും പറ്റില്ല. കളിക്കളത്തില്‍ മറ്റ് താരങ്ങള്‍ കുടിക്കുന്ന പാനീയങ്ങളും റാഫയ്ക്ക് അന്യമാണ്.

കളിയിലെ മികച്ച താരമായാല്‍ ആ അവാര്‍ഡ് പോലും ഉപരോധത്തെ തുടര്‍ന്ന് മാര്‍ക്വേസിന് സ്വീകരിക്കാനാവില്ല.

ഓര്‍ക്കുക, റഷ്യയിലും കളിച്ചതോടെ ഏറ്റവും കൂടുതല്‍ ലോകകപ്പ് കളിക്കുന്ന താരങ്ങളില്‍ ഒരാളായി മാറിയ താരമാണ്. മാര്‍ക്വേസെന്ന ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍.

1997ല്‍ ദേശീയ ടീമിലെത്തിയ റാഫ മെക്സിക്കോയ്ക്ക് വേണ്ടി 145 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ക്ലബ് ഫുട്ബോളില്‍ മൊണോക്കോയുടെയും ബാ‍ഴ്സലോണയുടെയും ന്യൂയോര്‍ക്ക് റെഡ് ബുള്‍സിന്‍റെയും താരമായിരുന്നു മാര്‍ക്വേസ്.

കളിക്കളത്തില്‍ ആരാധകര്‍ക്ക് വിരുന്നൊരുക്കുമ്പോ‍ഴും മയക്കമരുന്നും മദിരാക്ഷിമാരും എന്നും മെക്സിക്കന്‍ ടീമിന്‍റെ ദൗര്‍ബല്യമാണ്.

ലോകകപ്പ് മത്സരത്തിന് തൊട്ടു മുമ്പ് സ്‌കോട്ട്‌ലന്‍റിനെതിരേ നടന്ന വാം അപ്പ് മത്സരം ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചതിന് തൊട്ടുപിന്നാലെ മെക്‌സിക്കന്‍ താരങ്ങള്‍ 30 ലൈംഗികത്തൊഴിലാളികള്‍ക്ക് ഒപ്പം വിജയം ആഘോഷിച്ച് വിവാദത്തിലായിരുന്നു.

മെക്‌സിക്കോ സിറ്റിയിലെ എസ്‌റ്റേഡിയോ അസ്‌ടെക്കയില്‍ 1-0 നായിരുന്നു ജയം. അന്നു രാത്രിയില്‍ ടീമിലെ ഒമ്പതു പേര്‍ ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തതായും കൂട്ടത്തില്‍ 30 ലൈംഗികത്തൊഴിലാളികള്‍ ഉണ്ടായിരുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഗോളി ഗ്വില്ലെര്‍മോ ഒക്കോവ, മുന്നേറ്റക്കാരന്‍ റൗള്‍ ജിമെനെസ്, പ്രതിരോധക്കാരന്‍ കാര്‍ലോകസ് സാല്‍സിഡോ മദ്ധ്യനിരക്കാരന്‍ മാര്‍ക്കോ ഫാബിയന്‍, സഹോദരന്മാരായ ജോനാതന്‍ ജിയോവാനി ഡോസ് സാന്‍റോസ് എന്നിവരായിരുന്നു 30 ലൈംഗിക തൊ‍ഴിലാളികള്‍ക്കൊപ്പം മെക്‌സിക്കന്‍ തലസ്ഥാനത്തെ ഒരു സ്വകാര്യ വളപ്പില്‍ അര്‍മ്മാദിച്ചത്.

സംഭവം വലിയ ചര്‍ച്ചയായെങ്കിലും കളിയോ പരിശീലനമോ ഇല്ലാത്തപ്പോള്‍ കളിക്കാര്‍ സ്വതന്ത്രരാണെന്നും അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാമെന്നും അതില്‍ ഇടപെടാന്‍ തല്‍ക്കാലം ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞ് ഫുട്‌ബോള്‍ അസോസിയേഷന്‍ കളിക്കാര്‍ക്ക് അനുകൂലമായ നിലപാട് എടുക്കുകയായിരുന്നു.

2010 സെപ്തംബറില്‍ ഒരു സൗഹൃദ മത്സരത്തിന് പിന്നാലെ കളിക്കാര്‍ ഒരു അപരിചിതയ്‌ക്കൊപ്പം നൈറ്റ് പാര്‍ട്ടി നടത്തിയത് മുമ്പ് വിവാദമായിരുന്നു.

പ്രതിരോധ താരം എഫ്രേന്‍ യുവാരസും മുന്നേറ്റക്കാരന്‍ കാര്‍ലോസ് വേലയും ഉള്‍പ്പെടെ 11 കളിക്കാരെ ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്താണ് അസോസിയേഷന്‍ പ്രശ്നം പരിഹരിച്ചത്.

തൊട്ടടുത്ത വര്‍ഷം കോപ്പാ അമേരിക്ക കളിക്കാന്‍ അര്‍ജന്‍റീനയിലേക്ക് പോകും മുമ്പ് ഇക്വഡോറിലെ ക്വിറ്റോയില്‍ താമസിക്കുന്ന ഹോട്ടലിലേക്ക് ലൈംഗിക തൊഴിലാളികളെ കളിക്കാര്‍ കൊണ്ടുവന്നിരുന്നു.

ഇതിനും പിഴയും ആറ് മാസം സസ്‌പെന്‍ഷനുമായിരുന്നു ശിക്ഷ.