കറുത്ത കുതിരകൾ മുന്നേറുമ്പോൾ കാൽപന്ത് ഉരുളുന്നത് എങ്ങോട്ട്; പ്രവചനക്കാരെ വട്ടം കറക്കി ഫുട്ബോള്‍ വിരുന്ന്

അനിശ്ചിതത്വത്തിന്‍റെ നടുവിൽ പ്രവചനക്കാരെ വട്ടം കറക്കുകയാണ് ഫുട്ബോള്‍ വിരുന്ന്. കണക്കുപുസ്തകങ്ങള്‍ മാറ്റിയെഴുതുന്ന ലോകകപ്പാകുമോ ഇത്തവണത്തേത് .കറുത്ത കുതിരകൾ മുന്നേറുമ്പോൾ കാൽപന്ത് ഉരുളുന്നത് എങ്ങോട്ട്?

ഏഷ്യയും ആഫ്രിക്കയും കരുത്തുകാട്ടിയ ആറാം ദിനം
**********************************************
ലാറ്റിനമേരിക്കയും യൂറോപ്പുമാണ് ഫുട്ബോളിലെ കരുത്തന്‍മാര്‍ എന്നാണ് പൊതുവെ വിലയിരുത്താറുള്ളത്. ഏഷ്യയും ആഫ്രിക്കയും അവര്‍ക്കൊപ്പം കിടപിടിക്കുന്നവരാണെന്ന് ഫുട്ബോള്‍ ലോകത്ത് കാണാറില്ല.

ഈ പതിവ് കണക്കുകളില്‍ നിന്ന് വ്യതിചലിച്ച ദിനമായിരുന്നു ലോകകപ്പ് ഫുട്ബോളിന്‍റെ ആറാം ദിനം. ലാറ്റിനമേരിക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പരാജയത്തിലേക്ക് നീങ്ങിയപ്പോള്‍ ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് വിജയത്തിന്‍റെ മധുരം നല്‍കി ഈ ദിനം.

ഇന്നലത്തെ ആദ്യ മത്സരം ലാറ്റിനമേരിക്കന്‍ കരുത്തായ കൊളംബിയയും ഫിഫ റാങ്കിംങ്ങില്‍ അറുപതാം സ്ഥാനത്തുള്ള രണ്ടു തവണ ലോകകപ്പിന്‍റെ രണ്ടാം റൗണ്ടില്‍ എത്തിയ ജപ്പാനുമായിരുന്നു. അനുഭവ സമ്പത്ത് ഏറെയുള്ള കളിക്കാരാല്‍ അനുഗ്രഹീതമായ ടീമാണ് ജപ്പാന്‍. ഈ ടീമിലുള്ള സകായ്, നാഗാമൊട്ടോ, യോഷിതാ എന്നിവര്‍ 200 ലേറെ മത്സരങ്ങള്‍ കളിച്ചവരാണ്.

നൂറിലേറെ മത്സരങ്ങള്‍ കളിച്ച 5 ഓളം താരങ്ങള്‍ വേറെയും. അനുഭവ സമ്പത്തിന്‍റെ കരുത്തില്‍ ഇരു വിംഗുകളിലൂടെയും എതിര്‍ ഗോള്‍ മുഖത്ത് ഓടിക്കയറാനുള്ള കരുത്ത് ജപ്പാന്‍ മത്സരത്തില്‍ ഉടനീളം പ്രകടമാക്കി. അങ്ങനെ 2-1 ന്‍റെ വിജയത്തിലൂടെ ലാറ്റിനമേരിക്കന്‍ ടീമിനെ പരാജയപ്പെടുത്തിയ ആദ്യ ഏഷ്യന്‍ രാഷ്ട്രമെന്ന ചരിത്രവും ജപ്പാന്‍ സ്വന്തമാക്കി.

മത്സരത്തില്‍ ജപ്പാന് വിജയമൊരുക്കിയത് കാര്‍ലോസ് സാഞ്ചസിന് കളി മൂന്ന് മിനുറ്റ് പിന്നിടുമ്പോള്‍ തന്നെ ലഭിച്ച ചുവപ്പ് കാര്‍ഡാണ്. തുടര്‍ന്ന് ലഭിച്ച പൈനാല്‍റ്റി ഗോളാക്കിക്കൊണ്ട് ജപ്പാന്‍ വിജയത്തിലേക്ക് നീങ്ങുകയായിരുന്നു.

ഒരു സഹകളിക്കാരനെ നഷ്ടപ്പെട്ടുവെങ്കിലും 10 പേരുമായി ഇരമ്പിമറിയുന്ന ആക്രമണങ്ങളിലേക്ക് കൊളംബിയ നീങ്ങി. വലതുഭാഗത്ത് നിന്ന് യുവാന്‍ കൊദ്രാദോ വേഗത കൊണ്ട് ജപ്പാന്‍ പ്രതിരോധത്തില്‍ തുടര്‍ച്ചയായി ഭീഷണി ഉയര്‍ത്തുന്നുണ്ടായിരുന്നു. ലാറ്റിനമേരിക്കന്‍ സൗന്ദര്യം ചാലിച്ച നീക്കങ്ങള്‍ ലക്ഷ്യം കണ്ടു.

അതിന്‍റെ ഫലമായി ലഭിച്ച ഫ്രീകിക്കിലൂടെ ഫെര്‍ണാണ്ടോ ക്വിന്‍റെറയോ ഗോള്‍ വര കടത്തി. സാങ്കേതിക സഹായത്തിലൂടെ ഇത് ഗോളെന്ന് വിധിയെഴുതി. ശാസ്ത്രം റഫറിംഗിന് നല്‍കിയ സംഭാവനയാണ് ഇത്തരം സാങ്കേതിക വിദ്യകള്‍.

കൊളംബിയയുടെ മധ്യനിര രണ്ടാം പകുതിയില്‍ ദുര്‍ബലപ്പെട്ടു. ജപ്പാന്‍റെ സമ്മര്‍ദ്ദങ്ങളുടെ നിമിഷങ്ങള്‍. ഒസാകയും ഇനുയും കൊളംബിയയെ വിറപ്പിച്ചു. അവസാനം ഹോണ്ടയുടെ കോര്‍ണര്‍ കിക്കില്‍ തലവെച്ച് ഒസാകോ ലാറ്റിനമേരിക്കന്‍ ടീമിനുമേലുള്ള ഏഷ്യയുടെ വിജയപതാക പാറിച്ചു.

ഇന്നലത്തെ രണ്ടാം മത്സരം പോളണ്ടും സെനഗലും തമ്മിലായിരുന്നു. 2002 ലെ ലോകകപ്പില്‍ അട്ടിമറികളോടെ തുടങ്ങിയ സെനഗല്‍ ഈ ലോകകപ്പിലും അത് ആവര്‍ത്തിച്ചു. അന്ന് ഫ്രാന്‍സിനെയായിരുന്നു വീഴ്ത്തിയതെങ്കില്‍ ഇത്തവണ ആ ദൗര്‍ഭാഗ്യമേറ്റുവാങ്ങേണ്ടി വന്നത് പോളണ്ടാണ്.

2002 ല്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തി. മാത്രമല്ല, ഡെന്‍മാര്‍ക്കിനോടും ഉറുഗ്വേയോടും സമനില നേടി അവര്‍ നോക്കൗട്ടിലെത്തി. അധികസമയ മത്സരത്തില്‍ സ്വീഡനെ 2-1 ന് പരാജയപ്പെടുത്തി അങ്ങനെ സെനഗല്‍ ക്വാര്‍ട്ടറിലെത്തി. എന്നാല്‍ ക്വാര്‍ട്ടറില്‍ തുര്‍ക്കി അധികസമയത്ത് നേടിയ ഒരു ഗോളിന് സെനഗലിനെ പരാജയപ്പെടുത്തി.

സെനഗലിന്‍റെ ഈ പ്രകടനം യൂറോപ്യന്‍ ക്ലബുകളിലേക്കുള്ള വാതില്‍ നിരവധി കളിക്കാര്‍ക്ക് തുറക്കുകയും ചെയ്തു. ആഫ്രിക്കന്‍ രാജ്യങ്ങളുടെ ഒരോ വിജയവും അവര്‍ക്ക് ഇത്തരം മാര്‍ഗങ്ങള്‍ തുറന്നുകൊടുക്കാറുമുണ്ട്.

ലോക ഫുട്ബോള്‍ ചരിത്രത്തില്‍ ചരിത്രം രചിച്ച സെനഗല്‍ പഴയ അട്ടിമറികളെ അനുസ്മരിപ്പിച്ചുകൊണ്ടാണ് ഇന്നലെ നടന്ന മത്സരത്തില്‍ പോളണ്ടിനെ 2-1 ന് അട്ടിമറിച്ചത്.

യോഗ്യതാ മത്സരങ്ങളില്‍ തിളങ്ങിനിന്ന ടീമായിരുന്നു പോളണ്ട്. സെനഗലിനെ അനായാസം കടക്കുമെന്നായിരുന്നു പൊതുവെ പ്രതീക്ഷിച്ചത്. എന്നാല്‍ കളിക്കളത്തില്‍ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. പൂര്‍ണ്ണതയില്ലാത്ത ആക്രമണങ്ങളുമായി തുടങ്ങിയ മത്സരം മെല്ലെ താളം വീണ്ടെടുക്കുകയായിരുന്നു.

സെനഗല്‍ ആക്രമണങ്ങളുടെ കേന്ദ്രബിന്ദുവായ നിയാംഗിനെ ഒതുക്കാന്‍ പോളിഷ് നിര തുടക്കത്തിലേ പാടുപെടുന്നുണ്ടായിരുന്നു. പോളണ്ടിന്‍റെ മുന്നേറ്റക്കാരന്‍ ലെവന്‍ഡോസ്കിയെ സെനഗല്‍ വരിഞ്ഞുകെട്ടുകയും ചെയ്തു.

പോളണ്ടിന്‍റെ പ്രതിരോധത്തിലെ കരുത്തന്‍ കാര്‍മില്‍ ഗ്ലിക്കിന് പരിക്ക് കാരണം കളിക്കാനായില്ല. പകരമിറങ്ങിയ സിയോനെക്കിലൂടെ പോളണ്ടിന് ലഭിച്ചതാവട്ടെ ഒരു സെല്‍ഫ് ഗോളും. ഗോള് വീണതോടെ പോളണ്ട് ദ്രുതതാളത്തിലായി. രണ്ടാം പകുതിയിലാട്ടെ ആക്രമണങ്ങളുടെ പരമ്പര തന്നെ മൈതാനത്ത് അരങ്ങേറി.

ഇതിനിടയില്‍ ഒരു അബദ്ധത്തിന്‍റെ ഫലമായി ക്രിച്ചോവിയാക്കിന്‍റെ കാലുകളില്‍ നിന്ന് പന്ത് ലഭിച്ചതാവട്ടെ സെനഗലിന്‍റെ നിയാങിന്. ഗോള്‍കീപ്പര്‍ അപകടം ഒഴിവാക്കാന്‍ ഓടിയെത്തിയെങ്കിലും തടയാനായില്ല. കളി തീരാന്‍ നാലു മിനുറ്റുള്ളപ്പോള്‍ പോളണ്ട് ക്രിചോവിയാകിലൂടെ ഒരു ഗോള്‍ മടക്കി.

എന്നാല്‍ പിന്നീട് സെനഗല്‍ പ്രതിരോധം ഭേദിക്കപ്പെട്ടില്ല. ഇത് ടൂര്‍ണ്ണമെന്‍റിലെ ആഫ്രിക്കന്‍ രാജ്യത്തിന്‍റെ ആദ്യ വിജയത്തിന് കളമൊരുക്കി. അങ്ങനെ ഇന്നലത്തെ ആദ്യ മത്സരത്തില്‍ ജപ്പാന്‍ കുറിച്ച അട്ടിമറിക്ക് പിന്നാലെ സെനഗലും മറ്റൊരു ചരിത്രം രചിക്കുകയായിരുന്നു.

മുന്നാം ലോകകപ്പ് കളിക്കുന്ന ഈജിപ്തും ആതിഥേയരായ റഷ്യയും തമ്മിലായിരുന്നു മൂന്നാമത്തെ മത്സരം. ഗോളടി വിദഗ്ധനായ മുഹമ്മദ് സാലാ പരിക്ക് മാറി ഇറങ്ങിയ ആത്മവിശ്വാസം ഈജിപ്തിനുണ്ടായിരുന്നു. ആദ്യ പകുതിയില്‍ ഗോള്‍ വഴങ്ങാതെ ഈജിപ്ത് പിടിച്ചുനിന്നു.

രണ്ടാം പകുതിയിലാവട്ടെ ഈജിപ്ത്യന്‍ പ്രതിരോധത്തെ കശക്കിയെറിഞ്ഞും, അവരുടെ ആക്രമണത്തെ സമര്‍ത്ഥമായി പ്രതിരോധിച്ചും ആയാസരഹിതമായി മത്സരം റഷ്യ അവര്‍ക്കൊപ്പമാക്കി. റഷ്യന്‍ മുന്നേറ്റനിര ഈജിപ്തിന്‍റെ പ്രതിരോധത്തെ ഭേദിച്ചുകൊണ്ട് ലക്ഷ്യത്തിലേക്ക് തുടര്‍ച്ചയായി മുന്നേറി.

ആ സമ്മര്‍ദ്ദം ഈജിപ്തിന്‍റെ ക്യാപ്ടന്‍ അഹമ്മദ് ഫാത്തിയുടെ ദാനഗോളിലേക്ക് വഴിതെളിയിച്ചു. ഇതോടെ ഈജിപ്തിന്‍റെ ചെറുത്തുനില്‍പ്പ് ഒന്നുകൂടി ദുര്‍ബലമായി. തുടര്‍ച്ചയായ റഷ്യന്‍ ആക്രമണത്തിനൊടുവില്‍ ഡെന്നിസ് ചെറിഷേവും ആര്‍ടെയിം സ്യൂബയും ഗോളുകള്‍ നേടി.

സലായുടെ പെനാല്‍റ്റി ഗോള്‍ മാത്രമായിരുന്നു ഈജിപ്തിന് ആശ്വാസമായത്. പ്രീമിയല്‍ ലീഗിലെ ഈ സീസണിലെ ടോപ് സ്കോററായ സാലായ്ക്ക് തന്‍റെ ഫോമിലേക്ക് ഉയര്‍ന്നുകൊണ്ട് ഈജിപ്തിനെ രക്ഷപ്പെടുത്താനുമായില്ല.

ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ തങ്ങളുടെ കരുത്ത് പ്രദര്‍ശിപ്പിക്കുകയും അട്ടിമറി വിജയം നേടുകയും ചെയ്ത ദിനമായിരുന്നു ഇന്നലെ. തങ്ങള്‍ ടൂര്‍ണ്ണമെന്‍റില്‍ മുന്നേറുകയാണെന്ന് വമ്പന്‍മാരെ ഒരിക്കല്‍കൂടി ഓര്‍മ്മിപ്പിക്കുകയായിരുന്നു റഷ്യ. ഗ്ലാമര്‍ രാജ്യങ്ങള്‍ പലതും തപ്പിതടയുമ്പോള്‍ കൂടുതല്‍ ജ്വലിച്ചുയരുകയാണ് ആതിഥേയര്‍.

അപ്രധാനമെന്ന് പ്രവചനക്കാര്‍ വിധിയെഴുതിയ രാജ്യങ്ങള്‍ പലതും തങ്ങളെ കളിയിലൂടെ വിലയിരുത്തൂ എന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഈ ലോകകപ്പില്‍. അനിശ്ചിതത്വത്തിന്‍റെ നടുവിലേക്ക് നീങ്ങി പ്രവചനക്കാരെ വട്ടം കറക്കുകയാണ് ഈ ഫുട്ബോള്‍ വിരുന്ന്.

കണക്കുപുസ്തകങ്ങള്‍ മാറ്റിയെഴുതുന്ന ലോകകപ്പാകുമോ എന്ന് ഏറെ പേരുടെ മനസ്സില്‍ സന്ദേഹമുയര്‍ന്നുകഴിഞ്ഞു. ഈ അനിശ്ചിതത്വവും ചേരുന്നതല്ലേ കളിയുടെ സൗന്ദര്യം?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News