ഇത് ഉദാഹരണം റോസി; സിനിമയില്‍ കണ്ടത് ജീവിതത്തില്‍ നടപ്പിലാക്കി; 52-ാം വയസില്‍ കോളേജ് പഠനത്തിന്

സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകള്‍ക്കൊപ്പം അമ്മയും പഠിക്കാനായി സ്‌കൂളിലെത്തുന്നത് അടുത്തകാലത്തിറങ്ങിയ ഉദാഹരണം സുജാത എന്ന സിനിമയില്‍ കണ്ടതാണ്.

അഭ്രപാളികളില്‍ കണ്ട ഈ ഉദാഹരണം പാലാ അല്‍ഫോന്‍സാ കോളേജില്‍ പ്രാവര്‍ത്തികമായി. പ്ലസ്ടുക്കാരായ മക്കള്‍ക്കൊപ്പം അമ്പത്തിരണ്ടാം വയസ്സില്‍ നോട്ടുബുക്കുകളും പുസ്തകങ്ങളുമായി റെസി മാത്യു എന്ന വീട്ടമ്മ കോളേജ് പഠനം ആരംഭിച്ചു.

സാക്ഷരത മിഷന്‍ നടത്തുന്ന പ്ലസ്ടു തുല്യത കോഴ്‌സ് 70 ശതമാനം മാര്‍ക്കോടെ വിജയിച്ച് ഏറ്റുമാനൂര്‍ പുന്നത്തുറ വെസ്റ്റ് മുല്ലക്കുഴിയില്‍ റെസി മാത്യു കോളജില്‍ ഹിസ്റ്ററി ബിരുദ കോഴ്‌സിന് ചേര്‍ന്നത് മെറിറ്റിലാണ്.

സിനിമയില്‍ മകളെ പഠനത്തില്‍ പ്രചോദിപ്പിക്കാനായിരുന്നു അമ്മയുടെ സ്‌കൂള്‍ പഠനമെങ്കില്‍ റെസി കോളേജിലേക്കുപോകുന്നത് മഹത്തായ രണ്ട് ലക്ഷ്യങ്ങളുമായാണ്. സ്വന്തംനിലയില്‍ നല്ല രീതിയില്‍ ജീവിക്കണം, പിന്നെ അഭിഭാഷകയായി കോടതിയില്‍ പ്രാക്ടീസ് ചെയ്യണം.

അല്‍ഫോന്‍സയിലേക്കുള്ള റെസിയുടെ രണ്ടാം വരവാണിത്. 1984-86ല്‍ അല്‍ഫോന്‍സ കോളജില്‍ ഫോര്‍ത്ത് ഗ്രൂപ് വിദ്യാര്‍ഥിനിയായിരുന്നു.

അന്ന് ഇംഗ്ലീഷിന് തോറ്റതോടെയാണ് പഠനം മുടങ്ങിയത്. പിന്നീട് ഏറ്റുമാനൂര്‍ ഐടിഐയില്‍ സിവിലിന് ചേര്‍ന്നു. പഠനം പൂര്‍ത്തിയാക്കിയെങ്കിലും പരീക്ഷ വിജയിച്ചില്ല.

സിനിമയിലെ നായിക സുജാതയുടെ ജീവിതവുമായി ഏറെ സാമ്യമുള്ളതാണ് റെസിയുടെ ജീവിതവും. ഭര്‍ത്താവ് ഉപേക്ഷിച്ചപ്പോള്‍ ജീവിതത്തില്‍ തോല്‍ക്കാന്‍ അവര്‍ ഒരുക്കമായിരുന്നില്ല.

വീട്ടുജോലികള്‍ ചെയ്തുകിട്ടിയ വരുമാനംകൊണ്ട് മക്കളായ ആശിഷിനെയും അഞ്ജലിയെയും പഠിപ്പിച്ചു. ഇപ്പോള്‍ ആശിഷ് പ്ലസ് വണ്ണിനും അഞ്ജലി പ്ലസ് ടുവിനും പഠിക്കുന്നു. കയറിക്കിടക്കാന്‍ ഒരു വീടാണ് അടുത്ത സ്വപ്‌നം.

ഇതിന്റെ ഭാഗമായിക്കൂടിയാണ് പട്ടികവര്‍ഗ മലവേട വിഭാഗത്തില്‍പ്പെട്ട റെസി, ഏറെമുമ്പ് മുടങ്ങിയ പഠനം തുടരാന്‍ ശ്രമിക്കുന്നത്. ലൈഫ് പദ്ധതിയില്‍ വീടിനായി സര്‍ക്കാരില്‍ അപേക്ഷ നല്‍കിയിട്ടുമുണ്ട്.

അല്‍ഫോന്‍സാ കോളേജിന്റെ 56 വര്‍ഷത്തെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായമുള്ള വിദ്യാര്‍ത്ഥിനിക്ക് കോളേജ് ഒരു സൗജന്യം നല്‍കിയിട്ടുണ്ട്.

യൂണിഫോം ധരിക്കണോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം റെസിക്കു വിട്ടുകൊടുത്തിരിക്കുകയാണെന്ന് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ തെരേസ് മടക്കക്കുഴി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News