തോറ്റെങ്കിലും ഇറാന്‍ ഇന്നലെ തിരുത്തിക്കുറിച്ചത് 39 വര്‍ഷത്തെ ചരിത്രമാണ്

സ്പെയിനോട് ഒരു ഗോളിന് പരാജയപ്പെട്ടെങ്കിലും ഇറാന്‍ എന്ന രാജ്യത്തിന് ഇന്നലത്തെ ദിവസം അവരുടെ ചരിത്രത്തില്‍ തങ്കലിപികളാല്‍ അടയാളപ്പെടുത്താനാകുന്ന സുദിനമാണ്.

റഷ്യയില്‍ തോറ്റെങ്കിലും ലോകത്തിന്‍റെ നെറുകില്‍ ഇറാന്‍ എന്ന രാജ്യത്തിന് ആത്മമാഭിമാനത്തോടെ നില്‍ക്കാവുന്ന നേട്ടമായിരുന്നു അതേ സമയം ഇറാന്‍ ടെഹ്റാനില്‍ കുറിച്ചത്. സ്ത്രീ സ്വാതന്ത്രത്തിന് കടുത്ത വിലക്കുകളുള്ള അറബ് രാജ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട രാജ്യമാണ് ഇറാന്‍.

ഇവിടെ 4 പതിറ്റാണ്ടുകളായി പുരുഷന്മാര്‍ക്കൊപ്പം കായികവേദിയില്‍ ഇറാന്‍ വനിതകള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. എന്നാല്‍ ടെഹ്റാനിലെ ആസാദി സ്റ്റേഡിയം ഇന്നലെ സാക്ഷ്യം വഹിച്ചത് വലിയ മാറ്റത്തിനായിരുന്നു.

ആയിരക്കണക്കിന് വനിതകളെയാണ് പുരുഷന്മാര്‍ക്കൊപ്പം ഇന്നലെ ടെഹ്റാനിലെ സ്റ്റേഡിയത്തിലേക്ക് ഇറാന്‍ സ്പെയിന് മത്സരം ബിഗ് സ്ക്രീനില്‍ കാണാന്‍ കടത്തിവിട്ടത്.

ഇറാനിലെ സ്ത്രീ സ്വാതന്ത്രത്തിനായി നിരന്തര ഇടപെടല്‍ സംഘടിപ്പിക്കുന്ന പാര്‍ലമെന്‍റംഗം തയേബ് സിയോവോഷിയുടെ നേതൃത്വത്തിലായിരുന്നു ആയിരക്കണക്കായ സ്ത്രീകള്‍ ആസാദി സ്റ്റേഡിയത്തിലേക്ക് കളി ആസ്വാദനത്തിനായി എത്തിയത്.

ഏറെ വര്‍ഷങ്ങളായി കായികവേദികളിലെ കാ‍ഴ്ചകളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ട ഇറാനിയന്‍ വനിതകള്‍ക്ക് അഭിമാനത്തിന്‍റെയും സമത്വബോധത്തിന്‍റെയും പുതിയ അനുഭവമായി മാറുകയായിരുന്നു ഇന്നലത്തെ മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here