ഈ നാടുകടത്തലിന് നാലു വര്‍ഷം; എവിടെ മനുഷ്യാവകാശ ഘോഷങ്ങള്‍? കാരായി രാജന്‍ ചോദിക്കുന്നു

സ്വതന്ത്ര ഇന്ത്യയിലെ നീതിന്യായവ്യവസ്ഥയില്‍ ഒരു കുറ്റത്തിനും നാടുകടത്തല്‍ ശിക്ഷയില്ല. എന്നാല്‍, വധഗൂഢാലോചനയെന്ന് കുറ്റംചുമത്തപ്പെട്ട കാരായി രാജനും കാരായി ചന്ദ്രശേഖരനും ജന്മനാട്ടില്‍നിന്ന് നാടുകടത്തപ്പെട്ടിട്ട് നാല് വര്‍ഷം പൂര്‍ത്തിയായി.

യഥാര്‍ഥ കുറ്റവാളികള്‍ പ്രതിപ്പട്ടികയില്‍പ്പോലുമില്ലാതെ നാട്ടില്‍ സ്വൈരവിഹാരം നടത്തുമ്പോഴാണ് ഈ നീതിലംഘനം

എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസലിന്റെ കൊലയില്‍ പങ്കാളികളായത് ആര്‍എസ്എസു പ്രവര്‍ത്തകാരണെന്ന് വ്യക്തമായ വിവരം പുറത്തുവന്നിട്ടും അവരെ നിയമത്തിനു മുന്നിലെത്തിക്കാന്‍ സിബിഐ അനങ്ങുന്നില്ല.

തങ്ങള്‍ തൊ‍ഴിലാളി പക്ഷക്കാര്‍ക്ക് പൗരാവാകശവും മനുഷ്യാവകാശവുമൊന്നും ബാധകമല്ലേ എന്ന് ചോദിക്കുകയാണ് കാരായി രാജന്‍ തന്‍റെ ഫേസ് ബുക്ക് പോസ്റ്റില്‍.

അദ്ദേഹം ഇങ്ങനെ എ‍ഴുതുന്നു

“ജൂൺ 22.ബോധപൂർവ്വം നിർമ്മിച്ചെടുത്ത ഒരു കള്ളക്കേസ് തലയിൽ വച്ച് കെട്ടിയിട്ട് ആറ് വർഷം. വിഷം ചീറ്റുന്ന തുടരൻ വേട്ടകൾക്ക് കൃത്യമായി പന്ത്രണ്ട് വർഷം. കൊന്നവർ തന്നെ സത്യം തുറന്ന് വെച്ചു. വെറും പറച്ചിലായിരുന്നില്ല, തെളിവുകൾ സഹിതം. പൗരാവകാശം കേവല നീതി എന്നതൊക്കെ ചിലർക്ക് അർഹതയില്ലാത്തത്.

വർഗ്ഗീയ വാദി വലതുപക്ഷം ദേശവിരുദ്ധൻ അഴിമതിക്കാരൻ സാമൂഹ്യ വിരുദ്ധൻ ഇവർക്ക് വേണ്ടിയാകാം ആവശ്യത്തിലധികം മനുഷ്യാവകാശ ഘോഷങ്ങൾ. പൊടിപറത്തി പറക്കുന്ന കൂറ്റൻ കസർത്തുകൾ. ഞങ്ങൾ തൊഴിലാളി പക്ഷക്കാർ.

നേരുകളും ന്യായങ്ങളും നിഷേധിക്കപ്പെടേണ്ടവരാണെന്ന വിലയധികമുള്ള മറ്റൊരു ന്യായം. കേസുണ്ടാക്കിയെടുത്തവർക്ക് തന്നെ കുറ്റബോധവും മനസ്സാക്ഷിക്കുത്തും സ്വയം തിരുത്തലും.”

പത്ത് വര്‍ഷമായി സിപിഐഎമ്മിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി വേട്ടയാടുന്ന കേസാണിത്. കാരായി സഖാക്കള്‍ക്ക് നീതി ആവശ്യപ്പെട്ട് കുടുംബാംഗങ്ങളും നാട്ടുകാരും പാര്‍ട്ടിപ്രവര്‍ത്തകരും നടത്തിയ മുറവിളികളെല്ലാം ബധിര കര്‍ണ്ണങ്ങളിലാണ് പതിച്ചത്.

കള്ളക്കേസിൽ പ്രതികളാക്കപ്പെട്ട നിരപരാധികൾക്കൊപ്പം കൂടെ നിന്നവർക്കെല്ലാം നന്ദി രേഖപ്പെടുത്തുന്നു രാജന്‍. കൂടെ അദ്ദേഹം ഇത്രയും കൂടി കൂട്ടിച്ചേര്‍ക്കുന്നു.

“കഷ്ടങ്ങളും ദുരന്തങ്ങളും അതിജീവിച്ചു. വ്യക്തിപരമായി ചിരിക്കാനും സന്തോഷിക്കാനുമുള്ള അവസരങ്ങളും അനുഭവങ്ങളും. അവഗണിച്ചവരെ അതിജീവിച്ചു. അപമാനിച്ചവരേക്കാൾ എത്രയോ അധികം ഐക്യപ്പെട്ടവർ.

എല്ലാ ദിവസങ്ങളിലും ഫോൺ വിളികളിലൂടെ ഓർമ്മിച്ചെത്തുന്ന നിറഞ്ഞ സൗഹൃദങ്ങൾ. നാട്ടു വിശേഷങ്ങളും കുടുംബ കാര്യങ്ങളും സങ്കടക്കെട്ടുകളും പങ്ക് വെക്കുന്ന പ്രിയപ്പെട്ടവർ. താമസിക്കുന്ന വീടും നാടും സ്വന്തം നാടും കുടുംബവും എന്നായി. ഹൃദ്യമായ സൗഹൃദങ്ങൾ ഇവിടെയും. അകന്ന് നിന്നവരേക്കാൾ അധികമധികം അടുത്ത് നിന്നവർ. ഒറ്റപ്പെടുത്താനാശിച്ചവർക്ക് നിരാശ ബാധിച്ചു.

ഇരുൾ പടർന്ന ചുറ്റിലും വെളിച്ചം വിതറിയ ഗോപുരങ്ങൾ. “വെളിച്ചത്തിനെന്തൊരു വെളിച്ചം” എന്നത് എന്തൊരു സത്യം. പൊരുതി വീണവനും പൊരുതി തോറ്റവനും നെഞ്ചത്ത് കത്തിച്ച് വച്ച ഒരു പന്തമുണ്ട്. “പ്രകാശം പരത്തുന്ന” വെളിച്ചം പ്രത്യാശ”

കാരായി ഫേസ് ബുക്ക് പോസ്റ്റിന് താ‍ഴെ പ്രശസ്ത കഥാകൃത്ത് ഇങ്ങനെ കമന്‍റ് ചെയ്യുന്നു: “ഈയൊരു മനുഷ്യാവകാശ ലംഘനത്തെ നാം ഇപ്പോൾ നേരിട്ടില്ലെങ്കിൽ ഭാവിയിൽ ഇന്ത്യയിലെ മനുഷ്യ ജീവിതം ദുരന്തപൂർണ്ണമായിരിക്കും.”

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here