കഞ്ചിക്കോട് റെയില്‍വേ ഫാക്ടറി; കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും ഇരട്ടത്താപ്പ് തുറന്നുകാട്ടി എം ബി രാജേഷ് എം പി

തിരുവനന്തപുരം : കഞ്ചിക്കോട് റെയില്‍വേ ഫാക്ടറിയുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങള്‍ കനക്കുമ്പോള്‍ കോണ്‍ഗ്രസിനും ബി ജെ പിക്കും എതിരെ കുറിക്ക് കെള്ളുന്ന ചോദ്യങ്ങളെറിഞ്ഞ് എം ബി രാജേഷ് എം പി.

അധികാരത്തിലിരിക്കുന്ന സമയത്ത് നിരുത്തരവാദപരമായ നിലപാടുകള്‍കൊണ്ട് പദ്ധതിക്ക്‌ തുരങ്കം വച്ചവരാണ്‌കോണ്‍ഗ്രസും ബിജെപിയും.

പ്രതിഷേധങ്ങള്‍ കനത്തതോടെ കോണ്‍ഗ്രസും ബിജെപിയും ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ്.

റെയില്‍വേ ഫാക്ടറിക്ക് വേണ്ടി താന്‍ നടത്തിയ ഇടപെടലുകളെ കുറിച്ച് മുന്നേ പറഞ്ഞിട്ടുള്ളതാണ് ഇനിയും എവിടേയും പറയാന്‍ തയ്യാറാണ്.

എന്നാല്‍ ഇതേ വിഷയത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒരു പരസ്യ സംവാദത്തിന് തയ്യാറുണ്ടോ എന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.

കഞ്ചിക്കോട് റെയില്‍വേ ഫാക്ടറിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനോടുള്ള പന്ത്രണ്ട് ചോദ്യങ്ങളും ബിജെപിയോടുള്ള പത്ത് ചോദ്യങ്ങളുമാണ് അദ്ദേഹം തന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചത്.

എം.ബി രാജേഷ് എം.പിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്

കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കായി ഞാൻ നടത്തിയ ഇടപെടലിനെക്കുറിച്ച് പലതവണ വിശദീകരിച്ചിട്ടുള്ളതാണ്.

ഇനിയും ഏത് ചോദ്യത്തിനും ഉത്തരം പറയാം. എന്റെ ഓരോ ചോദ്യത്തിനും കൊണ്ഗ്രസ്സും ബി.ജെ.പി.യും അക്കമിട്ട് ഉത്തരം പറയുമോ? ചോദ്യങ്ങള്‍ ഇപ്പോഴേ തരാം.

ഉത്തരം സമയമെടുത്ത്‌ പഠിച്ചിട്ടു പറഞ്ഞാല്‍ മതി. പ്രസ് ക്ലബ്ബിൽ മാധ്യമപ്രവർത്തകരുടെയും പാലക്കാട്ടെ പൗരപ്രമുഖരുടെയും സാന്നിദ്ധ്യത്തിൽ പരസ്യ സംവാദവും ആകാം. പ

രസ്യ സംവാദത്തിനു കോൺഗ്രസും ബി.ജെ.പി.യും തയ്യാറുണ്ടോ?

കോച്ച് ഫാക്ടറി വിഷയത്തില്‍ കൊണ്ഗ്രസ്സിനോട് 12 ഉം ബി.ജെ.പി.യോട് 10 ഉം ചോദ്യങ്ങള്‍.
———————————————
കൊണ്ഗ്രസ്സിനോട്
————————

1.2008ൽ റായ്ബറേലിക്കൊപ്പം പൊതുമേഖലയിൽ പ്രഖ്യാപിച്ച കഞ്ചിക്കോട് കോച്ച് ഫാക്ടറി മാത്രം എങ്ങിനെ പൊതു-സ്വകാര്യമേഖലയിൽ (പിപിപി) ആയി?

2. പിപിപി ക്ക് സ്വകാര്യ പങ്കാളിയെ കണ്ടെത്താൻ കഴിയാത്തത് (2008 മുതൽ 2014 വരെ ആറു വർഷം) ആരുടെ പരാജയം?

3. സ്വകാര്യ പങ്കാളിയെ കണ്ടെത്താൻ നിങ്ങൾക്ക് കഴിയാതിരുന്നപ്പോൾ സംയുക്ത സംരഭത്തിൽ പങ്കാളിയായി സെയിലിനെ (SAIL) ഞാൻ കൊണ്ടുവരികയും 74% ഓഹരി പങ്കാളിത്തത്തിന് സെയിൽ തയ്യാറാവുകയും ചെയ്തത് രണ്ടാം യു.പി.എ സർക്കാർ അംഗീകരിക്കാത്തതിന് കാരണം ഇതുവരെ വിശദീകരിക്കാത്തത് എന്തുകൊണ്ട്?

4. സ്വകാര്യപങ്കാളിയെ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടിട്ടും 2012 ഫെബ്രുവരി 21 ന് കോട്ടമൈതാനത്ത് തറക്കല്ലിട്ടത് രാഷ്ട്രീയ മുതലെടുപ്പിനു മാത്രമായിരുന്നില്ലേ?

5. തറക്കല്ലിട്ടശേഷം രണ്ടുവർഷം കേരളത്തിലും കേന്ദ്രത്തിലും കോൺഗ്രസ് ഭരണമായിരുന്നില്ലേ. കേന്ദ്ര-സംസ്ഥാന സർക്കാർ തറക്കല്ലിൽ നിന്ന് ഫാക്ടറി മുന്നോട്ടു പോകാൻ ചെയ്ത കാര്യങ്ങൾ അക്കമിട്ടു നിരത്താമോ?

6. രണ്ടാം യു.പി.എ. സർക്കാരിലെ 8 കേന്ദ്രമന്ത്രിമാർ ഇതിനായി എന്തുചെയ്തു?

7. പാലക്കാട് കോച്ച് ഫാക്ടറി എന്ന ആവശ്യം ഏ.കെ.ആന്റണി, വയലാർ രവി ഉൾപ്പെടെയുള്ള കോൺഗ്രസ് എം.പി.മാർ കഴിഞ്ഞ നാലുവർഷത്തിനിടയിൽ ഒരിക്കൽ പോലും മോദിസർക്കാരിനോട് എന്തു കൊണ്ട് ഉന്നയിച്ചില്ല?

8. ശ്രീ. ആന്റണിക്കും വയലാർ രവിക്കും കോച്ച് ഫാക്ടറി എന്ന ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിയേയും റെയിൽവെ മന്ത്രിയേയും കാണാൻ ഇനിയും വരാൻ ധൈര്യമുണ്ടോ?

9. കഞ്ചിക്കോടിനൊപ്പം പ്രഖ്യാപിച്ച കെ.സി. വേണുഗോപാലിന്റെ മണ്ഡലത്തിലെ ചേർത്തല വാഗൺ ഫാക്ടറി, ശശി തരൂരിന്റെ തിരുവനന്തപുരത്തെ റെയിൽവെ മെഡിക്കൽ കോളേജ്, ബോട്ട്‌ലിങ്ങ് പ്ലാന്റ് എന്നിവ നടപ്പാക്കാത്തതിന്റെ ഉത്തരവാദിത്തം ആർക്ക്്?

10. കഞ്ചിക്കോട് കോച്ച് ഫാക്ടറി ഇപ്പോഴും ഒരു സജീവ വിഷയമായി നിൽക്കുന്നുണ്ടെങ്കിൽ അത് എം.പി. എന്ന നിലയിൽ നിരന്തരം നടത്തിയ ഇടപെടൽ മൂലമാണ്. വാഗൺ ഫാക്ടറി, മെഡി.കോളേജ് എന്നിവയെക്കുറിച്ച് ആരും ഓർക്കുക പോലും ചെയ്യാത്തതിന്റെ ഉത്തരവാദിത്തം ആർക്കാണ്?

11. കോച്ച് ഫാക്ടറിയുടെ പേരിൽ എം.പി.യെ കുറ്റപ്പെടുത്തുന്ന നിങ്ങൾ കേന്ദ്രം പ്രഖ്യാപിച്ച ഐ.ഐ.ടി.കളിൽ ആദ്യത്തേത് പാലക്കാട് തുടങ്ങാനായതിന് എം.പി.ക്ക് കയ്യടിക്കുമോ?

12. നീണ്ട 36 വർഷം കോച്ച് ഫാക്ടറിയുടെ പേരിൽ ജനങ്ങളെ വഞ്ചിച്ച നിങ്ങൾ ഇപ്പോൾ സമരം നടത്തുന്നത് നാണം എന്ന വികാരം നിങ്ങൾക്ക് തീർത്തും നഷ്ടമായതുകൊണ്ടാണോ? അതോ തൊലിക്കട്ടിയിൽ നിങ്ങൾ തനി കാണ്ടാമൃഗങ്ങളായതുകൊണ്ടോ?

ബി.ജെ.പി.യോട്
———————

1. കഞ്ചിക്കോട് കോച്ച് ഫാക്ടറി സ്ഥലമെടുപ്പിന്റെ സർവ്വെക്കെത്തിയ ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞതും നന്ദിഗ്രാം വീഡിയോ പ്രദർശനം നടത്തി സ്ഥലമെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചതും നിങ്ങളായിരുന്നില്ലേ?

2. 2014 മുതൽ ഇതുവരെ കോച്ച് ഫാക്ടറി പദ്ധതിക്ക് സ്വകാര്യ പങ്കാളിയെ കണ്ടെത്താൻ കഴിയാത്തത് ആരുടെ പരാജയമാണ്?

3. സെയിലുമായി ചേർന്നുള്ള സംയുക്തസംരംഭ വാഗ്ദാനം 2015 ൽ ഞാൻ മുൻകയ്യെടുത്ത് രണ്ടാമതും ലഭ്യമാക്കിയിട്ടും നിങ്ങളുടെ തന്നെ ഉരുക്കു വകുപ്പ് മന്ത്രി അത് അംഗീകരിച്ചിട്ടും റെയിൽവെ മന്ത്രാലയം അതിന് തയ്യാറാവാത്തത് എന്തുകൊണ്ട്?

4. 2015 ജൂലായ് 31ന് ഞാൻ നേരിട്ട് കണ്ട് ആവശ്യപ്പെട്ടിട്ടും മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്താൻ പ്രധാനമന്ത്രി തയ്യാറാകാതിരുന്നത് എന്തുകൊണ്ട്?

5. ബെമലുമായി ചേർന്ന് സംയുക്തസംരംഭത്തിനുള്ള മറ്റൊരു നിർദ്ദേശം ഞാൻ മുന്നോട്ടു വച്ചതിനുള്ള മറുപടിയായി കോച്ചുകളുടെ ആവശ്യം നിറവേറ്റാൻ പുതിയ ഫാക്ടറി തുടങ്ങേണ്ടതില്ലെന്ന വിശദീകരണം ഒഴിഞ്ഞുമാറൽ അല്ലാതെ മറ്റെന്താണ്?

6. കഞ്ചിക്കോട് പുതിയ ഫാക്ടറി വേണ്ടെന്ന് പറയുന്ന നിങ്ങളുടെ റെയിൽവെ മന്ത്രി തന്നെ ഇവിടെ ഒരു തറക്കല്ല് അനാഥമായി കിടക്കുമ്പോൾ ബി.ജെ.പി. ഭരിക്കുന്ന ഹരിയാനയിലെ സോണാപ്പെറ്റിൽ പുതിയ ഫാക്ടറിക്കുള്ള നടപടി തുടങ്ങിയതും ആദിത്യനാഥിനോട് പുതിയ കോച്ച് ഫാക്ടറിക്ക് സ്ഥലം ആവശ്യപ്പെടുന്നതും കേരളത്തോടുള്ള രാഷ്ട്രീയ വിവേചനമല്ലാതെ മറ്റെന്താണ്’?

7. ബി.ജെ.പി.യുടെ കേരളത്തിൽ നിന്നുള്ള എം.പി.മാരും കേന്ദ്രമന്ത്രിയും കോച്ച് ഫാക്ടറി ആവശ്യം ഇതുവരെ പാർലമെന്റിലോ സർക്കാരിലോ ഉന്നയിക്കാതിരുന്നത് എന്തുകൊണ്ട്?

8. വാജ്‌പേയി സർക്കാരിന്റെ കാലത്ത് ആറു വർഷം ശ്രീ.ഒ.രാജഗോപാൽ റെയിൽവെ സഹമന്ത്രിയായിരുന്നുവല്ലോ. പാലക്കാട് കാരൻ കൂടിയായ അദ്ദേഹം അക്കാലത്ത് കോച്ച്ഫാക്ടറിയുടെ കാര്യത്തിൽ സ്വീകരിച്ച നടപടികൾ വിശദീകരിക്കാമോ? കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ സഹായം കോച്ച് ഫാക്ടറിക്കായി ഞാൻ തേടിയപ്പോൾ അദ്ദേഹം നിസ്സഹായത പ്രകടിപ്പിച്ചത് നിങ്ങൾക്കറിയാമോ? അതിന്റെ കാരണം അദ്ദേഹം വിശദീകരിക്കുമോ?

9.ഇൻസ്ട്രുമെന്റേഷന്റെ രാജസ്ഥാനിലുള്ള കോട്ട യൂണിറ്റ് പൂട്ടിയപ്പോൾ ഞാൻ പ്രധാനമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടതിനെ തുടർന്ന് പാലക്കാട് യൂണിറ്റ് കേരളത്തിന് വിട്ടു കിട്ടുകയും എൽ.ഡി.എഫ്. സർക്കാർ അത് ഏറ്റെടുക്കുകയും ചെയ്തത് തകർക്കാൻ കേന്ദ്രത്തിലും കോടതിയിലും പോയ നിങ്ങൾക്ക് കോച്ച് ഫാക്ടറിയുൾപ്പെടെ പാലക്കാടിന്റെ വികസന കാര്യത്തിൽ എന്ത് ആത്മാർത്ഥതയാണുള്ളത്?

10.കോച്ച് ഫാക്ടറിക്ക് 145 കോടി അനുവദിച്ച മോദിക്ക് അഭിവാദ്യങ്ങളർപ്പിച്ച് ഫ്‌ളക്‌സുകൾ സ്ഥാപിച്ച് നഗരസഭാ തെരഞ്ഞെടുപ്പിൽ വോട്ട് തട്ടിയ ബി.ജെ.പി.തങ്ങൾ പറഞ്ഞത് നുണയാണെന്ന് സമ്മതിച്ച് ജനങ്ങളോട് മാപ്പു പറയുമോ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News