താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം രണ്ട് ദിവസത്തിനകം പുനസ്ഥാപിക്കും: മന്ത്രി ടി പി രാമകൃഷ്ണന്‍

താമരശ്ശേരി : താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം ഞായറാഴ്ചയോടെ പുനസ്ഥാപിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ. വനം വകുപ്പുമായി തർക്കങ്ങളില്ലെന്നും മന്ത്രിമാർ അറിയിച്ചു.

എ കെ ശശീന്ദ്രനും ടി പി രാമകൃഷ്ണനും അറ്റകുറ്റപണി പുരോഗമിക്കുന്ന ചുരം റോഡ് സന്ദർശിച്ചു.

കോഴിക്കോട് കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിന് ശേഷമാണ് ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണനും ചുരം റോഡിൽ എത്തിയത്.

താൽക്കാലികമായി നിർമ്മിച്ച റോഡും മണ്ണിടിച്ചിൽ സ്ഥലവും മന്ത്രിമാർ സന്ദർശിച്ചു. പൊതുമരാമത്ത്, വനം, പോലീസ്‌ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

ചുരം റോഡ് വഴിയുള്ള ഗതാഗതം വേഗത്തിലാക്കാനുള്ള ശ്രമങ്ങൾക്ക് സർക്കാർ മുന്തിയ പരിഗണന നൽകുന്നതായി മന്ത്രിമാർ അറിയിച്ചു.

വനം വകുപ്പ് അടക്കമുള്ള ആരുമായും തർക്കങ്ങളില്ല. പൊതുമരാമത്ത്മന്ത്രി 2 ദിവസത്തിനകം സ്ഥലം സന്ദർശിക്കും.
ചരക്ക് വാഹനങ്ങൾ നിയന്ത്രിച്ച് വാഹന ഗതാഗതം ഞായറാഴ്ചയോടെ പുനസ്ഥാപിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ വ്യക്തമാക്കി.

റോഡ് പൂർണ്ണ ഗതാഗത യോഗ്യമാവാൻ 3 മാസമെടുക്കുമെന്നാണ് വിലയിരുത്തൽ. 3 എക്സിക്യൂട്ടീവ് എൻജിനിയർമാരുടെ നേതൃത്വത്തിലാണ് അറ്റകുറ്റപണി പുരോഗമിക്കുന്നത്.

നിലവിൽ കെ എസ് ആർ ടി സി ഷട്ടിൽ സർവീസ് നടത്തുകയാണ്. കോഴിക്കോട് – വയനാട് ഭാഗത്ത് നിന്നുള്ള ബസ്സുകൾ ചിപ്പിലിത്തോട് വരെ സർവീസ് നടത്തുന്നു.

യാത്രക്കാർ ഇവിടെ ഇറങ്ങി ബസ് മാറി കയറിയാണ് യാത്ര ചെയ്യുന്നത്. എം എൽ എ മാരായ സി കെ ശശീന്ദ്രൻ, ജോർജ് എം തോമസ്, കാരാട്ട് റസാഖ് എന്നിവരും മന്ത്രിമാർക്കൊപ്പം ചുരത്തിലെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here