മോദിയുടെ ‘ടീം ഇന്ത്യ’ പ്രഖ്യാപനം പൊളിഞ്ഞു; മോദി സര്‍ക്കാരിന്റെ കേരളവിരുദ്ധതയുടെ കാര്യത്തിലും കോണ്‍ഗ്രസിന്റേത് വിശ്വാസ്യതയുള്ള നിലപാടല്ല: കോടിയേരി ബാലകൃഷ്ണന്‍ എഴുതുന്നു

ഭരണഘടനയെയും ഫെഡറല്‍ മൂല്യങ്ങളെയും തകര്‍ക്കുകയാണ് നാലുവര്‍ഷം പിന്നിടുന്ന മോഡി സര്‍ക്കാര്‍. ഇതിനെതിരായ പ്രതിഷേധ ജ്വാല ദേശവ്യാപകമായി പടരുകയാണ്.

ഡല്‍ഹിയിലും കേരളത്തിലും ജമ്മു കശ്മീരിലും ആന്ധ്രയിലുമെല്ലാം ഇത് പ്രകടമാണ്. ജമ്മു കശ്മീരില്‍ പിഡിപി ബിജെപി സഖ്യം പിരിയുകയും മെഹ്ബൂബ മുഫ്തി സര്‍ക്കാര്‍ രാജിവയ്ക്കുകയും ചെയ്തു.

ഡല്‍ഹിയില്‍ ലെഫ്. ഗവര്‍ണറുടെ ഓഫീസില്‍ ഒമ്പതുദിവസമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മന്ത്രിമാരും നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചെങ്കിലും തെളിഞ്ഞുനില്‍ക്കുന്നത് ഫെഡറലിസത്തെ കൈയേറുന്ന കേന്ദ്രഭരണത്തിന്റെ അസഹിഷ്ണുതാ മുഖവും അതിനെതിരായ പ്രക്ഷോഭവുമാണ്.

മുഖ്യമന്ത്രിയും മന്ത്രിമാരും വിളിക്കുന്ന യോഗങ്ങളില്‍നിന്ന് ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി ഭരണസ്തഭനം സൃഷ്ടിക്കുകയായിരുന്നു ലെഫ്. ഗവര്‍ണര്‍.

ഇതിനെതിരായി ഡല്‍ഹി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം നാല് മുഖ്യമന്ത്രിമാര്‍ നേരിട്ട് ഇടപെട്ടത് വഴിത്തിരിവായി. ഫെഡറല്‍ ഘടനയെ ഇല്ലാതാക്കുന്ന ഇടപെടലാണ് ലെഫ്. ഗവര്‍ണറെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ ചെയ്തുവന്നത്.

ഇതിനെ തടയിടാനുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന പ്രകടനം സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നയിക്കുകയും ചെയ്തു. പ്രക്ഷോഭത്തിന് ദേശവ്യാപക പിന്തുണ ലഭിച്ചതിനെത്തുടര്‍ന്നാണ് പ്രശ്‌നപരിഹാരമുണ്ടായത്.

ആസൂത്രണ കമീഷന്‍ വേണ്ടെന്നുവച്ച് മോഡി ഭരണം കൊണ്ടുവന്ന നിതി ആയോഗിന്റെ ഡല്‍ഹിയില്‍ ഇപ്പോള്‍ ചേര്‍ന്ന ഭരണസമിതി യോഗവും ഭരണവിരുദ്ധവികാരം അലയടിക്കുന്നതായി.

ആസൂത്രണത്തിലും വിഭവങ്ങള്‍ പങ്കിടുന്നതിലും സംസ്ഥാനങ്ങള്‍ക്ക് നിതി ആയോഗ് ഗുണകരമാകുമെന്നായിരുന്നു കേന്ദ്രം വാഗ്ദാനം ചെയ്തിരുന്നത്. അത് പാഴായി. ‘ടീം ഇന്ത്യ’യായി കേന്ദ്രവും സംസ്ഥാനവും കൂട്ടായ പ്രവര്‍ത്തനം കാഴ്ചവയ്ക്കണമെന്ന് പ്രധാനമന്ത്രി പ്രസംഗിച്ചെങ്കിലും കേന്ദ്രസര്‍ക്കാര്‍ പ്രവൃത്തി രാഷ്ട്രീയംനോക്കി സംസ്ഥാനങ്ങളെ തഴയുന്നതാണ്.

ആസൂത്രണത്തിലും നിര്‍വഹണത്തിലും ടീം ഇന്ത്യയായിട്ടല്ല കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്ന് നിതി ആയോഗ് യോഗത്തില്‍ മുഖ്യമന്ത്രിമാര്‍ ചൂണ്ടിക്കാട്ടി.

ഫെഡറല്‍മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സംസ്ഥാനങ്ങളുടെയും ജനങ്ങളുടെയും അതിശക്തമായ കൂട്ടായ്മ ഉണ്ടാകേണ്ടതുണ്ട്. ഈ കാഴ്ചപ്പാടോടെയാണ് പതിനഞ്ചാം ധനകമീഷന്‍ നിര്‍ദേശത്തിലെ അപകടത്തിനെതിരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ യോഗം തിരുവനന്തപുരത്ത് സംഘടിപ്പിച്ചത്.

സംസ്ഥാന വികസനത്തെ ദോഷമായി ബാധിക്കുന്ന കേന്ദ്രതീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ഉപകരണമായി ധനകമീഷനെ അധഃപതിപ്പിച്ചിരിക്കുകയാണ് മോഡി സര്‍ക്കാര്‍.

‘ശക്തമായ സംസ്ഥാനങ്ങള്‍, ശക്തമായ കേന്ദ്ര സര്‍ക്കാര്‍’ എന്നതാണ് ഭരണഘടന വിഭാവനംചെയ്തത്. എന്നാല്‍, ദുര്‍ബലമായ സംസ്ഥാനങ്ങളെ സൃഷ്ടിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.
നോട്ട് നിരോധനം കാരണം പ്രതിസന്ധിയിലായ രാജ്യത്തിന്റെ സമ്പദ്വ്യവ്യവസ്ഥയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുന്നതായി ജിഎസ്ടി. ഇതോടെ നികുതിപിരിവിനുള്ള സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്രസര്‍ക്കാര്‍ കവര്‍ന്നെടുത്തു.

ഇപ്പോഴാകട്ടെ ചരക്ക്‌സേവന നികുതിയുടെ ഭാഗമായി കേന്ദ്രത്തില്‍ വരുന്ന പണത്തിന്റെ വിഹിതം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത് കേന്ദ്രത്തിന് സൗകര്യമുള്ളപ്പോഴാണ്.

ഇത് സംസ്ഥാനങ്ങളെ സാമ്പത്തികപ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ചരക്ക്‌സേവന നികുതി കൂടുതല്‍ നഷ്ടം വരുത്തിവച്ചു. ഇതിനിടെയാണ് കേന്ദ്രസഹായ പദ്ധതികളിലെ വിഹിതം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം.

നിലവിലുള്ള കേന്ദ്രസര്‍ക്കാര്‍ ഗ്രാന്റിനെ ഇന്‍സെന്റീവായി പരിഷ്‌കരിക്കുന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ സംസ്ഥാന വിഹിതം വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെടുന്നു. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കുന്ന ധനവിഹിതം വെട്ടിക്കുറയ്ക്കാനും നടപടി തുടങ്ങി.

ഇതിനെല്ലാം പുറമെ വായ്പയെടുക്കാനുള്ള സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യത്തിലും കൈകടത്തി. ജനക്ഷേമ പരിപാടികളില്‍നിന്ന് സംസ്ഥാനങ്ങള്‍ പിന്മാറണമെന്ന നിര്‍ദേശവും ധനകമീഷന്‍ മുന്നോട്ടുവച്ചു. സംസ്ഥാനങ്ങള്‍ക്ക് ധനം പങ്കുവയ്ക്കുന്നതിനുള്ള ഫോര്‍മുല കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ദോഷമാണ്.

80 ശതമാനത്തിലേറെ തുകയും പിന്നോക്കാവസ്ഥയെമാത്രം അടിസ്ഥാനമാക്കി നല്‍കുന്നതിനുള്ള വ്യവസ്ഥ ആരോഗ്യവിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ രാജ്യത്തെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് മുന്നേറിയിട്ടുള്ള കേരളംപോലുള്ള സംസ്ഥാനങ്ങളെ ശിക്ഷിക്കുന്നതാണ്.

ദേശീയനയങ്ങള്‍ നടപ്പാക്കുമ്പോള്‍ കാര്യക്ഷമതയും പരിഗണിക്കണമെന്ന് കേരളത്തോടൊപ്പം തെലുങ്കാന ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങള്‍ നിതി ആയോഗില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ പശ്ചാത്തലത്തില്‍വേണം കേരളത്തോട് കേന്ദ്രം കാട്ടുന്ന അവഗണനയെയും രാഷ്ട്രീയ പ്രതികാരത്തെയും വിലയിരുത്താന്‍. കേരളത്തിന് നല്‍കാന്‍ ഭരണപരമായി കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച പാലക്കാട്ടെ കഞ്ചിക്കോട് കോച്ച് ഫാക്ടറി നിഷേധം ഇതിന്റെ ഭാഗമാണ്. കേരളത്തിന്റെ കോച്ച് ഫാക്ടറി ദീര്‍ഘകാല പ്രക്ഷോഭത്തിന്റെ ഉല്‍പ്പന്നമാണ്.

ഫാക്ടറി ഉപേക്ഷിച്ചതായി കേന്ദ്ര റെയില്‍മന്ത്രി പിയൂഷ് ഗോയല്‍, എം ബി രാജേഷ് എംപിയെ രേഖാമൂലം അറിയിച്ചപ്പോള്‍ പ്രധാനമന്ത്രി പറഞ്ഞ ‘ടീം ഇന്ത്യ’എന്ന സങ്കല്‍പ്പം തകര്‍ന്നുവീണു.
1982ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി പാലക്കാട് കോട്ടമൈതാനത്തെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് കോച്ച് ഫാക്ടറി വാഗ്ദാനം ചെയ്തത്.

എന്നാല്‍, പഞ്ചാബിനെ പ്രീണിപ്പിക്കാനായി അത് കപൂര്‍ത്തലയിലേക്ക് കൊണ്ടുപോയി. പിന്നീട് ഇടതുപക്ഷ പിന്തുണയോടെ അധികാരത്തില്‍ വന്ന യുപിഎ സര്‍ക്കാരാണ് പാലക്കാട് കോച്ച് ഫാക്ടറിക്ക് അംഗീകാരം നല്‍കിയത്. 2012ല്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് പൊതുസ്വകാര്യ പങ്കാളിത്തത്തോടെ യാഥാര്‍ഥ്യമാക്കാനും തീരുമാനിച്ചു.

ആ വര്‍ഷം ഫെബ്രുവരി 21ന് തറക്കല്ലിടുകയും ചെയ്തു. യുപിഎ സര്‍ക്കാരില്‍ എട്ട് കേന്ദ്രമന്ത്രിമാര്‍ കേരളത്തില്‍നിന്നുണ്ടായിട്ടും കോച്ച് ഫാക്ടറി യാഥാര്‍ഥ്യമാക്കാന്‍ നടപടിയെടുക്കാത്തത് കുറ്റകരമായ അനാസ്ഥയാണ്.

ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ ജനവിരുദ്ധത പ്രകടമാണ്. ഇപ്പോഴാകട്ടെ കോച്ചുകളുടെ ആവശ്യം കുറവാണെന്നും പുതിയ ഫാക്ടറി വേണ്ടെന്നുമുള്ള ബിജെപി സര്‍ക്കാരിന്റെ മറുപടിക്കെതിരെ കേരളത്തിലും ഡല്‍ഹിയിലും പ്രതിഷേധം അലയടിച്ചതിനെത്തുടര്‍ന്ന് പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നു പറഞ്ഞ് ഉരുണ്ടുകളിക്കുകയാണ് കേന്ദ്രം.

കേരളത്തിന്റെ വ്യവസായവികസനത്തിന് എതിരുനില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. നിലവിലുള്ള ഫാക്ടറികളില്‍നിന്ന് ആവശ്യത്തിന് കോച്ചുകള്‍ കിട്ടുന്നുണ്ടെന്നും ഭാവിയില്‍ പുതിയ പദ്ധതികള്‍ വരുന്ന മുറയ്ക്ക് കഞ്ചിക്കോട് ഫാക്ടറി തുറക്കാമെന്നുമാണ് കേന്ദ്രത്തിന്റെ പുതിയ വിശദീകരണം.

അതേസമയം, യുപിയില്‍ കോച്ച് ഫാക്ടറിക്ക് സ്ഥലമേറ്റെടുത്തുകൊടുക്കാന്‍ കേന്ദ്രം ആവശ്യപ്പെടുകയും ചെയ്തു. ഇത് ഇരട്ടത്താപ്പാണ്. കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാട്ടുന്ന രാഷ്ട്രീയ പകപോക്കലാണ്.

കേരളം ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന ‘എയിംസ്’ ഇതുവരെ അനുവദിച്ചിട്ടില്ല. സംസ്ഥാനത്തെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വികസനത്തിനും സംരക്ഷണത്തിനും മതിയായ നടപടിയില്ല. എഫ്എസിടി ഉള്‍പ്പെടെയുള്ള വ്യവസായശാലകളോട് അവഗണന തുടരുകയാണ്.

കേന്ദ്ര ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ പലതും സ്വകാര്യമേഖലയ്ക്ക് കച്ചവടം നടത്താനാണ് കേന്ദ്രത്തിന് ഉത്സാഹം. എന്നാല്‍, ഈ സ്ഥാപനങ്ങളെ പൊതുമേഖലയില്‍ നിലനിര്‍ത്തുന്നതിനുള്ള നടപടിയാണ് പരിമിതവിഭവങ്ങള്‍ക്കുള്ളില്‍നിന്നുകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പാലക്കാട്ടെ ഇന്‍സ്ട്രുമെന്റ് ലിമിറ്റഡ് കേരള സര്‍ക്കാര്‍ ഏറ്റെടുത്തു. വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫാക്ടറി വില്‍പ്പനയ്ക്ക് വച്ചപ്പോള്‍ അത് ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ താല്‍പ്പര്യം അറിയിച്ചു.

എന്നാല്‍, ലേലത്തില്‍ പങ്കുകൊള്ളാനാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. റബര്‍ ഉള്‍പ്പെടെയുള്ള നാണ്യവിളകളുടെ സംരക്ഷണത്തിനും കശുവണ്ടിവ്യവസായം ഉള്‍പ്പെടെയുള്ള പരമ്പരാഗത വ്യവസായങ്ങളുടെ രക്ഷയ്ക്കും നടപടി സ്വീകരിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനുണ്ട്. അതെല്ലാം അവര്‍ വിസ്മരിച്ചു.

കരിപ്പൂര്‍ വിമാനത്താവളത്തെയും സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള ശ്രമത്തിലാണ് കേന്ദ്രം. നഷ്ടത്തിന്റെ കണക്ക് തീര്‍ക്കാന്‍ വഴിയൊരുക്കുകയാണ്.

കാറ്റഗറി ഒമ്പതില്‍നിന്ന് ഏഴായി കുറച്ചത് അതിന്റെ ഭാഗമാണ്. ഇതുകാരണം 180 പേര്‍ക്ക് യാത്രചെയ്യാവുന്ന എയര്‍ ക്രാഫ്റ്റുകള്‍ക്കുമാത്രമേ കരിപ്പൂരില്‍ സര്‍വീസ് നടത്താന്‍ കഴിയൂ.

ഗള്‍ഫില്‍നിന്നുള്ള വലിയ വിമാനങ്ങള്‍ക്ക് ഇവിടെയിറങ്ങാന്‍ കഴിയില്ല. തിരുവനന്തപുരത്ത് ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്ന റെയില്‍വേ മെഡിക്കല്‍ കോളേജും ഉപേക്ഷിച്ചു. കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയുടെ പട്ടിക നീണ്ടതാണ്. ഇതിനെതിരെ ജനങ്ങളെ അണിനിരത്തി സമരനിര പടുത്തുയര്‍ത്തേണ്ടതുണ്ട്.

ഇവിടെയും കോണ്‍ഗ്രസിന്റെ സമീപനം നാടിന് ഗുണകരമല്ല. അത് കെജ്രിവാളിന്റെ ഡല്‍ഹി പ്രക്ഷോഭത്തിന് എതിരായി കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് വ്യക്തമാക്കുന്നു. ലെഫ്. ഗവര്‍ണര്‍ക്കെതിരായ സമരത്തെ ഉത്തരവാദിത്തമില്ലാത്ത നടപടിയെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചിത്രീകരിച്ചത്.

ഇത് ബിജെപിയുടെ ശബ്ദമായി മാറുകയായിരുന്നു. മോഡി സര്‍ക്കാരിന്റെ കേരളവിരുദ്ധതയുടെ കാര്യത്തിലും കോണ്‍ഗ്രസിന്റേത് വിശ്വാസ്യതയുള്ള നിലപാടല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here