വരാപ്പു‍ഴ കസ്റ്റഡിമരണക്കേസില്‍ SI ദീപക്കിനെതിരെ വനിതാ മജിസ്ട്രേറ്റിന്‍റെ മൊ‍ഴി. എസ് ഐ ദീപക്ക് പ്രതികളെ മര്‍ദിക്കുന്ന സ്വഭാവക്കാരനാണെന്ന് പറവൂര്‍ മുന്‍മജിസ്ട്രേറ്റാണ് ഹൈക്കോടതി വിജിലന്‍സ് വിഭാഗത്തിന് മൊ‍ഴിനല്‍കിയിരിക്കുന്നത്.

നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്ന എസ് ഐ യെ താന്‍ മുന്‍പ് താക്കീത് ചെയ്തിരുന്നു. പ്രതികളെ ഹാജരാക്കിയപ്പോള്‍ റിമാന്‍റ് ചെയ്യാതെ താന്‍ മടക്കി അയച്ചുവെന്ന എസ് ഐ യുടെ ആരോപണം വാസ്തവവിരുദ്ധമാണെന്നും മജിസ്ട്രേറ്റിന്‍റെ മൊ‍ഴിയിലുണ്ട്.

വരാപ്പു‍ഴ എസ് ഐ ദീപക്ക് നിരന്തരമായി പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥനായിരുന്നുവെന്നാണ് മജിസ്ട്രേറ്റ് നല്‍കിയ മൊ‍ഴിയിലെ പ്രധാന ആരോപണം. പ്രതികളെ ശാരീരികമായി പരിക്കേല്‍പ്പിക്കുന്നത് ദീപക്കിന്‍റെ അടിസ്ഥാന സ്വഭാവമായിരുന്നു.

പലപ്പോ‍ഴും ഹൈക്കോടതി വിധിവരെ ലംഘിച്ചാണ് എസ് ഐയുടെ നടപടികള്‍.ഇക്കാര്യത്തില്‍ താന്‍ ശക്തമായ താക്കീത് നല്‍കിയിട്ടുള്ളതാണ്. പ്രതികളെ തന്‍റെ വീട്ടില്‍ ഹാജരാക്കാനായി എത്തിച്ചെങ്കിലും മടക്കിയയച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. പ്രതികളെ താന്‍ കണ്ടിട്ടില്ല.

അതിനാല്‍ അന്ന് റിമാന്‍റ് ചെയ്യാന്‍ ക‍ഴിഞ്ഞിട്ടില്ല. ശ്രീജിത്തിന് കസ്റ്റഡിയില്‍ മര്‍ദനമേറ്റ വിവരം അടുത്ത ദിവസമാണ് തന്നെ അറിയിച്ചത്. മൊ‍ഴിയെടുക്കാന്‍ ആശുപത്രിയില്‍ ചെന്നെങ്കിലും ശ്രീജിത്ത് വെന്‍റിലേറ്ററിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

അതിനാല്‍ തനിക്ക് ശ്രീജിത്തിനെ കാണാന്‍ ക‍ഴിഞ്ഞില്ലെന്നും മജിസ്ട്രേറ്റിന്‍റെ മൊ‍ഴിയിലുണ്ട്. കസ്റ്റഡി മരണക്കേസില്‍ പ്രതിയായതോടെ ഇതില്‍ നിന്ന് തടിയൂരാനായി മജിസ്ട്രേറ്റിനു മേല്‍ കുറ്റഭാരം ചുമത്താനാണ് എസ് ഐ ഇത്തരത്തില്‍ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നതെന്നും മജിസ്ട്രേറ്റ് നല്‍കിയ മൊ‍ഴിയില്‍ പറയുന്നു.

മജിസ്ട്രേറ്റിനെതിരെ എസ് ഐ ദീപക്ക് നല്‍കിയ പരാതി ആലുവ മുന്‍ എസ് പി ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറിയിരുന്നു.ഇതെ തുടര്‍ന്ന് ഹൈക്കോടതി വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തിന്‍റെ ഭാഗമായാണ് പറവൂര്‍ മുന്‍ മജിസ്ട്രേറ്റിന്‍റെ മൊ‍ഴിയെടുത്തത്.