വാക്കുപാലിക്കാത്ത കേന്ദ്രസർക്കാരും; പാലക്കാട്‌ കോച്ച്‌ ഫാക്ടറിയും

കേരളം ഇന്ത്യയുടെ ഭാഗമല്ലേ? കേരളത്തിലും വികസനം വേണ്ടതല്ലേ? ഈ ചോദ്യം ഉയർന്നുവരാൻ കാരണം മൂന്നരപതിറ്റാണ്ടായി റെയിൽവേ കോച്ച് ഫാക്ടറിക്കുവേണ്ടിയുള്ള നീണ്ട കാത്തിരിപ്പാണ്. അതിനുത്തരവാദികൾ കേന്ദ്രസർക്കാരും റെയിൽവേ ബോർഡും മാത്രമാണ്.

1982ൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് കേരളത്തിൽ റെയിൽവേ കോച്ച് ഫാക്ടറി അനുവദിക്കുമെന്ന് വാഗ്ദാനം നൽകിയത്. 2004ൽ ഇടതുപക്ഷ പിന്തുണയോടെ യു.പി.എ. സർക്കാർ അധികാരത്തിൽ വന്നപ്പോൾ 22 വർഷത്തിനുശേഷം വാഗ്ദാനത്തിന് വീണ്ടും ജീവൻവെച്ചു.

2008ലെ ബഡ്ജറ്റിൽ റായ്ബറേലിയോടൊപ്പം പാലക്കാടും കോച്ച്ഫാക്ടറി പ്രഖ്യാപിക്കുകയുണ്ടായി. എന്നാൽ തുക അനുവദിച്ചിരുന്നില്ല. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ 73 ശതമാനം ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്തിരുന്നു. 900 ഏക്കർ ഭൂമി അന്നത്തെ എൽഡിഎഫ് ഗവൺമെന്റ് ഏറ്റെടുത്ത് നൽകുകയും ചെയ്തു.

പൊതുമേഖലയിൽ ആരംഭിക്കാനാണ് തീരുമാനിച്ചതെങ്കിലും പിന്നീട് പി.പി.പി. മാതൃകയിലാണെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ആ സന്ദർഭത്തിലാണ് സെയിലിന്റെ ഓഫറിനു പുറമേ പാലക്കാട് തന്നെയുള്ള പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎൽ ഞങ്ങൾ ഏറ്റെടുത്ത് നടത്താം എന്ന് പ്രഖ്യാപിച്ചത്. ഇതൊന്നും പരിഗണിക്കാതെ കേന്ദ്രസർക്കാർ ഏകപക്ഷീയമായി പാലക്കാട് കോച്ച്ഫാക്ടറി നിഷേധിക്കുകയാണ് ചെയ്തിരിക്കുന്നത്.

പുതിയ കോച്ച് വേണ്ടെന്ന വിതണ്ഡമായ ന്യായവാദമാണ് കേന്ദ്രം ഉയർത്തുന്നത്. അപ്പോൾ ഹരിയാനയിൽ പുതുതായി കോച്ച് ഫാക്ടറി അനുവദിക്കാനുള്ള തീരുമാനമെടുത്തത് എന്തുകൊണ്ട്? യുക്തിസഹമായ യാതൊരു മറുപടിയുമില്ലാതെ കേന്ദ്രം കേരളത്തോട് കാട്ടുന്ന അവഗണനയ്‌ക്കെതിരെയാണ് എം.പി.മാരുടെ ഡൽഹിയിലെ സമരം. മലയാളികളുടെ മുഴുവൻ പിന്തുണയും ഈ സമരത്തിനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here