നോട്ട് നിരോധനം; വെട്ടിപ്പുകള്‍ പുറത്ത് വരുന്നു, മറുപടിയില്ലാതെ ബിജെപി നേതൃത്വം

രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ നടുവൊടിച്ച നോട്ട് നിരോധനത്തിന്റെ പിന്നാമ്പുറക്കളികള്‍ പുറത്തുവരുന്നു.

നോട്ട് പിന്‍വലിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് ഉള്‍പ്പെടെ ഗുജറാത്തില്‍ ബി.ജെ.പി നിയന്ത്രണത്തിലുള്ള രണ്ട് ബാങ്കുകളില്‍ മാത്രമായി എത്തിയത് 1500 കോടിയുടെ നോട്ടുകള്‍.

കള്ളപ്പണങ്ങള്‍ കണ്ടെടുക്കുന്നതിനാണ് നോട്ട് നിരോധനം കൊണ്ട് വന്നതെന്ന വാദം ബിജെപി ഉന്നയിച്ചിരുന്നുവെങ്കിലും പുതിയ നോട്ടുകളുടേതുള്‍പ്പെടെ കള്ളനോട്ടുകളും കള്ളപ്പണവും രാജ്യത്ത് നോട്ട് നിരോധനത്തിന് ശേഷവും പലതവണയായി രാജ്യത്ത് പിടിക്കപ്പെട്ടതോടെ ബിജെപിയുടെ വാദത്തിലെ പൊള്ളത്തരങ്ങള്‍ വ്യക്തമായിരുന്നു.

കള്ളപ്പണ വേട്ടക്കായിരുന്നില്ല സ്വന്തം കള്ളപ്പണങ്ങള്‍ വെളുപ്പിക്കുക എന്നതായിരുന്നു നോട്ട് നിരോധനത്തിന്റെ ലക്ഷ്യമെന്നാണ് പുറത്ത വന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.

വിഷയത്തോട് പ്രതികരിക്കാന്‍ ബിജെപി ഇതുവരെ തയ്യാറായില്ല എന്നതും സംഭവത്തിലെ ദുരൂഹത വെളിവാക്കുന്നു.

അഹമ്മദാബാദ് ബാങ്കില്‍ 745.59 കോടിയുടേയും ഗുജറാത്തിലെ മുതിര്‍ന്ന ബിജെപി നേതാവും മന്ത്രിയുമായ ജയേഷ്ഭായ് വിത്തല്‍ഭായ് റാദാദിയ ചെയര്‍മാനായ രാജ്‌കോട്ട് ജില്ലാ സഹകരണ ബാങ്കില്‍ 693.19 കോടി രൂപയുടേയും നിരോധിച്ച കറന്‍സികളാണ് ചുരുങ്ങിയ ദിവസത്തിനകം എത്തിയത്.

മുംബൈയിലെ മനോരഞ്ജന്‍ റോയ് എന്ന വിവരാവകാശ പ്രവര്‍ത്തകന്‍ സമര്‍പ്പിച്ച വിവരാവകാശ രേഖയിലൂടെയാണ് നോട്ട് നിരോധനത്തിന്റെ മറവില്‍ നടന്ന ഈ വന്‍ തട്ടിപ്പ് പുറത്തുവന്നത്.

വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസാണ് ഇത് ആദ്യമായി വാര്‍ത്തയാക്കിയത് തുടര്‍ന്ന് മറ്റ് വെബ് പോര്‍ട്ടലുകളും വാര്‍ത്തയാക്കിയെങ്കിലും ബിജെപിയുടെ ഉന്നത നേതൃത്വത്തില്‍ നിന്നുണ്ടായ സമ്മര്‍ദം കാരണം പല പ്രധാന വെബ് പോര്‍ട്ടലുകളും വാര്‍ത്ത പിന്‍വലിക്കുകയായിരുന്നു.

റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള എല്ലാ വാര്‍ത്താ മാധ്യമങ്ങളില്‍ നിന്നും വാര്‍ത്ത പിന്‍വലിക്കപ്പെട്ടു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, ഫസ്റ്റ് പോസ്റ്റ് എന്നിവരും വാര്‍ത്ത തമസ്‌കരിച്ചു.

ഇക്കണോമിക് ടൈംസ് അമിത്ഷായുടെ പേര് പരാമര്‍ശിക്കാതെയാണ് വാര്‍ത്ത നല്‍കിയത്. ഇരുപത് വര്‍ഷത്തിലേറെയായി അമിത് ഷായുടെ നിയന്ത്രണത്തിലാണ് അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് 2000ത്തില്‍ ബാങ്ക് ചെയര്‍മാനായിരുന്നു.

തുടര്‍ന്ന് മോദി ഭരണത്തിനുകീഴില്‍ സംസ്ഥാന ആഭ്യന്തര മന്ത്രിയായപ്പോഴും പിന്നീട് ബിജെപി ദേശീയ അധ്യക്ഷനായ ശേഷവും ബാങ്കിന്റെ നിയന്ത്രണം അമിത് ഷായുടെ കൈയ്യില്‍ തന്നെയായിരുന്നു.

നിരോധിച്ച നോട്ടുകള്‍ മാറാന്‍ ആദ്യത്തെ അഞ്ച് ദിവസം മാത്രമേ സഹകരണ ബാങ്കുകള്‍ക്ക് സാധുതയുണ്ടായിരുന്നുള്ളു സഹകരണ ബാങ്കുകള്‍ വഴി വന്‍ തോതില്‍ കള്ളപ്പണം വെളുപ്പിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്നാണ് രാജ്യത്തെ സഹകരണ ബാങ്കുകളെ നിരോധിച്ച നോട്ടുകള്‍ മാറ്റി നല്‍കുന്നതില്‍ നിന്നും വിലക്കിയത്.

ഇതിന്റെ ചുവടുപിടിച്ച് കേരളത്തിലെ സഹകരണ സംവിധാനത്തയാകെ തകര്‍ക്കുന്ന തരത്തിലുള്ള പ്രചരണങ്ങള്‍ക്കും കേരളത്തിലെ ബിജെപി നേതാക്കള്‍ നേതൃത്വം നല്‍കി.

എന്നാല്‍ ദേശീയ അധ്യക്ഷന്‍ തന്നെ നിയന്ത്രണം കൈയ്യാളുന്ന സഹകരണ ബാങ്കില്‍ നടന്ന ഈ വെട്ടിപ്പ് പുറത്തായതോടെ മറുപടിയില്ലാതെ നാണംകെടുകയാണ് ബിജെപി സംസ്ഥാന ദേശീയ നേതൃത്വങ്ങള്‍.

ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന്റെ നേരിട്ട നിയന്ത്രണത്തിലുള്ള മെഹ്‌സാന ജില്ലാ സഹകരണ ബാങ്ക്215.44 കോടി രൂപ, ബിജെപി എംഎല്‍എ രാജേന്ദ്രസിങ് ചവാഡ ഡയറക്ടറായ സബര്‍കന്ത ജില്ലാ സഹകരണ ബാങ്ക് 328.50 കോടി രൂപ,

ബിജെപി എംപി പ്രഭുഭായ് നഗര്‍ഭായ് വസവ ഡയറക്ടറായ സൂറത്ത് ജില്ലാ സഹകരണ ബാങ്ക് 369.85 കോടി രൂപ, മുന്‍ ബിജെപി മന്ത്രി ശങ്കര്‍ ചൗധരി ഡയറക്ടറായ ബനസ്‌കന്ത് ജില്ലാ സഹകരണ ബാങ്ക് 295.30 കോടി രൂപ, മുന്‍ എംപിയും മുന്‍ മന്ത്രിയുമായ ദിലീപ്ഭായ് സംഘാനി ചെയര്‍മാനായ അംറേലി സഹകരണ ബാങ്ക് 205.44 കോടി രൂപ,

ബിജെപി എംഎല്‍എ അരുണ്‍സിങ് റാണ ഡയറക്ടറായ ബറൂച്ച് ജില്ലാ സഹകരണ ബാങ്ക് 98.86 കോടി രൂപ. ഇങ്ങനെ 3118 കോടിയോളം രൂപയാണ് ഗുജറാത്തിലെ ബിജെപി നിയന്ത്രണത്തിലുള്ള 11 ബാങ്കുകളില്‍ മാത്രമായി നിക്ഷേപിക്കപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here