സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ വേണ്ടത്ര പിന്തുണ ലഭിക്കാത്തത് നാടിന്റെ പൊതുവളര്‍ച്ചയ്ക്ക് തടസമാകുന്നു; ഫെഡറല്‍ സംവിധാനങ്ങളെ മാനിക്കാന്‍ കേന്ദ്രം തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി

സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ പൊതു വളര്‍ച്ചയ്ക്ക് ഇത് തടസമാകുമെന്ന് മുഖ്യമന്ത്രി കൂട്ടി ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ദില്ലിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കേന്ദ്രത്തിന്റെ നിലപാടുകളെക്കുറിച്ചും സംസ്ഥാന സര്‍ക്കാരിന്റെ ഭരണ മികവിനെ കുറിച്ച് മുഖ്യമന്ത്രി സംസാരിച്ചത്.

പ്രധാനമന്ത്രിയെ കാണാന്‍ രണ്ട് തവണ അനുമതി തേടിയെങ്കിലും നിഷേധിച്ചു. പകരം വകുപ്പ് മന്ത്രിയെ കാണാനായിരുന്നു നിര്‍ദേശം ഇത് സംസ്ഥാന സര്‍ക്കാരിനോടുള്ള കേന്ദ്രത്തിന്റെ നിഷേധമാണെന്നും രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ് ഇത്തരം സമീപനങ്ങളുണ്ടാവുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഫെഡറല്‍ സംവിധാനങ്ങളെ മാനിക്കാന്‍ കേന്ദ്രം തയ്യാറാക്കണമെന്നും സംസ്ഥാനങ്ങളെ അവഗണിക്കുന്ന നിലപാട് കേന്ദ്രം മാറ്റണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ ഭരണ നേട്ടങ്ങളെ കുറിച്ച് ദില്ലിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

റെയില്‍വേ വികസനത്തിന് സ്ഥലം നല്‍കുന്നില്ലെന്ന കേന്ദ്രാരോപണം ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷവും ജനക്ഷേമവും സമാധാനവും ഉറപ്പാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്.

അടുത്ത വര്‍ഷത്തോടെ പൂര്‍ണമായും പട്ടയം കൊടുത്തു തീര്‍ക്കും. ഇതുവരെ 86 ലക്ഷം തൈകള്‍ നട്ടു കഴിഞ്ഞു അത് 3 കോടിയാക്കാനാണ് സംസ്ഥാനസര്‍ക്കാരിന്റെ ലക്ഷ്യം. ഇങ്ങനെയുള്ള രണ്ട് വര്‍ഷത്തെ ഭരണമികവിനെകുറിച്ചുള്ള ചെറിയവലോകനമാണ് മുഖ്യമന്ത്രി ദില്ലിയില്‍ നടത്തിയത്.

പൊതു വിദ്യാഭ്യാസ യജ്ഞം, ഹരിത കേരളം, ആര്‍ദ്രം മിഷന്‍ എന്നിങ്ങനെയുള്ള സമഗ്ര മേഖലയിലും പുരോഗതി നേടാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് രണ്ട് വര്‍ഷം കൊണ്ട് സാധിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News