ചരിത്രമെഴുതി പൊതുവിദ്യാലയങ്ങള്‍; ഈ അധ്യനവര്‍ഷം 32,349 കുട്ടികളുടെ വര്‍ധനവ്; ലോകോത്തരനിലവാരമുള്ള വിദ്യാഭ്യാസം സാധ്യമാക്കുക ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ ഇത്തവണ ചരിത്രമെഴുതിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കാല്‍ നൂറ്റാണ്ടായി തുടരുന്ന കുട്ടികള്‍ കുറയുന്നു എന്ന പ്രവണത അവസാനിപ്പിച്ചെന്നും കഴിഞ്ഞവര്‍ഷത്തേക്കാള്‍ 32,349 കുട്ടികളുടെ വര്‍ധനവ് ഈ അധ്യനവര്‍ഷം ഉണ്ടായിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

പൊതുവിദ്യാലയങ്ങള്‍ ഇത്തവണ ചരിത്രമെഴുതിയിരിക്കുന്നു. കാല്‍ നൂറ്റാണ്ടായി തുടരുന്ന കുട്ടികള്‍ കുറയുന്നു എന്ന പ്രവണത അവസാനിപ്പിച്ചു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 32,349 കുട്ടികളുടെ വര്‍ധനവ് ഈ അധ്യനവര്‍ഷം ഉണ്ടായി.

പൊതുവിദ്യാലയങ്ങളില്‍ 1.85.971 വിദ്യാര്‍ത്ഥികളാണ് ഇക്കുറി പുതുതായി പ്രവേശനം നേടിയത്. കഴിഞ്ഞവര്‍ഷം 1,45,208 പേര്‍. രണ്ടുവര്‍ഷത്തിനുള്ളില്‍ പുതുതായി പ്രവേശനം നേടിയവരുടെ എണ്ണം 3,31,179 വരും. ഇതും ചരിത്രമാണ്.

എല്ലാ സ്‌കൂളുകളിലും ഒന്നാം ക്ലാസില്‍ കുട്ടികള്‍ കൂടി. സര്‍ക്കാര്‍ സ്‌കൂളില്‍ എല്ലാ ക്ലാസിലും കുട്ടികളുടെ എണ്ണം കൂടിയതും അഭിമാനകരാമയ നേട്ടമാണ്.

പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ രണ്ടാം വര്‍ഷം തന്നെ ചരിത്രനേട്ടം സ്വന്തമാക്കാന്‍ നമുക്ക് സാധിച്ചിരിക്കുന്നു. ലോകോത്തരനിലവാരമുള്ള വിദ്യാഭ്യാസം നമ്മുടെ കുട്ടികള്‍ക്കും സാധ്യമാക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്.

ഹൈടെക് ക്ലാസ്‌റൂം, അന്താരാഷ്ട്രാനിലവാരമുള്ള സ്‌കൂളുകള്‍, വിദ്യാലയങ്ങള്‍ക്ക് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, മികച്ച ലൈബ്രറി തുടങ്ങി വലിയ പദ്ധതികള്‍. സ്‌കൂള്‍ തുറക്കും മുമ്പെ പാഠപുസ്തകവും യൂണിഫോമും. പ്രഖ്യാപിച്ചവ സമയബന്ധിതമായി നടപ്പാക്കാനായി എന്നതാണ് നേട്ടം.

വിദ്യാലയങ്ങളുടെ പൊതു അന്തരീക്ഷത്തിലും മാറ്റം വരുത്താനായി എന്നതും നേട്ടമാണ്. കുട്ടികളെ ജീവിതപാഠം പഠിപ്പിക്കുന്ന ഇടങ്ങളാക്കി പള്ളിക്കൂടങ്ങളെ മാറ്റി. പല സ്‌കൂളുകളിലും മനോഹരമായ പച്ചക്കറി തോട്ടങ്ങളുണ്ട്.

സ്വന്തം തോട്ടത്തിലെ പച്ചക്കറി തന്നെ ഉച്ചഭക്ഷണത്തിനുള്ള വിഭവമായി. പരിസ്ഥിതി സംരക്ഷണത്തിലും മറ്റും മാതൃകാപരമായ ഇടപെടലുകള്‍ കൊച്ചു കുട്ടികള്‍ നടത്തുന്നു. ചുറ്റുപാടുകളെ നിര്‍ന്നിമേഷരായി നോക്കികാണുന്നതിനപ്പുറം ചിന്തിക്കുന്ന ഒരു തലമുറയിലേക്ക് ഈ കുരുന്നുകള്‍ ചുവടുവെച്ചു തുടങ്ങി.

മാറ്റം ഉള്‍ക്കൊണ്ട്, സ്വയം പഠിച്ച് അത് പകര്‍ന്നു നല്‍കി നല്ല കലാലയഅന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ അധ്യാപകസമൂഹത്തിനും നിര്‍ണ്ണായകപങ്കുണ്ട്. ആ ഉത്തരവാദിത്തം നിര്‍വ്വഹിക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തെ വലിയ ക്യാമ്പയിനാക്കി ഏറ്റെടുത്ത വിജയിപ്പിച്ച എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവകാശപ്പെട്ടതാണ് ഈ നേട്ടം. എല്ലാവരേയും സംസ്ഥാനസര്‍ക്കാര്‍ സ്‌നേഹപൂര്‍വ്വം അഭിവാദ്യം ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News