എസ്എഫ്ഐ സംസ്ഥാന സമ്മേളനം ഇന്ന് കൊല്ലത്ത് സമാപിക്കുന്നു; കലാലയങ്ങൾ ആത്മഹത്യാ മുനമ്പുകളാകുമ്പോൾ പോരാട്ടം തുടരുന്ന എസ്എഫ്ഐയെക്കുറിച്ച് സംസ്ഥാന സെക്രട്ടറി എം വിജിൻ

എസ്എഫ്ഐയുടെ 33ാം സംസ്ഥാന സമ്മേളനം 20 മുതൽ 24 വരെ കൊല്ലത്ത് ചേരുകയാണ‌്. 21 വർഷത്തിനുശേഷമാണ് കൊല്ലം എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്നത്. മൂന്നുവർഷങ്ങൾക്കുമുമ്പ് തൃശൂരിൽ സംസ്ഥാന സമ്മേളനം ചേരുമ്പോൾ കേരളത്തിന്റെ വിദ്യാഭ്യാസമേഖല കുത്തഴിഞ്ഞ നിലയിലായിരുന്നു.

ഭരണത്തിന്റെ അവസാനനാളുകളിൽ വിദ്യാഭ്യാസക്കച്ചവടത്തിന് വേഗംകൂട്ടിയ യുഡിഎഫ് സർക്കാരിനെതിരെ അതിശക്തമായ പ്രക്ഷോഭമാണ‌് ഉയർന്നുവന്നത‌്. പൊതുവിദ്യാഭ്യാസമേഖലയാകെ തകർത്ത് സ്വകാര്യ അൺ എയ്ഡഡ് സ്ഥാപനങ്ങൾക്ക് വളരാൻ അവസരം സൃഷ്ടിച്ചു. യഥാസമയം കുട്ടികൾക്ക് പാഠപുസ്തകം നൽകാതിരുന്ന സർക്കാരിനെതിരെ വിദ്യാർഥിരോഷം ഇരമ്പിയപ്പോൾ പൊലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമർത്താനാണ് യുഡിഎഫ് സർക്കാർ ശ്രമിച്ചത‌്.

അഞ്ചുവർഷത്തെ യുഡിഎഫ് ഭരണത്തിൽ ഉന്നതവിദ്യാഭ്യാസവും തകർന്നടിഞ്ഞു. മെഡിക്കൽ‐എൻജിനിയറിങ‌് മേഖല വിദ്യാഭ്യാസക്കച്ചവടത്തിനുമാത്രമായി. സ്വകാര്യ സർവകലാശാലകൾക്ക് കേരളത്തിലേക്ക് ചുവപ്പുപരവതാനി വിരിക്കാൻ കോവളത്ത് സംഘടിപ്പിക്കപ്പെട്ട ആഗോള വിദ്യാഭ്യാസസംഗമത്തിനുനേരെയും വിദ്യാർഥിപ്രതിരോധം ഉയർന്നു.

മലാപ്പറമ്പ് ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾ അടച്ചുപൂട്ടാൻ മാനേജർക്ക് അവസരം ഒരുക്കിയിട്ടാണ് യുഡിഎഫ് സർക്കാർ ഭരണംവിട്ടൊഴിഞ്ഞത്. ഈയൊരു പരിതസ്ഥിതിയിലാണ് ഇടതുപക്ഷസർക്കാർ 2016 മേയിൽ അധികാരത്തിലേറുന്നത്.

പൊതുവിദ്യാഭ്യാസരംഗത്ത് പ്രത്യാശയുടെ പുതിയ വെളിച്ചം പകർന്നാണ് ഇടതുപക്ഷ സർക്കാർ രണ്ടുവർഷം പൂർത്തീകരിച്ചത്. നവകേരള മിഷന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞംകൂടി ഉൾപ്പെടുത്തിയത് പൊതുവിദ്യാലയങ്ങളുടെ ഉണർവിന് കാരണമായി.

യുഡിഎഫ് സർക്കാർ അടച്ചുപൂട്ടിയ മലാപ്പറമ്പ് യുപിഎസ് എൽഡിഎഫ് സർക്കാർ ഏറ്റെടുത്തത് എസ്എഫ്ഐ മുന്നോട്ടുവച്ച രാഷ്ട്രീയമുദ്രാവാക്യത്തിന്റെ വിജയമാണ്. ഒരു നിയോജകമണ്ഡലത്തിൽ ഒരു പൊതുവിദ്യാലയം മികവിന്റെ കേന്ദ്രമാക്കിയും അടച്ചുപൂട്ടുമായിരുന്ന സ്‌കൂളുകൾക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളൊരുക്കിയും ഇടതുപക്ഷ സർക്കാർ മുന്നോട്ടുപോവുകയാണ്.

ചരിത്രത്തിലാദ്യമായിട്ടാണ് സ്‌കൂൾ തുറക്കുന്നതിന് രണ്ടുമാസംമുമ്പ് പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യാൻ സാധിക്കുന്നത്. ഉന്നതവിദ്യാഭ്യാസരംഗത്ത് ഗുണപരമായ മാറ്റത്തിന് നാന്ദികുറിക്കാൻ എൽഡിഎഫ് സർക്കാരിന‌് കഴിഞ്ഞു.

മെഡിക്കൽ സ്വാശ്രയ എൻജിനിയറിങ‌് രംഗത്ത് അനാരോഗ്യപ്രവണതകൾ ഇല്ലാതാക്കാൻ സർക്കാർ ക്രിയാത്മക ഇടപെടലാണ് നടത്തുന്നത്. 900 കോടി രൂപയാണ് വിദ്യാഭ്യാസവായ്പ എഴുതിത്തള്ളുന്നതിന് എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ചത്.

കേന്ദ്രത്തിൽ ബിജെപി സർക്കാർ വിദ്യാഭ്യാസരംഗത്തും സംഘപരിവാർ അജൻഡ തിരുകിക്കയറ്റുകയാണ്. വർഗീയനയങ്ങളോടൊപ്പം വിദ്യാഭ്യാസരംഗത്തും നവഉദാരവൽക്കരണനയങ്ങൾ നടപ്പാക്കുകയാണ്. എഴുത്തുകാരും മാധ്യമപ്രവർത്തകും സ്ത്രീകളും ഇത്രത്തോളം വേട്ടയാടപ്പെട്ട ചരിത്രം ഇന്ത്യയിൽ മുമ്പ് ഉണ്ടായിട്ടില്ല.
രാജ്യത്തെ പ്രതിപക്ഷമായി കലാലയങ്ങൾ മാറിയതും ഇക്കാലത്താണ്.

ജെഎൻയുവും ഹൈദരാബാദ് കേന്ദ്ര സർവകലാശാലയും ഉയർത്തിയ പ്രക്ഷോഭങ്ങൾക്കുമുന്നിൽ പ്രധാനമന്ത്രിക്കുപോലും മറുപടി പറയേണ്ടിവന്നു. തങ്ങളെ വിമർശിക്കുന്ന വിദ്യാർഥികളെ രാജ്യദ്രോഹികളാക്കിയും അപായപ്പെടുത്തിയും ഇല്ലാതാക്കാൻ ബിജെപി സർക്കാരിനും സംഘപരിവാറിനും ഒരു മടിയുമില്ല. എന്നിരുന്നാലും സംഘപരിവാർ അജൻഡകൾക്കേറ്റ കനത്ത പ്രഹരമായി, രാജ്യത്തെ പ്രധാന സർവകലാശാല വിദ്യാർഥി യൂണിയനുകളിൽ ഇടതുപക്ഷ വിദ്യാർഥി സംഘടനയ്ക്ക് ലഭിച്ച വിജയം മാറി.

ബിജെപിയുടെ ഫാസിസ്റ്റ് നയങ്ങളോട് കലാലയങ്ങൾ കലഹിക്കുമ്പോൾ അതിന്റെ നേതൃത്വമാകുന്നത് എസ്എഫ്ഐയാണ്. ബിജെപി സർക്കാർ ബീഫ് നിരോധിച്ചപ്പോൾ ബീഫ് ഫെസ്റ്റ് നടത്തിയാണ് കേരളത്തിൽ എസ്എഫ്ഐ അതിനോട് പ്രതികരിച്ചത്. എഴുത്തുകാർ കൊല്ലപ്പെടുമ്പോൾ നിശ്ശബ്ദമായില്ല കേരളത്തിലെ കലാലയങ്ങൾ. നോട്ടുനിരോധനത്തിലൂടെ ഒരു രാജ്യത്തെയാകെ കേന്ദ്ര സർക്കാർ ക്യൂ നിർത്തിയപ്പോൾ എസ്എഫ്ഐ ക്യൂ മാർച്ച് നടത്തിയാണ് അതിനോട് കലഹിച്ചത്.

സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ച് കേന്ദ്രം ഭരിക്കുന്നവർക്ക് താക്കീതായി. രാജ്യത്ത് നടന്ന കർഷകസമരങ്ങളോടൊപ്പം നടന്നുനീങ്ങുകയായിരുന്നു വിദ്യാർഥികളുടെ മനസ്സും. കേവലമായ വിദ്യാഭ്യാസപ്രശ്‌നങ്ങളിൽമാത്രമല്ല, രാജ്യം അഭിമുഖീകരിക്കുന്ന എല്ലാ വിഷയങ്ങളിലും സക്രിയമായി പ്രതികരിക്കാൻ എസ്എഫ്ഐക്ക‌് കഴിഞ്ഞു.

കലാലയങ്ങൾ ആത്മഹത്യാമുനമ്പുകളാകുന്ന സാഹചര്യമാണുള്ളത്. ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ രോഹിത് വെമുലയുടെ ആത്മഹത്യ ഭരണകൂടകൊലപാതകമാണെന്ന് എസ്എഫ്ഐ വിളിച്ചുപറഞ്ഞു. പാമ്പാടി നെഹ്‌റു കോളേജിലെ ജിഷ്ണു പ്രണോയിയുടെ രക്തസാക്ഷിത്വത്തെതുടർന്ന് കേരളത്തെ പ്രകമ്പനം കൊള്ളിച്ച പ്രക്ഷോഭപരിപാടികൾക്ക് എസ്എഫ്ഐ നേതൃത്വം നൽകി.

സ്വാശ്രയ കോളേജുകളിലെ ഇടിമുറികൾ ഇടിച്ചുനിരത്തിയാണ് വിദ്യാർഥികൾ സമരത്തിൽ പങ്കാളികളായത്. സ്വാശ്രയ കോളേജുകളിൽ സമരവസന്തം പെയ്തിറങ്ങിയതിനും കേരളം സാക്ഷിയായി. സംഘടനാസ്വാതന്ത്ര്യം ക്യാമ്പസുകളിൽ അനിവാര്യമാണെന്ന് കേരളം തിരിച്ചറിഞ്ഞതും ഇക്കാലയളവിലാണ്.

കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിൽ അധ്യാപകപീഡനത്താൽ ഗൗരിനേഹ സ്‌കൂൾ കെട്ടിടത്തിനുമുകളിൽനിന്ന് ചാടി ആത്മഹത്യ ചെയ്തപ്പോഴും മികച്ച വിജയത്തിനായി കോട്ടയം പാമ്പാടി ക്രോസ്‌റോഡ് സ്‌കൂളിൽ ബെന്റേ ഈപ്പനെ പുറത്താക്കിയതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തപ്പോഴും സമാനതകളില്ലാത്ത പോരാട്ടം സംഘടിപ്പിച്ചു. കലാലയങ്ങളിൽ ആത്മഹത്യ നടന്നപ്പോൾ നിശ്ശബ്ദരാവുകയല്ല, പൊരുതുകയായിരുന്നു ഞങ്ങൾ.

കേരള സാങ്കേതിക സർവകലാശാലയിലെ വിദ്യാർഥിവിരുദ്ധ നടപടികൾക്കെതിരെയും സംഘടനാസ്വാതന്ത്ര്യനിഷേധത്തിനെതിരെയും എസ്എഫ്ഐ നിരന്തരം സമരങ്ങൾക്ക് നേതൃത്വം നൽകി. സ്വാശ്രയ മെഡിക്കൽ ഫീസ് എസ്എഫ്ഐ സമരത്തെതുടർന്ന് നിജപ്പെടുത്താനും സാധിച്ചു.

എൽഡിഎഫ് സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് പങ്കാളികളാകുന്നതിന് പൊതുവിദ്യാലയങ്ങൾ ഏറ്റെടുത്തും ക്യാമ്പസുകളിൽ ജൈവപച്ചക്കറിത്തോട്ടങ്ങൾ നിർമിച്ചും ക്യാമ്പസ് പുസ്തകയാത്ര നടത്തിയും പുതിയ കാലത്തിന്റെ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ തീർത്തതും എസ്എഫ്ഐതന്നെയാണ്.
2017 സെപ്തംബർ 11ന് തിരുവനന്തപുരത്തുനിന്നും കാസർകോട്ടുനിന്നും ആരംഭിച്ച എസ്എഫ്ഐ സംസ്ഥാനജാഥ സംഘടനാസ്വാതന്ത്ര്യം സംരക്ഷിക്കാൻ നിയമനിർമാണം നടത്തണമെന്ന ആഹ്വാനത്തോടെയാണ് സമാപിച്ചത്. ‘നിരോധനങ്ങളുടെ കാലത്ത്, നിശ്ശബ്ദമാകാത്ത ക്യാമ്പസ്’ കാലത്തിന്റെ ചുവരെഴുത്തായി മാറി.

അർഥരഹിതമായ വിധിപ്പകർപ്പുകളിലൂടെ സംഘടനാസ്വാതന്ത്ര്യം നിഷേധിക്കാൻ ശ്രമിച്ച കോടതിവിധികൾക്കെതിരെയുള്ള മുന്നറിയിപ്പായിരുന്നു എറണാകുളത്ത് സംഘടിപ്പിച്ച വിദ്യാർഥിമഹാസംഗമം.

ഇക്കാലത്തുതന്നെയാണ് എസ്എഫ്ഐ സംഘടിതമായ വലതുപക്ഷ മാധ്യമവിചാരണയ്ക്കും വർഗീയ കടന്നാക്രമണങ്ങൾക്കും വിധേയരായത്. തിരുവനന്തപുരം ലോ അക്കാദമിയിൽ വളഞ്ഞിട്ട് ആക്രമിച്ചപ്പോഴും ഈ പ്രസ്ഥാനം പതറിയില്ല.

എസ്എഫ്ഐ മുന്നോട്ടുവച്ച മുദ്രാവാക്യംതന്നെയാണ് അവസാനം വിജയിച്ചത്. വലതുപക്ഷ വർഗീയ വിദ്യാർഥി സംഘടനകൾ കേരളത്തിൽനിന്ന് തുടച്ചുനീക്കപ്പെട്ട വർഷമാണ് 2017.

ചരിത്രത്തിലാദ്യമായി കേരളത്തിലെ 14 സർവകലാശാല യൂണിയനുകളും ഭരിക്കുന്നത് എസ്എഫ്ഐയാണ്. 95 ശതമാനം കോളേജ് യൂണിയനുകൾക്കും നേതൃത്വമാകാൻ എസ്എഫ്ഐക്ക‌് കഴിഞ്ഞു. 49 പോളിടെക്‌നിക്കുകളിൽ 48 പോളിയും എസ്എഫ്ഐ യൂണിയൻ കരസ്ഥമാക്കി. 79 ഐടിഐകളിൽ 76ഉം നേടിയത് എസ്എഫ്ഐ. സ്‌കൂൾ തെരഞ്ഞെടുപ്പിലും ചരിത്രവിജയം നേടി.

കാലത്തോട് കലഹിച്ച് എസ്എഫ്ഐ പോരാട്ടം തുടരുകയാണ്. വർഗീയതയ്ക്കും അരാഷ്ട്രീയതയ്ക്കും കലാലയങ്ങളിലെ അരാജകത്വ പ്രവണതകൾക്കുമെതിരെ വിദ്യാർഥികളെ സംഘടിപ്പിക്കാൻ എസ്എഫ്ഐ സംസ്ഥാന സമ്മേളനം കരുത്തുപകരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News