തെക്കുപടിഞ്ഞാറന്‍ ദില്ലിയില്‍ കരസേന മേധാവിയുടെ ഭാര്യയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇവരുടെ കുടുംബ സുഹൃത്ത് കൂടിയായ മറ്റൊരു മേജര്‍ അറസ്റ്റിലായി.

മേജര്‍ നിഖില്‍ ഹണ്ടയാണ് അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ മീററ്റിലെ ദൗറാലയില്‍നിന്ന് പിടികൂടുകയായിരുന്നു.

മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ ഷെലജ(30)യാണ് കൊല്ലപ്പെട്ടത്. കഴുത്തറുത്ത നിലയില്‍ ഡല്‍ഹിയിലെ ബ്രാര്‍ സ്‌ക്വയറില്‍ ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

മേജര്‍ അമിത് ദ്വിവേദിയുമായുളള ശത്രുതയാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം. കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ശരീരത്തിലൂടെ നിരവധി തവണ വാഹനം കയറ്റിയിറക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാവിലെ സൈനിക ആശുപത്രിയിലെത്തിയ ഷൈലജ തിരിച്ചെത്താഞ്ഞതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇവരെ തിരികെ വിളിക്കാനായി ഡ്രൈവര്‍ ആശുപത്രിയിലെത്തിയപ്പോഴാണ് കാണാതായ വിവരം അറിയുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.