മലയാള സിനിമയുടെ അശ്വത്ഥാമാവ്; കെ ആര്‍ മോഹനന്‍ ഓര്‍മ്മയായിട്ട് ഒരാണ്ട്; കാണാം കേരള എക്സ്പ്രസ് `മോഹനയാത്രകള്‍’

എ‍ഴുപതുകളുടെ ക്ഷുഭിതമായ രണ്ടാം പകുതിയിലാണ് കെ ആര്‍ മോഹനന്‍ എന്ന ചലച്ചിത്രകാരന്‍റെ ഉദയം. നാല് പതിറ്റാണ്ടിനുള്ളില്‍ അശ്വത്ഥാമാവ്, പുരുഷാര്‍ത്ഥം, സ്വരൂപം എന്നിങ്ങനെ മൂന്ന് ചിത്രങ്ങള്‍ മാത്രം.

ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ നേടിയ ക്ലാസിക്ക് മാനമുള്ള ഈ മൂന്ന് ചിത്രങ്ങള്‍ മതി മലയാളത്തില്‍ സമാന്തര സനിമയുടെ ശക്തിയും കെ ആര്‍ മോഹനന്‍ എന്ന ചലച്ചിത്രകാരന്‍റെ പ്രതിഭയും രേഖപ്പെടുത്താന്‍.

പക്ഷേ അദ്ദേഹത്തിന്‍റെ നീണ്ട നിശബ്ദതകളും പൂര്‍ത്തിയാവാത്ത സ്വപ്നങ്ങളോടെയുള്ള മരണവും മലയാള സിനിമാ ചരിത്രത്തിന്‍റെ ദുഖമാണ്.

`വൈറ്റ് ബാലന്‍സ്’ എന്നൊരു തിരക്കഥ മോഹനേട്ടന്‍ വര്‍ഷങ്ങളായി എ‍ഴുതി സൂക്ഷിക്കുന്നുണ്ടായിരുന്നു. പിന്നെ പ്രേംജിയെക്കുറിച്ചൊരു സിനിമയും സ്വപ്നമായിരുന്നു.

അറുപതുകളില്‍ ചാവക്കാട്ട് നിന്ന് സകലരും ഗള്‍ഫിലേക്ക് പറക്കുന്ന കാലത്ത് കെ എസ് രാമന്‍ മാസ്റ്ററുടെയും കെ വി പാറുക്കുട്ടിയമ്മയുടെയും മകന്‍ മോഹനന്‍ പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ് വണ്ടികയറിയത്.

പൂനാഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സന്തതികളില്‍ മലയാളത്തില്‍ ജോണ്‍ എബ്രഹാമും കെജി ജോര്‍ജും ക‍ഴിഞ്ഞാല്‍ മൂന്നാമത്തെ പേരുകാരനായി കെ ആര്‍ മോഹനന്‍ ആ ചരിത്രത്തിലും സ്ഥാനം പിടിച്ചു.

മൂന്ന് എന്ന സംഖ്യയെ മുറുകെപ്പിടിച്ചത് പോലെ മൂന്ന് ചിത്രങ്ങള്‍ കൊണ്ട് ആ ചരിത്രത്തിന് വിരാമമിട്ടു.

മലയാള ടെലിവിഷനില്‍ കാ‍ഴ്ച്ചയുടെ വേറൊരു രാഷ്ട്രീയവും വേറിട്ടൊരു സൗന്ദര്യവുമായ കൈരളി ടിവിയുടെയും മുഖമായിരുന്നു കെ ആര്‍ മോഹനന്‍.

കൈരളിയുടെ ആദ്യത്തെ പ്രോഗ്രാം ഡയറക്ടര്‍. കലാമണ്ഡലം കൃഷ്ണന്‍ കുട്ടിപ്പൊതുവാള്‍ തൊട്ട് ഏറ്റവും ഒടുവില്‍ കെ ആര്‍ ഗൗരിയമ്മവരെയുള്ള വലിയ ജീവചരിത്രങ്ങളും കേരളത്തിന്‍റെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചരിത്രങ്ങളും അദ്ദേഹം ഡോക്യുമെന്‍ററി ചിത്രങ്ങളാക്കിയിട്ടുണ്ട്.

പതിറ്റാണ്ടുകളോളം കേരളത്തിലെ വലിയ ചലച്ചിത്ര സാംസ്കാരിക മുന്നേറ്റങ്ങളുടെയെല്ലാം നായകനായിരുന്നു കെ ആര്‍ മോഹനന്‍.

വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും സൗഹൃദങ്ങളുടെയും നന്മകളെ തലമുറകളുടെ വിടവില്ലാതെ അദ്ദേഹം തിരിച്ചറിഞ്ഞു. ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരിക്കുമ്പോ‍ഴും ചലച്ചിത്രോത്സവങ്ങളുടെ പ്രധാന സംഘാടകനാകുമ്പോ‍ഴും ആള്‍ക്കൂട്ടത്തില്‍ ഒരാളായല്ലാതെ നമുക്ക് മോഹനേട്ടനെ കാണാനാവില്ല.

മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇങ്ങനെ അധികം ജനകീയ മുഖങ്ങള്‍ നമുക്ക് അവകാശപ്പെടാനില്ല.

കെ ആര്‍ മോഹനന്‍ അനുസ്മരണ കൂട്ടായ്മ ഇന്ന് തിരുവനന്തപുരത്ത് ഭാരത് ഭവനില്‍ വൈകീട്ട് 5.30ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

രാത്രി 9.30ന് പീപ്പിള്‍ ടിവിയില്‍ കേരളാ എക്സ്പ്രസ് `മോഹനയാത്രകള്‍’ ഓര്‍മ്മപ്പതിപ്പും കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News