പ്ലാസ്റ്റിക് നിരോധനം മുതലെടുത്ത് അധികൃതർ; പിഴയെ പഴിച്ച് ഉപഭോക്താക്കൾ

മഹാരാഷ്ട്രയിൽ സമ്പൂർണ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തി രണ്ടു ദിവസം പിന്നിടുമ്പോൾ പരക്കെ പരാതിയുമായി ജനങ്ങൾ രംഗത്ത്.

പ്ലാസ്റ്റിക് വർജിക്കാൻ തയ്യാറാണെങ്കിലും പലപ്പോഴും മറ്റു മാർഗങ്ങൾ ഇല്ലാത്തതാണ് ഉപഭോക്താക്കളെ വലക്കുന്നത് .

അതുകൊണ്ടു തന്നെ പ്ലാസ്റ്റിക്കിന് പകരം നൽകാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താതെ ധൃതി പിടിച്ചുള്ള കർശന നടപടിയിൽ അസംതൃപ്തരാണ് പൊതു സമൂഹം.

നിരോധന നിയമങ്ങൾ ചൂഷണം ചെയ്ത് നേട്ടമുണ്ടാക്കുന്നത് സിവിക് ഇൻസ്‌പെക്ടർമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമാണെന്ന പരാതികളാണ് ഉയർന്ന് വന്നിരിക്കുന്നത്.

പല ഉദ്യോഗസ്ഥരും കിട്ടിയ അവസരം മുതലെടുത്ത് ചുളുവിൽ കാശുണ്ടാക്കാനുള്ള തിരക്കിലാണ്. ഇതോടെ സാധാരണ ജനങ്ങളാണ് ആശങ്കയിലായിരിക്കുന്നത്.

മുംബൈയിലെ പല സ്ഥലങ്ങളിലും പ്രത്യേകിച്ച് ഈസ്റ്റേൺ സബർബിൽ നിരോധനത്തിൽ പെടാത്ത വസ്തുക്കൾക്കാണ് ഫൈൻ ഈടാക്കിയിട്ടുള്ളത് .

ചെമ്പുർ, ഘാട്കോപ്പർ, മുളുണ്ട് തുടങ്ങിയ സ്ഥലങ്ങളിലെ മാളുകളിൽ നിന്നായി 5000 മുതൽ 10000 രൂപ വരെ പിഴ ഈടാക്കിയത് അനധികൃതമായാണെന്നും പരാതികളുണ്ട്.

റീ യൂസബിൾ പ്ലാസ്റ്റിക് ടബ്ബ് കൂടാതെ നിർമ്മാതാക്കൾ പാക്ക് ചെയ്യാൻ ഉപയോഗിച്ചിരിക്കുന്ന അനുമതിയുള്ള വസ്തുക്കൾക്കൾക്കാണ് പിഴ ചുമത്തിയിരിക്കുന്നത്.

നിരോധനത്തിന്റെ നിയമ വശങ്ങളെ കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത വ്യാപാരികളാണ് വലിയ ഭവിഷത്തുകൾ ഒഴിവാക്കാനായി ചെറിയ ‘പാരിതോഷികം’ നൽകി അധികൃതരെ സന്തോഷിപ്പിക്കുന്നത്.

നിരോധനം നടപ്പാക്കിയ ദിവസം തന്നെ ഇൻസ്‌പെക്ടർമാർ സംഘമായെത്തിയാണ് കടകളിലെത്തി തിരച്ചിൽ നടത്തി പിഴ ചുമത്തിയതെന്നും ഷോപ്പുടമകൾ പരാതിപ്പെടുന്നു.

നടപടിയെ ചെറുത്തപ്പോൾ കടയിൽ ഉള്ള എല്ലാ പ്ലാസ്റ്റിക് വസ്തുക്കൾക്കും പിഴ ചുമത്തുമെന്നും, വലിയ വില നൽകേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തിയാണ് ഷോപ്പുടമകളെ ചൊൽപ്പടിക്ക് നിർത്തിയത്.

വേറെ മാർഗ്ഗമില്ലെന്നു കണ്ടപ്പോഴാണ് ഓരോ കടക്കാരും 5000 മുതൽ 10000 വരെ പിഴ അടക്കാൻ നിർബന്ധിതരായെന്നും വ്യാപാരികൾ വിലപിക്കുന്നു.

മുംബൈ പോലുള്ള നഗരത്തിൽ ഇത്തരം നിരോധനം നടപ്പാക്കുന്നതിന് സാവകാശം ആവശ്യമാണെന്നും പ്ലാസ്റ്റിക്കിനു പകരമായി പ്രകൃതി സൗഹൃദമായ വസ്തുക്കൾ പ്രാബല്യത്തിൽ കൊണ്ടുവരാൻ സർക്കാർ തന്നെ മുൻകൈ എടുക്കണമെന്നുമാണ് വ്യാപാരികൾ പറയുന്നത്.

നിരോധനത്തിന്റെ വിശദാംശങ്ങൾ എന്തെന്നറിയാത്ത വീട്ടമ്മമാരും ചെറുകിട വ്യാപാരികളുമാണ് കൂടുതലും ബലിയാടുകളാകുന്നത്.

മഹാരാഷ്ട്രയിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് വീണു കിട്ടിയ സുവർണാവസരമാണ് മുൻധാരണയില്ലാതെ നടപ്പിലാക്കിയ നിരോധനമെന്നും പരക്കെ പരാതിയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News