“ഞങ്ങള്‍ വഴിയൊരുക്കാം അവര്‍ പഠിക്കട്ടെ”; ആദിവാസി ഊരിലെ കുരുന്നുകള്‍ക്ക് സ്‌കൂള്‍ വാഹനമൊരുക്കി എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ്

അക്ഷരമുറ്റത്തേക്ക് ഇനിയവര്‍ക്ക് വഴിമുടങ്ങില്ല. വനമേഖലയായ ലപ്പുറം എടക്കര മേലേ ഇല്ലിക്കാട്ടില്‍ നിന്നും അവരിനി പഠിക്കാനിറങ്ങുക എക്‌സൈസ് വകുപ്പിന്റെ വാഹനത്തില്‍.

ആദിവാസി ഊരിലെ 12 കുട്ടികളാണ് എക്‌സൈസ് വകുപ്പ് ഒരുക്കുന്ന വാഹനത്തില്‍ എടക്കര ഗവണ്‍മെന്റ് ഹൈസ്‌കൂളിലെത്തുക.

യാത്രാ ദുരിതമനുഭവിക്കുന്ന കൂടുതല്‍ കുട്ടികളെ സ്‌കൂളുകളിലെത്തിക്കുന്നതിനായി എക്‌സൈസ് വകുപ്പും പട്ടികവര്‍ഗ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ഗോത്രസാരഥി പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമാവും.

കുട്ടികളെ വീട്ടില്‍ പഠിപ്പിക്കാനുള്ള പഠനവീട് പദ്ധതി, സായാഹ്ന പഠനക്ലാസ്, പിഎസ്‌സി പരിശീലനം എന്നീ പരിപാടികളും നടപ്പിലാക്കും. കുട്ടികള്‍ക്ക് വിവധ കോഴ്‌സുകളിലേക്ക് പ്രവേശനം നേടികൊടുക്കാനുള്ള തിരക്കിലാണ് ജനമൈത്രി പൊലീസ്.

യാത്രാപ്രയാസവും രോഗവുംമറ്റുംമൂലം പഠനംമുടങ്ങി വീട്ടിലിരിക്കുന്ന കുട്ടികളെ സ്‌കൂളിലെത്തിക്കാനുള്ള ദൗത്യവും ജനമൈത്രി പൊലിസ് ഏറ്റെടുത്തിട്ടുണ്ട് കാട്ടിലപ്പാറ, ചുള്ളി, ചാലിയാര്‍ മൊടവണ്ണ, പുഞ്ചക്കൊല്ലി, എന്നിവിടങ്ങളില്‍ നിന്നായി 12 കുട്ടികളെയാണ് ഇത്തവണ ഈ ഉദ്യമത്തിലൂടെ സ്‌കൂളിലേക്കെത്തിക്കാന്‍ കഴിഞ്ഞത്.

ആദിവാസികള്‍ക്കിടയില്‍ ലഹരിബോധവല്‍ക്കരണത്തിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് ജനമൈത്രി എക്‌സൈസ്.

2017 സെപ്തംബര്‍ 16 ന് എടക്കരയില്‍ സ്‌ക്വാഡ് ഓഫീസ് തുറന്ന് 9 മാസക്കാലംകൊണ്ട് ആദിവാസികളുടെ സമഗ്ര വികസനം ലക്ഷ്യംവച്ച് നിരവധി പദ്ധതികളാണ് നടപ്പിലാക്കിയത്.

പതിനഞ്ച് മെഡിക്കല്‍ ക്യാമ്പുകളും ലഹരിമുക്ത ക്യാമ്പുകളും ആദിവാസി ഊരുകളില്‍ നടപ്പിലാക്കി. രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കി. ആയുര്‍വേദ, ഹോമിയോ, അലോപ്പതി മരുന്നുകള്‍ സൗജന്യമായി ലഭ്യമാക്കി.

വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ച് ആനുകൂല്യങ്ങളിലെ കാലതാമസവും ഒഴിവാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News