പയ്യോളി നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി

കോഴിക്കോട് ജില്ലയിലെ പയ്യോളി നഗരസഭാ ഭരണം യു ഡി എഫി ന് നഷ്ടമായി. ചെയർപേഴ്സണനെതിരായ എൽ ഡി എഫ് അവിശ്വാസ പ്രമേയം 16 നെതിരെ 19 വോട്ടുകൾക്ക് വിജയിച്ചു. വനിതാലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. പി കുൽസുവാണ് ചെയർപേഴ്സൺ സ്ഥാനത്ത് നിന്ന് പുറത്തായത്. വൈസ് ചെയർമാനെതിരായ പ്രമേയം ഉച്ചകഴിഞ്ഞ് വോട്ടിനിടും.

2 വർഷവും 7 മാസവും നീണ്ട പ്രഥമ പയ്യോളി നഗരസഭയിലെ യു ഡി എഫ് ഭരണമാണ് അവിശ്വാസത്തിൽ നിലം പൊത്തിയത്. എൽ ഡി എഫ് കൊണ്ടുവന്ന ചെയർപേഴ്സണെതിരായ അവിശ്വാസ പ്രമേയം 16 നെതിരെ 19 വോട്ടുകൾക്ക് വിജയിച്ചു.

ഒരു എൽ ഡി എഫ് അംഗത്തിൻറെ വോട്ട് അസാധുവായി. ഇതോടെ വനിതാലീഗ് സംസ്ഥാന സെക്രട്ടറി കൂടിയായ അഡ്വ. പി കുൽസു ചെയർപേഴ്സൺ സ്ഥാനത്ത് നിന്ന് പുറത്ത്. 36 അംഗ പയ്യോളി നഗരസഭയിൽ എൽ ഡി എഫിന് 17 അംഗങ്ങളാണുള്ളത്. ലോക് താന്ത്രിക് ജനതാദൾ (വീരേന്ദ്രകുമാർ വിഭാഗം) 3 അംഗങ്ങൾ എൽ ഡി എഫ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു.

സംസ്ഥാന നേതൃത്വത്തിൻറെ അനുവാദത്തോടെയാണ് ഭരണമാറ്റത്തിന് തീരുമാനമെടുത്തതെന്ന് ജനതാദൾ കൗൺസിലർമാർ വ്യക്തമാക്കി. 8 വീതം അംഗങ്ങളാണ് കോൺഗ്രസ്, ലീഗ് കക്ഷികൾക്കുള്ളത്. ഭരണമാറ്റത്തോടെ പയ്യോളി നഗരസഭയിലെ വികസന മുരടിപ്പിന് അന്ത്യം കുറിക്കാനാകുമെന്ന് എൽ ഡി എഫ് നേതൃത്വം പ്രതീക്ഷ പ്രകടിപ്പിച്ചു.

രണ്ടാഴ്ചക്കകം പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here