മുഖ്യമന്ത്രി പിണറായിക്കെതിരെ വധഭീഷണി; കൃഷ്ണകുമാര്‍ നായരുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ കേസില്‍ അറസ്റ്റിലായ കൃഷ്ണകുമാര്‍ നായരുടെ ജാമ്യാപേക്ഷ എറണാകുളം സിജെഎം കോടതി തള്ളി.

ഇയാളെ 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു. കൃഷ്ണകുമാര്‍ നായരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി സെന്‍ട്രല്‍ പോലീസ് നാളെ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും.

ദില്ലിയില്‍ അറസ്റ്റിലായ കൃഷ്ണകുമാര്‍ നായരെ ഇന്ന് പുലര്‍ച്ചെയാണ് ട്രെയിന്‍ മാര്‍ഗ്ഗം കൊച്ചിയിലെത്തിച്ചത്. മദ്യ ലഹരിയില്‍ അറിയാതെ സംഭവിച്ച കുറ്റമാണെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇയാള്‍ പോലീസിനോട് പറഞ്ഞത്. വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം ഇയാളെ എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കി.

കൃഷ്ണകുമാര്‍ നായര്‍ക്ക് വേണ്ടി അഭിഭാഷകന്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും കോടതി തള്ളി. 14 ദിവസത്തേക്ക് റിമാന്റ് ചെയ്യുന്നതായും കോടതി ഉത്തരവിട്ടു. വിശദമായി ചോദ്യം ചെയ്യുന്നതിന് വേണ്ടി ഇയാളെ ഒരു ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വിട്ടുതരണമെന്നാവശ്യപ്പെട്ട് സെന്‍ട്രല്‍ പോലീസ് നാളെ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.

അബുദാബി ആസ്ഥാനമായ എണ്ണക്കമ്പനിയില്‍ റിഗ്ഗിങ് സൂപ്പര്‍വൈസറായി ജോലി ചെയ്തിരുന്ന കൃഷ്ണകുമാര്‍ നായര്‍ ഫെയ്‌സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്.

താന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്നും പിണറായി വിജയനെ വധിക്കാന്‍ പഴയ ആയുധങ്ങള്‍ തേച്ചുമിനുക്കിയെടുത്തിട്ടുണ്ടെന്നും ഉടന്‍ കേരളത്തിലേക്ക് വരികയാണെന്നുമായിരുന്നു ഭീഷണി. ഇക്കഴിഞ്ഞ 16ന് ദില്ലി വിമാനത്താവളത്തില്‍വെച്ച് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

തുടര്‍ന്ന് തിഹാര്‍ ജയിലിലേക്കയച്ച കൃഷ്ണ കുമാറിനെ കേരള പൊലീസിന്റെ ആവശ്യപ്രകാരം കൈമാറാന്‍ പട്യാല കോടതി ഉത്തരവിടുകയായിരുന്നു.

ഐപിസി 153, 506, 67(എ) ഐടി ആക്ട് ഉള്‍പ്പടെയുള്ള വകുപ്പുകളാണ് കൃഷ്ണ കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News