ജസ്‌നയുടെ തിരോധാനം: അന്വേഷണം പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍; 250 പേരുടെ മൊഴി രേഖപ്പെടുത്തി; 120 പേരെ ചോദ്യംചെയ്തു; ഒരുലക്ഷത്തോളം ഫോണ്‍കോളുകള്‍ പരിശോധിച്ചു

കൊച്ചി: ജസ്‌ന മരിയ ജയിംസിനെ തിരോധാനവുമായി ബന്ധപ്പെട്ട് യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

ജെസ്‌നയുടെ തിരോധാനം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ജെസ്‌നയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി കോടതി പരിഗണിക്കവെയാണ് ഇതു സംബന്ധിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. അന്വേഷണം പുരോഗമിക്കുകയാണെന്നും എന്നാല്‍ വ്യക്തമായ തെളിവുകളൊന്നും ഇതുവരെ ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഉയര്‍ന്നുവന്ന എല്ലാ ആരോപണങ്ങളെ കുറിച്ചും അന്വേഷിച്ചു. 250 പേരില്‍നിന്ന് മൊഴി രേഖപ്പെടുത്തി. 120 പേരെ ചോദ്യംചെയ്തു. ഒരുലക്ഷത്തോളം ഫോണ്‍കോളുകള്‍ പരിശോധിച്ചുവെന്നും തിരുവല്ല ഡിവൈഎസ്പി ചന്ദ്രശേഖര പിള്ള സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ജസ്‌നയെ കണ്ടുവെന്ന് സന്ദേശങ്ങള്‍ ലഭിച്ച എല്ലാ സ്ഥലങ്ങളിലും പോലീസ് നേരിട്ടെത്തി അന്വേഷിച്ചുവെങ്കിലും ഒരു സ്ഥിരീകരണവും ലഭിച്ചിട്ടില്ല.

ജസനയുടെ പിതാവ് നിര്‍മ്മിക്കുന്ന വീട്ടില്‍ പരിശോധന നടത്തിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വീട്ടുകാര്‍ക്കെതിരായി ഉയര്‍ന്ന ആരോപണങ്ങളും അന്വേഷിച്ചുവെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജാണ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. പിന്നീട് ജസ്‌നയുടെ പിതാവ് ഇതില്‍ കക്ഷിചേര്‍ന്നു. പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഹൈക്കോടതി പിന്നീട് പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here