മകളെ അടിച്ചൊതുക്കി വീട്ടുതടങ്കലിലാക്കിയ ജഡ്ജിക്കെതിരെ ഹൈക്കോടതി കേസെടുത്തു; തടങ്കല്‍ മകള്‍ പട്ടികജാതിക്കാരനെ പ്രണയിച്ചതിന്

പാട്‌ന: അഭിഭാഷകനെ പ്രണയിച്ചതിന് മകളെ വീട്ടുതടങ്കലിലാക്കിയ ജഡ്ജിക്കെതിരെ പട്‌ന ഹൈക്കോടതി സ്വമേധയാ കേസെടുത്തു.

ഇരുപത്തിനാലുകാരിയായ മകള്‍ യശ്വസിനിയെ അകാരണമായി വീട്ടുതടങ്കലില്‍ വെച്ചതിന് ഘഗാരിയ ജില്ലാ കോടതി ജഡ്ജി സുഭാഷ് ചന്ദ്ര ചൗരസ്യക്കെതിരെയാണ് കോടതി കേസെടുത്തത്. സിദ്ധാര്‍ഥ് ബന്‍സാല്‍ എന്ന സുപ്രീംകോടതി അഭിഭാഷകനുമായുള്ള മകളുടെ പ്രണയം അറിഞ്ഞതിനെത്തുടര്‍ന്നായിരുന്നു ചൗരസ്യ മകളെ വീട്ടുതടങ്കലിലാക്കിയത്.

നാളെ ഉച്ചയ്ക്ക് 2.15ന് പെണ്‍കുട്ടിയെ ചീഫ് ജസ്റ്റിസിന്റെ ചേംബറില്‍ ഹാജരാക്കാന്‍ ചീഫ് ജസ്റ്റീസ് രാജേന്ദ്ര മേനോന്‍, ജസ്റ്റിസ് രാജീവ് രഞ്ജന്‍ എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടു. ജഡ്ജിയും ഭാര്യയും കോടതിയിലെത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണ് സിദ്ധാര്‍ത്ഥ് ബന്‍സാല്‍. പട്‌നയിലെ വീട്ടിലെത്തി യശ്വസിനിയെ കാണാന്‍ ശ്രമിച്ച സിദ്ധാര്‍ഥിനോട് കല്യാണം ക!ഴിക്കണമെങ്കില്‍ ജഡ്ജിയാകണം, അല്ലെങ്കില്‍ സിവില്‍ സര്‍വീസില്‍ കയറണമെന്നും ചൗരസ്യ പറഞ്ഞു.

പഠനത്തിന്റെ ഭാഗമായി ദില്ലിയിലെത്തിയ യശ്വസിനി 2012ലാണ് സിദ്ധാര്‍ത്ഥിനെ പരിചയപ്പെടുന്നത്. പരിചയം പതിയെ പ്രണയമായി മാറി. കഴിഞ്ഞ മാസം ഡല്‍ഹി ജുഡീഷ്യല്‍ സര്‍വീസസ് പരീക്ഷയെഴുതാന്‍ അമ്മയോടൊപ്പം ഡല്‍ഹിയിലെത്തിയ യശ്വസിനി സിദ്ധാര്‍ഥിനെ നേരില്‍ കണ്ടിരുന്നു.

പ്രണയവിവരം അറിഞ്ഞ അമ്മയാകട്ടെ യശ്വസിനിയെ പരീക്ഷയെഴുതാന്‍ അനുവദിക്കാതെ നാട്ടിലേക്ക് മടങ്ങിപ്പോവുകയായിരുന്നു.

വീട്ടിലെത്തിയ യശ്വസിനിയെ അച്ഛന്‍ മര്‍ദ്ദിക്കുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്തു. മാതാപിതാക്കള്‍ സിദ്ധാര്‍ഥിനെ വിളിച്ച് യശ്വസിനിയുടെ കരച്ചില്‍ കേള്‍പ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് സുഹൃത്തിനൊപ്പം സിദ്ധാര്‍ഥ് ഡിജിപി കെ.എസ്. ദ്വിവേദിയുടെ അടുത്തെത്തി പരാതി നല്കി.

ഡിജിപി ഘഗാരിയയുടെ നിര്‍ദേശാനുസരണം അന്വേഷണം ഏറ്റെടുത്ത എസ്പി മീനുകുമാരിയുടെ നേതൃത്വത്തില്‍ ജഡ്ജിയുടെ വീട്ടിലെത്തിയ പൊലീസ് സംഘം യശ്വസിനിയെ മോചിപ്പിച്ചു.

ബാര്‍ ആന്‍ഡ് ബഞ്ച് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ജില്ലാ ജഡ്ജിക്കെതിരെ ഹൈകോടതി സ്വമേധയാ കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News