റഷ്യയെ ഞെട്ടിച്ച് ഉറുഗ്വേ; ജയം എതിരില്ലാത്ത മൂന്ന് ഗോളിന്

റഷ്യയുടെ സ്വപ്ന സമാനമായ കുതിപ്പിനാണ് ഉറുഗ്വേ ഗോളുകള്‍ കൊണ്ട് പൂട്ടിട്ടത്.

സൗദിയേയും, ഈജിപ്തിനേയും നാണം കെടുത്തിയെത്തിയ ആതിഥേയര്‍ക്ക് ലാറ്റിനമേരിക്കന്‍ കളി പിടികിട്ടിയില്ല. ഗ്രൂപ്പ് ചാമ്പ്യന്‍മാരെ നിശ്ചയിച്ച കലിയില്‍ മൂന്ന് ഗോളുകളാണ് റഷ്യന്‍ വലയില്‍ കയറിയത്.

കളിയുടെ ആദ്യ നിമിഷം മുതല്‍ ഉറുഗ്വേ മുന്നേറ്റങ്ങളായിരുന്നു. പത്താം മിനിറ്റില്‍ സുവാരസിന്റെ ഗോളിലൂടെ ഉറുഗ്വേ ലീഡെടുത്തു.

കവാനിയെ ഫൗള്‍ ചെയ്തതിന് ലഭിച്ച കിടിലനൊരു ഫ്രീ കിക്കിലൂടെയാണ് സുവാരസ് റഷ്യന്‍ വല ചലിപ്പിച്ചത്. ഗ്രൗണ്ടിന്റെ മധ്യ ഭാഗത്ത് നിന്ന വലയിലേക്ക് പറന്നിറങ്ങിയ ഗോള്‍ ലാറ്റിനമേരിക്കയുടെ കളി വേറെയാണെന്ന് റഷ്യക്ക് കാണിച്ച് കൊടുത്തു.

ആദ്യ രണ്ട് കളികളും വന്‍ മാര്‍ജിനില്‍ ജയിച്ചെത്തിയ ആതിഥേയരുടെ ദൗര്‍ബല്യങ്ങള്‍ തുറന്നു കാട്ടുന്നതായിരുന്നു ഉറുഗ്വേക്കെതിരായ കളി.. സൂപ്പര്‍ താരം ചെറിഷേവിന്റെ സെല്‍ഫ് ഗോളാണ് രണ്ടാം ഗോളായി റഷ്യന്‍ വലയില്‍ കയറിയത്.

അപകടമൊഴിവാക്കാന്‍ ഡീഗോ ലക്‌സാല്‍റ്റ് നടത്തിയ ശ്രമമാണ് ചെറിഷേവിന്റെ സെല്‍ഫ് ഗോളില്‍ കലാശിച്ചത്.

മുപ്പത്തിയാറാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡും കണ്ട് ഇഗോര്‍ സ്‌മോള്‍നിക്കോവ് പുറത്തായതോടെ ആളെണ്ണത്തിലും റഷ്യ പിന്നിലായി.

പിന്നീട് പത്തുപേരുമായി കളിച്ച റഷ്യക്കെതിരെ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ആളെണ്ണത്തിന്റെ ആനുകൂല്യം മുതലാക്കാന്‍ ഉറുഗ്വേക്കായില്ല.

ഒടുവില്‍ കളിയുടെ അവസാന മിനിറ്റില്‍ സൂപ്പര്‍ താരം എഡിസണ്‍ കവാനി റഷ്യന്‍ ലോകകപ്പിലെ ആദ്യ ഗോള്‍ കണ്ടെത്തി.

കോര്‍ണറില്‍ നിന്നാണ് കവാനി ഗോള്‍ നേടിയത്. കോര്‍ണറില്‍ തലവ വെച്ച ഡീഗോ ഗോഡിന്റെ ഹെഡര്‍ റഷ്യന്‍ ഗോളി തടുത്തിട്ടത് റീ ബൗണ്ടിലൂടെ കവാനി വലയിലെത്തിക്കുകയായിരുന്നു.

ജയത്തോടെ എ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി യുറുഗ്വായി പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here