‘എന്ത് ചതിക്കുഴി വന്നാലും ഞങ്ങള്‍ അവളോടൊപ്പം തന്നെ; എല്ലാം കണ്ടും കേട്ടുമാണ് അവളിരിക്കുന്നത്; നിലപാട് ഉടന്‍ അറിയാം’; നിലപാട് വ്യക്തമാക്കി റിമ

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിനെ താരസംഘടനയായ ‘അമ്മ’യില്‍ തിരിച്ചെടുത്ത സംഭവം ഏറെ വിവാദത്തിന് വഴി വെച്ചിരിക്കുകയാണ്.

സംഭവത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടിയും ഡബ്യുസിസി അംഗവുമായ റിമ കല്ലിങ്കല്‍.

റിമ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞത് ഇങ്ങനെ:

”കഴിഞ്ഞ ഒരു വര്‍ഷമായി അമ്മയുമായി ഈ സംഭവത്തെക്കുറിച്ച് ചര്‍ച്ച തുടരുകയാണ്. എന്നാല്‍ അതൊന്നും മനസിലാകാത്ത രീതിയിലുള്ള നിലപാടാണ് അമ്മ’ സ്വീകരിച്ചത്. ഞങ്ങള്‍ ഗൗരവത്തോടെ ഉന്നയിച്ച പ്രശ്‌നങ്ങള്‍ അമ്മ വളരെ ലാഘവത്തോടെയാണ് കണ്ടത്.”

”ക്രിമിനല്‍ കേസില്‍ പ്രതിയായ, കുറ്റവിമുക്തനാകാത്ത ഒരു വ്യക്തിയെ വീണ്ടും സംഘടനയുടെ ഭാഗമാക്കിയുള്ള ഒരു നിലപാട് അമ്മ എടുക്കുമ്പോള്‍ അത് സംഘടനയിലെ മറ്റുള്ളവരെയും ഇരയെ ഞങ്ങളെയും അറിയിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇനി സംഘടനയില്‍ തുടരേണ്ടതില്ല എന്ന് തന്നെയാണ് തീരുമാനം.”

”അമ്മയില്‍ നിന്ന് വിട്ടുപോയതുകൊണ്ട് സിനിമയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കപ്പെടുമെന്ന് കരുതുന്നില്ല. കുറച്ച് ആളുകളുടെ കൈയില്‍ മാത്രമല്ല, മലയാള സിനിമ.”

”അമ്മയെ എതിര്‍ത്താല്‍ അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന് ഉറപ്പുണ്ട്. അമ്മ ഒരു ജനാധിപത്യസംഘടനയാണെന്ന് തോന്നുന്നില്ല. എന്നാല്‍ കേരളത്തിലെ സമൂഹം അക്രമിക്കപ്പെട്ട നടിയ്‌ക്കൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷ മാത്രമാണുള്ളത്.”

”എന്തൊക്കെയുണ്ടായാലും ഈ പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ല. എന്ത് ചതിക്കുഴി വന്നാലും അവസാനം വരെ ഞങ്ങള്‍ അവളോടൊപ്പം മാത്രമേ നില്‍ക്കൂ. ഇതൊക്കെ കണ്ടും കേട്ടുമാണ് അവളിരിക്കുന്നത്. അവളുടെ നിലപാട് അധികം വൈകാതെ തന്നെ ഉണ്ടാകും.”- റിമ പറഞ്ഞു

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here