‘അനീഷിനെ നുണപരിശോധനയ്ക്ക് വിധേയനാക്കണം’; കെവിന്‍ വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഭാഗം

കെവിന്‍ വധക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിഭാഗം അഭിഭാഷകന്‍. അപകടമരണത്തെ കൊലപാതകം ആക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് പ്രതിഭാഗം കോടതിയില്‍ ആരോപിച്ചു.

കേസിലെ ഏക സാക്ഷി അനീഷിന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്നും, അനീഷിനെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന ആവശ്യമാണ് പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചത്.അതിനിടെ ചാക്കോയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.

കെവിന്‍ വധക്കേസിലെ അഞ്ചാം പ്രതിയും നീനുവിന്റെ പിതാവുമായ ചാക്കോയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് പ്രതിഭാഗം പുതിയ ആവശ്യവുമായി രംഗത്തെത്തിയത്. നിലവില്‍ പൊലീസ് അന്വേഷണം വിശ്വാസയോഗ്യമല്ലെന്നും കേസിലെ സത്യാവസ്ഥ തെളിയിക്കാന്‍ സിബിഐ അന്വേഷണം വേണമെന്നും പ്രതിഭാഗം അഭിഭാഷകന്റെ ആവശ്യം.

രക്ഷപ്പെട്ട് ഓടുന്നതിനിടെ പുഴയില്‍ വീണാണ് കെവിന്‍ മരിച്ചതെന്നും അപകടമരണത്തെ കൊലപാതകമാക്കാനാണ് പൊലീസിന്റെ ശ്രമമെന്നും പ്രതിഭാഗം ആരോപിച്ചു. കേസിലെ ഏക സാക്ഷിയും കെവിന്റെ ബന്ധുവുമായ അനീഷിനെ സംശയത്തിന്റെ നിഴലിലാക്കാനാണ് പ്രതിഭാഗത്തിന്റെ ശ്രമം.

അനീഷ് പലതവണ മൊഴിമാറ്റിയിട്ടുള്ളതിനാല്‍ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. നീനുവിന് മാനസിക രോഗം ഉണ്ടെന്ന് കോടതിയില്‍ വാദിച്ചതിന് പിന്നാലെയാണ് സിബിഐ അന്വേഷണം വേണമെന്ന പുതിയ നീക്കവുമായി പ്രതിഭാഗം രംഗത്തെത്തിയത്.

നീനുവിന്റെ ചികിത്സാ രേഖകള്‍ തെന്‍മലയുടെ വീട്ടില്‍ നിന്നെടുക്കണമെന്ന ചാക്കോയുടെ ആവശ്യം പരിഗണിച്ച് അന്വേഷണസംഘം പോയെങ്കിലും വീട്ടില്‍ നിന്ന് രേഖകള്‍ ഒന്നും തന്നെ ലഭിച്ചില്ലെന്നാണ് സൂചന. അതിനിടെ ചാക്കോയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News