നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനം; മുഖ്യമന്ത്രി പിണറായി വിജയന് ബാള്‍ട്ടിമോര്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്വീകരണം

നിപ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം സ്വീകരിച്ച ചിട്ടയായതും മാതൃകാപരവുമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനമര്‍പ്പിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന് ബാള്‍ട്ടിമോറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സ്വീകരണം നല്‍കുന്നു.

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വൈറസുകള്‍ കണ്ടെത്തുന്നതിനും അവയ്ക്ക് മരുന്നും പ്രതിരോധ കുത്തിവയ്പ്പും രൂപപ്പെടുത്താനും കേരളത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി സ്ഥാപിക്കുന്നതുള്‍പ്പെടെ

കേരളം ആരോഗ്യമേഖലയില്‍ സ്വീകരിക്കുന്ന നൂതനമായ മാതൃകകള്‍ക്ക് അഭിനന്ദനമര്‍പ്പിച്ചുകൊണ്ട് മുഖ്യമന്ത്രിക്കൊപ്പം ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്കും സ്വീകരണം നല്‍കും.

ഫൊക്കാന കണ്‍വെന്‍ഷനെത്തുന്ന മുഖ്യമന്ത്രിക്ക് ജൂലൈ 6ന് 2 മണിക്കാണ് സ്വീകരണം നല്‍കുന്നത്. ഡോക്ടര്‍ റോബര്‍ട്ട് ഗാലെ സ്ഥാപിച്ച ബാള്‍ട്ടിമോര്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വൈറസുകള്‍ക്കെതിരെയുള്ള ഗവേഷണ കേന്ദ്രങ്ങളില്‍ ലോകത്തില്‍ ഏറ്റവും മികച്ച സ്ഥാപനമാണ്.

സിറ്റി ഓഫ് ബാള്‍ട്ടിമോര്‍, സ്‌റ്റേറ്റ് ഓഫ് മെരിലാന്റ്, യൂണിവേഴ്‌സിറ്റി ഓഫ് മെരിലാന്റ് എന്നിവ സംയുക്തമായാണ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്.

ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്വീകരണം നല്‍കുന്ന ആദ്യത്തെ വിദേശ നേതാവാണ് പിണറായി വിജയനെന്ന് കേരളത്തിലെ ഐഎവിയുടെ പ്രവര്‍ത്തനങ്ങളിലെ മുന്‍നിരക്കാരനായ ഡോ. എം വി പിള്ള പറഞ്ഞു.

തോന്നയ്ക്കല്‍ ബയോ ലൈഫ് സയന്‍സ് പാര്‍ക്കിലെ 25 ഏക്കര്‍ കാമ്പസില്‍ ഐഎവിയുടെ കെട്ടിടനിര്‍മ്മാണം മെയ് 30 ന് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തിരുന്നു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേരളം അഭിമുഖീകരിക്കുന്ന വിവിധതരം വൈറസ് പനികളുടെ രോഗനിര്‍ണയത്തിനും തുടര്‍ചികിത്സയ്ക്കുമായി അന്യ സംസ്ഥാനങ്ങലെ ആശ്രയിക്കേണ്ടി വന്നതിനാല്‍ ഡോ. എം വി പിള്ള, ഡോ ശാര്‍ങ്ധരന്‍ എന്നിവരാണ് സംസ്ഥാനത്തിന് സ്വന്തമായൊരു ഗവേഷണ കേന്ദ്രം എന്ന ആവശ്യം മുന്നോട്ട് വച്ചത്.

നിപ പനി മരണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഇതിന്റെ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയാല്‍ രോഗ നിര്‍ണയത്തിനും മറ്റുമായി ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കാനാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe