ഈ സഭാസമ്മേളനവും മാതൃകാപരം; മന്ത്രി എ കെ ബാലന്റെ ലേഖനം

മറ്റൊരു മാതൃക കൂടി കാഴ്ചവച്ചാണ് പതിനാലാം നിയമസഭയുടെ 11‐ാം സമ്മേളനം സമാപിച്ചത്. പൂർണമായും നിയമനിർമാണത്തിന് മാത്രമായി ഒരു സമ്മേളനം.  ഒരു ധനവിനിയോഗ ബിൽ ഉൾപ്പെടെ 15 ബില്ലാണ് 12 ദിവസം നീണ്ട സമ്മേളനം പാസാക്കിയത്.

നിയമസഭയെ നോക്കുകുത്തിയാക്കി ഓർഡിനൻസ് ഭരണം നടത്തിയവർക്ക് മാതൃകയാണ് ഈ സഭയുടെ നടപടികൾ. പുറപ്പെടുവിച്ച 35 ഓഡിനൻസുകൾക്ക് പകരമുള്ള ബില്ലുകളിൽ 32 എണ്ണവും ഈ സമ്മേളനത്തോടെ പാസായി.

മൂന്ന് ഓഡിനൻസുകൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഈ മൂന്ന് ഓഡിനൻസും വരാൻപോകുന്ന ബില്ലോ, ഓഡിനൻസോ അല്ലാതെ സഭയുടെ മുമ്പാകെ മറ്റ് അജൻഡകൾ ഇല്ല.

അടുത്ത ആറ് മാസത്തിനുള്ളിൽ സഭ ചേരുമ്പോൾ അതും പൂർത്തീകരിക്കാവുന്നതേയുള്ളൂ. ഓർഡിനൻസുകൾ ഒരു സർക്കാരിനെ സംബന്ധിച്ച് സ്വാഭാവികമാണ്.

എന്നാൽ, അത് യഥാസമയം നിയമമാക്കുക എന്നതാണ് ധീരമായ നടപടി. ഈ സർക്കാർ വന്നശേഷം ധനവിനിയോഗബില്ലുകൾ ഉൾപ്പെടെ 62 ബില്ലുകൾ സഭയിൽ അവതരിപ്പിച്ച് പാസാക്കി.

രണ്ട് വർഷത്തിനുള്ളിൽ ഇത്രയധികം നിയമനിർമാണം നടത്തിയ ഒരു സർക്കാരും ഉണ്ടാകില്ല.

എന്നാൽ, സഭയിലെ പ്രതിപക്ഷനിലപാടുകൾ ഖേദകരമായിരുന്നു. ചെങ്ങന്നൂരിലെ ദയനീയ തോൽവിയും കോൺഗ്രസിലെ കലാപവും രാജ്യസഭാ സീറ്റ് കെ എം മാണിക്ക് അടിയറവച്ചതും സൃഷ്ടിച്ച ജാള്യതയും രാഷ്ട്രീയപ്രതിസന്ധിയും മൂടിവച്ച് മാധ്യമങ്ങളുടെ ശ്രദ്ധനേടാനുള്ള തത്രപ്പാടിലായിരുന്നു പ്രതിപക്ഷം.

സർക്കാരിനെ പ്രതിപക്ഷം വിമർശിക്കുന്നതിൽ എതിർപ്പില്ല. എന്നാൽ ക്രിയാത്മക വിമർശത്തിന് അപ്പുറം മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് അടിയന്തരപ്രമേയംമുതൽ നിയമനിർമാണംവരെയുള്ള എല്ലാ അജൻഡകളിലും പ്രതിപക്ഷം ശ്രമിച്ചത്. മുഖ്യമന്ത്രിയോടുള്ള അസഹിഷ്ണുതയായിരുന്നു പ്രതിപക്ഷനിലപാടിന്റെ ആകത്തുക.

12 അടിയന്തര പ്രമേയങ്ങൾക്കാണ് പ്രതിപക്ഷം അവതരണാനുമതി തേടിയത്. രണ്ടെണ്ണത്തിന് സ്പീക്കർ അവതരണാനുമതി നൽകിയില്ല.

രണ്ടും വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാലാണിത്. നിപാ വൈറസ് ബാധയെ സംബന്ധിച്ച പ്രമേയത്തിന് അനുമതി നൽകുകയും സഭ അത് ചർച്ച ചെയ്യുകയും ചെയ്തു.

വരാപ്പുഴ കസ്റ്റഡി മരണം, കെവിന്റെ ദുരഭിമാനക്കൊല, ആലുവയിൽ പൊലീസും യുവാവും തമ്മിലുള്ള കൈയേറ്റം, ക്യാമ്പ് ഫോളോവേഴ്സ്മാരെ പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥർ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തുടങ്ങിയ വിഷയങ്ങളായിരുന്നു അടിയന്തര പ്രമേയത്തിലേറെയും.

ലോക്കപ്പ് മർദനവും കസ്റ്റഡി മരണവും എൽഡിഎഫ് സർക്കാർ അംഗീകരിക്കില്ലെന്നും പൊലീസ് എന്ന പരിഗണനപോലും നൽകാതെ കുറ്റക്കാരായ പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.

ആലുവയിലെ സംഭവത്തെ വർഗീയവൽക്കരിക്കാനാണ് അടിയന്തര പ്രമേയത്തിലൂടെ യുഡിഎഫ് ശ്രമിച്ചത്. പരിക്കേറ്റ വനിതാപൊലീസിനെ വരെ ആശുപത്രിയിൽ കയറി ആക്രമിച്ചവരുടെ പൂർവകാല ചരിത്രം മുഖ്യമന്ത്രി വെളിപ്പെടുത്തിയപ്പോൾ മതവികാരം ഉയർത്തി  പ്രതിരോധിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്.

തീവ്രവാദികളെ എന്തിനാണ് പ്രതിപക്ഷം ന്യായീകരിക്കുന്നത് എന്ന മുഖ്യമന്ത്രിയുടെ ചോദ്യം പ്രതിപക്ഷത്തെ പൊള്ളിച്ചു. പൊലീസ് സേനയിൽ ആശാസ്യമല്ലാത്ത പ്രവണത അനുവദിക്കില്ലെന്നും ഉന്നത ഉദ്യോഗസ്ഥർ മറ്റ് ജീവനക്കാരെ വ്യക്തിപരമായ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നത് അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സഭാനടപടികൾ അലങ്കോലപ്പെടുത്താൻ എത്ര കിണഞ്ഞുശ്രമിച്ചിട്ടും അജൻഡ പ്രകാരമുള്ള എല്ലാ നടപടികളും എല്ലാ ദിവസവും സഭ പൂർത്തിയാക്കി.

എന്നാൽ, മലബാർ സിമെന്റ്സിന്റെ അഴിമതിയുമായി ബന്ധപ്പെട്ട് കോടതിയിൽനിന്ന‌് ഫയൽ കാണാതായ സംഭവം  പ്രതിപക്ഷം അടിയന്തരപ്രമേയമായി സഭയിൽ കൊണ്ടുവരാതിരുന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

പ്രതികളെ ഈ കേസിൽനിന്ന‌് ഒഴിവാക്കാൻ ഉമ്മൻചാണ്ടി സർക്കാരെടുത്ത തീരുമാനം മൂടിവയ‌്ക്കാനും അത് ചർച്ചചെയ്യപ്പെടാതിരിക്കാനുമാണ് പ്രതിപക്ഷം ശ്രമിച്ചത്.

ഓഡിനൻസിന് പകരമുള്ള 14 ബില്ലാണ് പാസാക്കിയത്. അനധികൃത കെട്ടിടനിർമാണങ്ങൾ നിയന്ത്രിക്കുന്നതിനും 2017 ജൂലൈ 31 വരെ നടത്തിയ കെട്ടിടനിർമാണങ്ങൾ ക്രമവൽക്കരിക്കുന്നതുമായ 2018ലെ കേരള മുനിസിപ്പാലിറ്റി ഭേദഗതി ബിൽ, 2018ലെ കേരള പഞ്ചായത്ത് രാജ് ഭേദഗതി ബിൽ,

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സ്വത്ത് വിവര സ്റ്റേറ്റ്മെന്റ് നൽകാനുള്ള സമയം 15 മാസത്തിൽ നിന്ന‌് 30 മാസമാക്കി ഭേദഗതി ചെയ്യുന്ന 2018ലെ കേരള മുനിസിപ്പാലിറ്റി രണ്ടാംഭേദഗതി ബിൽ, 2018ലെ കേരള പഞ്ചായത്ത് രാജ് രണ്ടാം ഭേദഗതി ബിൽ എന്നിവ സഭ പാസാക്കി.

കേരള സർവകലാശാല ഭേദഗതി ബിൽ, എല്ലാ സർവകലാശാലകളിലെയും അധ്യാപകരുടെ വിരമിക്കൽ പ്രായം തുല്യമാക്കുന്ന 2018ലെ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ഭേദഗതി ബിൽ,

2018ലെ കേരള സർവകലാശാല സെനറ്റിന്റെയും സിൻഡിക്കറ്റിന്റെയും താൽക്കാലിക ബദൽക്രമീകരണം ബിൽ, 2018ലെ എ പി ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാല ഭേദഗതി ബിൽ,

2018ലെ സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഭേദഗതി ബിൽ, തിരുവിതാംകൂർ‐കൊച്ചി ഹിന്ദുമതസ്ഥാപനം ഭേദഗതി ബിൽ എന്നിവയും പാസാക്കി.

കേരള ഡാം സേഫ്റ്റി അതോറിറ്റിയിൽ ഐജി പദവിയിൽ കുറയാത്ത ഒരു പൊലീസ് ഉദ്യോഗസ്ഥനെ നിയമിക്കുന്ന ഭേദഗതി ബില്ലാണ് 2018ലെ കേരള ജലസേചനവും ജലസംരക്ഷണവും ഭേദഗതി ബിൽ.

നിയമപ്രകാരം വിജ്ഞാപനംചെയ്യാത്ത ഭൂമി വീട് നിർമാണത്തിനും വാണിജ്യ ആവശ്യത്തിനും ഉപയോഗിക്കാൻ ആർഡിഒയുടെ അനുമതി ലഭ്യമാക്കണമെന്ന വ്യവസ്ഥയും സർക്കാർ പദ്ധതികൾക്ക് സ്ഥലം ലഭ്യമാകുന്ന വ്യവസ്ഥകളും ഉൾപ്പെടുത്തിയതാണ് 2018ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ഭേദഗതി ബിൽ.

ബിൽ പാസാക്കുന്നതിനുമുമ്പ‌് പ്രതിപക്ഷം നടത്തിയ പ്രതിഷേധം അപഹാസ്യമായിരുന്നു. നെൽപ്പാടം കരഭൂമിയാക്കുന്നതിന് ഭേദഗതി കൊണ്ടുവരികയും 93,000 ഏക്കർ നെൽപ്പാടം നികത്തുന്നതിനും ഒത്താശ ചെയ്തത് കഴിഞ്ഞ യുഡിഎഫ് സർക്കാരായിരുന്നു.

ഈ സർക്കാർ വന്ന ശേഷം 3 (എ) വകുപ്പ് ഭേദഗതി ചെയ്ത് നെൽപ്പാടങ്ങൾ സംരക്ഷിച്ചു. ഇത് മറച്ചുവച്ചുകൊണ്ടായിരുന്നു പ്രതിഷേധനാടകം.

മുഖ്യമന്ത്രി ഇതടക്കമുള്ള വസ്തുതകൾ സഭയിൽ പറയുന്നത് കേൾക്കാതെ പ്രതിപക്ഷം സഭ വിട്ടു.

മദ്യംവാങ്ങാനുള്ള പ്രായപരിധി 21 വയസ്സിൽനിന്ന‌് 23 വയസ്സാക്കുന്ന 2018 ലെ അബ്കാരി ഭേദഗതി ബില്ലും  2018ലെ കേരള ഹൈക്കോടതി ഭേദഗതി ബില്ലും സഭ പാസാക്കി.

വാഹനാപകട നഷ്ടപരിഹാരക്കേസുകളിൽ പരിധി കൂടാതെയും മറ്റ് കേസുകളിൽ 40 ലക്ഷം രൂപ വരെയുമുള്ള അവകാശവാദങ്ങൾ സംബന്ധിച്ച അപ്പീൽ കേസുകൾ ഹൈക്കോടതി സിംഗിൾ ജഡ്ജിക്ക് പരിഹരിക്കാം എന്നതാണ് നിയമത്തിലെ ഭേദഗതി. നിലവിൽ ഇത് ഒരുലക്ഷം രൂപവരെയാണ്.

റെയിൽവേയും കേന്ദ്ര സർക്കാരും സംസ്ഥാനത്തോട് കാണിക്കുന്ന അവഗണന, കഞ്ചിക്കോട് കോച്ച് ഫാക്ടറി, റെയിൽവേ സോൺ എന്നിവയുടെ നിഷേധം,

പെട്രോൾ ഡീസൽ വിലവർധന, തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങൾ, സിനിമാമേഖലയിലെ നികുതിവെട്ടിപ്പ്, റബർ കർഷകരോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണന,

കാലവർഷക്കെടുതി, സാന്ത്വന ചികിത്സയും വയോജനപരിപാലനവും തുടങ്ങി നിരവധി ജനകീയപ്രശ്നങ്ങൾ അംഗങ്ങൾ സഭയുടെ ശ്രദ്ധയിൽക്കൊണ്ടുവന്നു.

പാലക്കാട് ഇൻസ്ട്രുമെന്റേഷൻ സർക്കാർ ഏറ്റെടുക്കുമെന്ന് വ്യവസായമന്ത്രി സഭയെ അറിയിച്ചു. അഗതിമന്ദിരങ്ങളിലെ എല്ലാ അന്തേവാസികൾക്കും റേഷൻ നൽകുമെന്നും പാലക്കാട് ജില്ലയിലെ കർഷകർക്ക് സബ്സിഡി അനുവദിക്കുമെന്നും അന്യഭാഷാ ചലച്ചിത്രങ്ങൾക്ക് വിനോദനികുതി ഏർപ്പെടുത്തുമെന്നും

കാലവർഷക്കെടുതിയിൽ മരിച്ചവരുടെ ആശ്രിതർക്ക് നാല് ലക്ഷം രൂപ വീതം നൽകുമെന്നും മെഡിക്കൽ കോളേജുകളിൽ സ്ഥിരം ഐസൊലേഷൻ വാർഡുകൾ തയ്യാറാക്കുമെന്നും മന്ത്രിമാർ സഭയെ അറിയിച്ചു.

പിന്നോക്കവിഭാഗങ്ങളിലെ മിശ്രവിവാഹിതരുടെ മക്കൾക്ക് ഒബിസി ആനുകൂല്യത്തിന് ക്രീമിലെയർ നിശ്ചയിക്കുന്നതിന് മാതാപിതാക്കളുടെ സാമൂഹ്യപദവി നിശ്ചയിക്കാൻ മാനദണ്ഡം കൊണ്ടുവരുമെന്നും സഭയെ അറിയിച്ചു.

മെഡിക്കൽ കൗൺസിൽ പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ ഈ വർഷം പ്രവേശനം തടഞ്ഞതിനെ തുടർന്ന് അത് പുനഃസ്ഥാപിക്കാൻ സർക്കാർ സ്വീകരിച്ച നടപടികളും കോടതി അനുകൂലവിധി പുറപ്പെടുവിച്ചതും മന്ത്രി എ കെ ബാലന്‍ സഭയെ അറിയിച്ചു.

14 ഇനം അവശ്യസാധനങ്ങൾ സബ്സിഡി നിരക്കിലും 28 ഇനം ഭക്ഷ്യവസ്തുക്കൾ പൊതുവിപണിയേക്കാൾ 20 ശതമാനം വിലക്കുറവിലും പ്രീ‐സെയിൽ സബ്സിഡി നിരക്കിൽ നൽകുമെന്ന് ഭക്ഷ്യ‐സിവിൽ സപ്ലൈസ്  മന്ത്രി പറഞ്ഞു.

സാന്ത്വനപരിചരണ രംഗത്തെ സംഘടനകളുടെ പ്രവർത്തനം ഏകോപിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

ചട്ടം 300 പ്രകാരം രണ്ട് പ്രസ്താവനകൾ മുഖ്യമന്ത്രിയും ഒരു പ്രസ്താവന കൃഷിമന്ത്രിയും സഭയിൽ നടത്തി. കാലവർഷക്കെടുതികൾ പരിഹരിക്കുന്നതിന് സർക്കാർ സ്വീകരിച്ച നപടികളും നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളും സംബന്ധിച്ചും തോട്ടംതൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികൾ സംബന്ധിച്ചും ആണ്  മുഖ്യമന്ത്രി പ്രസ്താവന നടത്തിയത്.

കാർഷിക കടങ്ങളുടെ കാലാവധി ദീർഘിപ്പിക്കുന്നത് സംബന്ധിച്ച പ്രസ്താവനയാണ് കൃഷിമന്ത്രി നടത്തിയത്.

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ സജി ചെറിയാൻ സഭാംഗമായി ആദ്യദിവസംതന്നെ സത്യപ്രതിജ്ഞ ചെയ്തു.

അടുത്ത നിയമസഭാസമ്മേളനംമുതൽ സഭയുടെ സമയക്രമം രാവിലെ 9 മുതൽ 2 വരെയാക്കുന്ന ചട്ടങ്ങൾ സംബന്ധിച്ച സമിതിയുടെ റിപ്പോർട്ട് സഭ അംഗീകരിച്ചു.

42 വർഷത്തിന് ശേഷമാണ് ഈ മാറ്റം. സ്ത്രീകളുടെയും കുട്ടികളുടെയും വികലാംഗരുടെയും ക്ഷേമം സംബന്ധിച്ച സമിതിയുടെ പരിഗണനാവിഷയങ്ങളിൽ ഭിന്നലിംഗക്കാരുടെ പ്രശ്നങ്ങൾകൂടി ഉൾപ്പെടുത്തുകയും സമിതിയുടെ പേര് സ്ത്രീകളുടെയും ഭിന്നലിംഗക്കാരുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി എന്നാക്കിമാറ്റുകയും ചെയ്തു.

ഇ‐നിയമസഭ എന്ന ആശയം നടപ്പാക്കുന്നതിന് ആവശ്യമായ മറ്റ് ചില ഭേദഗതികളും നടപടിച്ചട്ടങ്ങളിൽ വരുത്തി. 360 നക്ഷത്രച്ചിഹ്നമിട്ട ചോദ്യങ്ങളും 4293 നക്ഷത്രച്ചിഹ്നമിടാത്ത ചോദ്യങ്ങളും സഭയുടെ മുമ്പാകെ വന്നു.

ഭൂരിപക്ഷം മന്ത്രിമാരും എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here