അമ്മയുടേത് കുറ്റാരോപിതനെ വെള്ളപൂശാനുള്ള ശ്രമമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍; ഡബ്ല്യുസിസിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ അമ്മക്ക് ബാധ്യതയുണ്ട്

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ തിരിച്ചെടുത്ത ‘അമ്മ’യുടെ നിലപാട് അപലപനീയമാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി.

ഏതാനും മാസംമുമ്പാണ് മലയാളി നടിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ നടന്‍ ദിലീപ് പ്രതി ചേര്‍ക്കപ്പെട്ടതും തുടര്‍ന്ന് അമ്മയുടെ അംഗത്വത്തില്‍നിന്നു പുറത്താക്കിയതും.

കഴിഞ്ഞദിവസം അതേ സംഘടനയുടെ ജനറല്‍ ബോഡിയില്‍ ദിലീപ് പങ്കെടുത്തതായിട്ടാണ് കാണുന്നത്. സിനിമാരംഗത്തെ നൂറുകണക്കിന് സ്ത്രീകളും അംഗങ്ങളായ സംഘടനയാണിത്.

പീഡനത്തിന് ഇരയായി അപമാനിക്കപ്പെട്ട പെണ്‍കുട്ടിയും ഈ സംഘടനയില്‍ അംഗമാണെന്നാണ് മനസിലാകുന്നത്. പീഡനത്തെത്തുടര്‍ന്ന് ചാര്‍ജ് ചെയ്യപ്പെട്ട കേസ് വിചാരണ പൂര്‍ത്തിയാക്കപ്പെട്ടിട്ടില്ല. അതിനിടയിലാണ് കുറ്റാരോപിതനായ നടന്‍ ദിലീപ് സംഘടനയുടെ യോഗത്തില്‍ പങ്കെടുത്തത്.

പീഡനത്തിന് ഇരയായിട്ടുള്ള പെണ്‍കുട്ടിക്ക് പരിരക്ഷ ഉറപ്പുവരുത്താന്‍ ബാധ്യതപ്പെട്ട താരസംഘടന അത് ചെയ്യാതെ കുറ്റാരോപിതനെ വെള്ളപൂശാനുള്ള ശ്രമമാണ് നടത്തുന്നത്.

ഈ സംഘടനയുടെ കമ്മിറ്റികളില്‍ ഒന്നുംതന്നെ സ്ത്രീയുടെ സാന്നിധ്യംപോലും ഇല്ലായെന്നത് ശ്രദ്ധേയമാണ്. തീര്‍ത്തും പുരുഷാധിപത്യപരമായ സമീപനമാണ് ഈ സംഘടന കൈക്കൊണ്ടുവരുന്നത്.

നടി പീഡനത്തിനിരയായിട്ടുള്ള സന്ദര്‍ഭത്തിലും സംഭവത്തെ അപലപിക്കാന്‍ പോലും ആദ്യഘട്ടത്തില്‍ സംഘടനാ നേതൃത്വം തയ്യാറായിരുന്നില്ല. സംഘടനയ്ക്കകത്തെ അംഗങ്ങളായ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍പോലും ഈ സംഘടനയ്ക്ക് കഴിയില്ലെന്നത് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മലയാള സിനിമാരംഗത്തെ സ്ത്രീപ്രവര്‍ത്തകര്‍ വിമെന്‍സ് കളക്ടീവ് ഇന്‍ സിനിമ എന്നപേരില്‍ പ്രത്യേക സംഘടനയ്ക്ക് രൂപംകൊടുത്തത്.

ഇപ്പോള്‍ ‘അമ്മ’യ്ക്കു മുമ്പാകെ പ്രധാനപ്പെട്ട ഏഴ് ചോദ്യങ്ങളുയര്‍ത്തിയിരിക്കുകയാണ്. ഇപ്പോഴെങ്കിലും അതിനു മറുപടി പറയാന്‍ അതിന്റെ തലപ്പത്ത് ഇരിക്കുന്നവര്‍ക്ക് ബാധ്യതയുണ്ട്. ആ ഉത്തരവാദിത്തം നിറവേറ്റാതെ കളക്ടീവ് പ്രവര്‍ത്തകരെ അപമാനിക്കുന്ന നിലപാട് തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്.

സ്വന്തം വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സിനിമാരംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാനുള്ള ആര്‍ജവം കളക്ടീവ് ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുകയാണ്. കളക്ടീവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അസോസിയേഷന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകും.

അന്തസ്സോടെ ആത്മാഭിമാനത്തോടെ ജോലിചെയ്യാന്‍ കഴിയുന്ന ഒരു അന്തരീക്ഷം ഉണ്ടാക്കിയെടുക്കാനുള്ള എല്ലാവിധ സഹായങ്ങളും അസോസിയേഷന്റെ ഭാഗത്തുനിന്നുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel