നൈജീരിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ മാര്‍ക്കസ് റോജോ വിജയ ഗോള്‍ നേടിയപ്പോള്‍ ഗാലറിയില്‍ അശ്ലീല ആംഗ്യത്തോടെ വിജയാഹ്ലാദം കാട്ടിയ ഡീഗോ മറഡോണ വിവാദത്തില്‍.

ഗാലറിയിലേക്ക് നോക്കി ഇരുകൈകളുമുയര്‍ത്തി അശ്ലീല ആംഗ്യം കാണിച്ചതാണ് വിവാദംക്ഷണിച്ചു വരുത്തിയത്. നിമിഷങ്ങള്‍ക്കകം മറഡോണയുടെ ഈ നടപടി വിമര്‍ശനങ്ങളേറ്റുവാങ്ങി. മറഡോണയെപ്പോലൊരാള്‍ ഇങ്ങനെ ചെയ്യരുതായിരുന്നുവെന്ന് നിരവധിപ്പേര്‍ പ്രതികരിച്ചു.

ലയണല്‍ മെസിയെന്ന സൂപ്പര്‍ താരം സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ മൈതാനത്ത് മിന്നും ഗോള്‍ നടിയപ്പോള്‍ ഗാലറില്‍ തുള്ളിച്ചാടിയവരില്‍ മറഡോണയുണ്ടായിരുന്നു.

നൈജീരിയയ്‌ക്കെതിരെ ഓരോതവണയും മെസിയും കൂട്ടരും മുന്നേറ്റങ്ങള്‍ നടത്തുമ്പോഴും മറഡോണ ആവേശം കൊണ്ടു. ആദ്യ പകുതിയുടെ 14ാം മിനിറ്റില്‍ മെസി ഗോളടിച്ചപ്പോള്‍ തുള്ളിച്ചാടുന്ന മറഡോണയെയാണ്

ഗാലറിയില്‍ കണ്ടത്. രണ്ടാം പകുതിയില്‍ പെനാള്‍റ്റിയിലൂടെ നൈജീരിയ ഗോള്‍ തിരിച്ചടിച്ചപ്പോഴാകട്ടെ നിരാശയോടെ തലകുനിച്ചിരിക്കുകയായിരുന്നു മറഡോണ.

കളിയുടെ അവസാന നിമിഷത്തില്‍ മാര്‍ക്കസ് റോജോ അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയപ്പോ!ഴാകട്ടെ മതിമറന്നുള്ള ആഹ്ലാദത്തിലാണ് ഇതിഹാസ താരം അശ്ലീല ആംഗ്യം കാട്ടിയത്.

പിന്നീട് വിജയാഘോഷത്തിനിടെ മറഡോണ ഗാലറിയില്‍ തന്നെ കുഴഞ്ഞുവീ!ഴുകയും ചെയ്തു. ഉടന്‍തന്നെ വിദഗ്ദസംഘം അദ്ദേഹത്തിന് പ്രാഥമിക ചികിത്സ നല്‍കി.

രക്തസമ്മര്‍ദ്ദം വര്‍ധിച്ചതാണ് മറഡോണയ്ക്ക് ശാരീരിക ക്ഷീണമുണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ചികിത്സയ്ക്ക് വിധേയനായ മറഡോണയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്നും അദ്ദേഹത്തിന് നടക്കാന്‍ സാധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഫുട്‌ബോള്‍ ലോകത്ത് നിന്ന് വിട്ട ശേഷം മയക്കുമരുന്നിന് അടിമയായ മറഡോണ 2007ല്‍ കടുത്ത ശാരീരിക അവശതകളെ തുടര്‍ന്ന് ഏറെക്കാലം ചികിത്സയിലായിരുന്നു.